ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉള്‍പ്പെടെ 12 പേര് അറസ്റ്റില്‍
തലപ്പാടി: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധവുമായെത്തിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉള്‍പ്പെടെ 12 പേരെ ഉള്ളാള്‍ പൊലിസ് അറസ്റ്റ് ചെയ്തു. റോഡ് പണി പൂര്‍ത്തിയാവാതെ നടത്തുന്ന ടോള്‍ പിരിവിനെതിരേ നേരത്തെയുണ്ടായ പ്രതിഷേധം കാരണം ടോള്‍ പിരിക്കുന്നതു മാറ്റി വച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്.
ഇതില്‍ പ്രതിഷേധിച്ച് ടോള്‍ ബൂത്തിലേക്ക് പ്രകടനം നടത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹര്‍ഷദ് വൊര്‍ക്കാടി, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, മുസ്്ലിം യൂത്ത് ലീഗ് നേതാക്കളായ സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, വിവിധ സംഘടനാ പ്രതിനിധികളായ സിദ്ദിഖ് തലപ്പാടി, ഗണേഷ് ഷെട്ടി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
തലപ്പാടി മുതല്‍ മംഗളൂരു വരെ പലയിടത്തും റോഡ് പണി പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് നേതൃത്വത്തില്‍ ഇന്നു രാവിലെ ധര്‍ണ നടത്താനും പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."