എന്‍ഗിഡി കൊടുങ്കാറ്റില്‍: ഇന്ത്യ വീണു
സെഞ്ചൂറിയന്‍: അരങ്ങേറ്റ ടെസ്റ്റ് ഏഴ് വിക്കറ്റുകളും കളിയിലെ കേമന്‍ പട്ടവും സ്വന്തമാക്കി അവിസ്മരണീയമായി ആഘോഷിച്ച ലുംഗി എന്‍ഗിഡിയുടെ മാരക ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ രണ്ടാം ടെസ്റ്റ് 135 റണ്‍സിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഫ്രീഡം പരമ്പര സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 2-0ത്തിനാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്‌നം ഇന്ത്യയെ സംബന്ധിച്ച് ഇനിയും കാത്തിരിക്കേണ്ട ലക്ഷ്യമായി അവശേഷിക്കുകയും ചെയ്തു.
ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 335ഉം രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സുമാണ് കണ്ടെത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 307 റണ്‍സിലാണ് അവസാനിച്ചത്. 287 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യന്‍ നിരയുടെ ചെറുത്ത് നില്‍പ്പ് 151 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക വിജയവും ഒപ്പം പരമ്പരയും ചേര്‍ത്തുപിടിച്ചത്. ഇതോടെ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് മാനം രക്ഷിക്കുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി.
35 റണ്‍സിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണ് പരുങ്ങിയടിച്ചാണ് ഇന്ത്യ അവസാന ദിനത്തില്‍ ബാറ്റിങ് തുടങ്ങിയത്. ആറ് വിക്കറ്റുകള്‍ രണ്ടാം ഇന്നിങ്‌സില്‍ കൊയ്താണ് എന്‍ഗിഡിയുടെ സംഹാര താണ്ഡവം. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കഗിസോ റബാഡ പുതുമുഖ താരത്തിന് മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ ഇന്ത്യന്‍ പതനം പൂര്‍ണമായി.
മധ്യനിരയില്‍ 74 പന്തുകള്‍ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും പറത്തി 47 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നാണിപ്പിച്ച് മുഹമ്മദ് ഷമി 24 പന്തില്‍ അഞ്ച് ഫോറുകളുടെ അകമ്പടിയില്‍ 28 റണ്‍സ് വാരിയതും ഇന്ത്യക്ക് ആശ്വാസിക്കാന്‍ വക നല്‍കി. ചേതേശ്വര്‍ പൂജാര, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ 19 വീതം റണ്‍സെടുത്ത് രണ്ടക്കം കടന്നു. മറ്റൊരു ബാറ്റ്‌സ്മാനും സ്‌കോര്‍ രണ്ടക്കത്തിലെത്തിക്കാനും സാധിച്ചില്ല. നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു.
മുരളി വിജയ് (ഒന്‍പത്), കെ.എല്‍ രാഹുല്‍ (നാല്), കോഹ്‌ലി (അഞ്ച്), പാണ്ഡ്യ (ആറ്), ആര്‍ അശ്വിന്‍ (മൂന്ന്), ബുമ്‌റ (രണ്ട്) എന്നിവരാണ് മറ്റ് ഇന്ത്യന്‍ സ്‌കോറര്‍മാര്‍. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതല്‍ 28 വരെ ജൊഹന്നാസ്ബര്‍ഗില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."