തൊഴില്‍ കരാര്‍ സംബന്ധിച്ച പുതിയ ഫോം പുറത്തിറക്കി
ദോഹ: തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും തൊഴില്‍ മാറ്റം, കാരാര്‍ അവസാനിപ്പിക്കല്‍, രാജ്യം വിടല്‍ എന്നിവ സംബന്ധിച്ച് പരസ്പരം അറിയിക്കുന്നതിന് ഭരണവികസനതൊഴില്‍സാമൂഹിക കാര്യ മന്ത്രാലയം രണ്ടു ഫോമുകള്‍ പുറത്തിറക്കി. തൊഴിലാളിക്ക് തൊഴിലുടമയെയും തൊഴിലുടമയക്ക് തൊഴിലാളിയെയും കാര്യങ്ങള്‍ അറിയിക്കുന്നതിനുള്ള ഫോം പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും നിയന്ത്രിക്കുന്നതിനുള്ള 2015ലെ 21ാം നമ്പര്‍ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുറത്തിറക്കിയത്.
ആദ്യത്തെ ഫോം തൊഴിലാളിക്ക് കരാര്‍ അവസാനിപ്പിക്കല്‍, രാജ്യം വിടല്‍, ജോലി മാറല്‍ എന്നിവ സംബന്ധിച്ച് അറിയിക്കുന്നതിനുള്ളതാണ്. ഇതില്‍ തൊഴിലാളി മാത്രം ഒപ്പിട്ടാല്‍ മതി. ഫോം പൂരിപ്പിക്കുമ്പോള്‍ തന്റെ തീരുമാനത്തിനുള്ള കാരണങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കണം. തൊഴിലുടമയുടെ പീഡനം കാരണം രാജ്യം വിടുന്നു, അനിശ്ചിതകാല കരാറില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ജോലി മാറ്റത്തിന്, തൊഴിലുടമയെ മാറുന്നതിന്റെ ഭാഗമായി തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ (തൊഴിലുടമയുടെ ചൂഷണം സ്ഥിരീകരിക്കപ്പെട്ടാല്‍), നിശ്ചിത കരാര്‍ കാലാവാധിക്കു ശേഷം തൊഴിലുടമയെ മാറുന്നതിന്, വീട്ടുജോലിക്കാര്‍ക്ക് ജോലി മാറുന്നതിന് എന്നീ കാരണങ്ങളാണ് ഫോമില്‍ തിരഞ്ഞെടുക്കാനായി പറഞ്ഞിരിക്കുന്നത്.
തൊഴിലാളിയും തൊഴിലുടമയും രഞ്ജിപ്പിലെത്തി തീരുമാനമെടുക്കുമ്പോഴാണ് രണ്ടാമത്തെ ഫോം ഉപയോഗിക്കേണ്ടത്. ഇതില്‍ രണ്ടു പേരും ഒപ്പിട്ടിരിക്കണം. ഈ ഫോമും പൂരിപ്പിക്കുമ്പോള്‍ തീരമാനമെടുക്കാനുള്ള കാരണം പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോമുകള്‍ അറബിയില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. കൃത്യമായി പൂരിപ്പിച്ച് നിശ്ചിത സ്ഥലത്ത് ഒപ്പുവച്ച ശേഷം സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനില്‍ അറ്റാച്ച് ചെയ്താണ് ജോലി മാറ്റത്തിന് വേണ്ടി അപേക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."