എത്യോപ്യന്‍ പ്രതിപക്ഷ നേതാവ് മേരേര ഗുഡിനാ ജയില്‍ മോചിതനായി
അഡിസ് അബാബ: എത്യോപ്യന്‍ പ്രതിപക്ഷ നേതാവ് മേരേര ഗുഡിനാ ജയില്‍ മോചിതനായി.
ഒരു വര്‍ഷം നീണ്ടു നിന്ന ജയില്‍ വാസത്തിനു ശേഷമാണ് മോചനം. രാഷ്ട്രത്തിന്റെ ഐക്യവും ജനാധിപത്യത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് നടപടി. ജയിലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് മാപ്പ് നല്‍കുമെന്ന് രണ്ടാഴ്ച്ച മുന്‍പ് പ്രധാനമന്ത്രി ഡെസലാഗന്‍ ഹൈലിമിറിയം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മേരേര ഗുഡിനായെ ജയില്‍ മോചിതനാക്കുന്നത്.നൂറോളം തടവുകാരും അദ്ദേഹത്തോടൊപ്പം മോചിതരായിട്ടുണ്ട്.
2015 നവംബറില്‍ എത്യോപ്യയിലെ ഒരാമിയ പ്രവിശ്യയില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്ന 500പേര്‍ക്ക് നേരത്തെ സര്‍ക്കാര്‍ മാപ്പ് നല്‍കിയിരുന്നു.
ജയില്‍ മോചിതനായതില്‍ സന്തോഷമുണ്ടെന്ന് മേരെര പ്രതികരിച്ചു. രാഷ്ടീയ സംഘടനകളുമായി സര്‍ക്കാര്‍ സത്യസന്ധമായ ചര്‍ച്ചകള്‍ നടത്തി എത്യോപ്യയെ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പാര്‍ലമെന്റ് അംഗമായിരുന്ന ഞാന്‍ ഒരിക്കലും നിയമലംഘനം നടത്തിയിട്ടില്ലായെന്നും എന്നും നിയമത്തെ ബഹുമാനിച്ചിട്ടെയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്മനാടായ ബുറയൂവില്‍ ആയിരകണക്കിന് ആളുകളാണ് മേരേരയെ സ്വീകരിക്കാനായി എത്തിയത്.
ജയിലിലടക്കലും ഗൂഢാലോചനയെന്നും ഒറോമയിലെ സമരത്തെ വിപരീതമായി ബാധിച്ചിട്ടില്ലായെന്ന് അഡിസ് സ്റ്റാന്റഡ് ചിത്രങ്ങള്‍ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വോളേഗാ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായ റുഫീല്‍ ഡിസാസയും ജയില്‍ മോചിതനായിട്ടുണ്ട്. എന്നാല്‍ ഒ.എഫ്.സിയുടെ ഡപ്യൂട്ടി ചെയര്‍മാനായ ബേക്കലേ ഗര്‍ബ ഇനിയും മോചിതനായിട്ടില്ല.
ഓറോമയില്‍ നടന്ന പ്രതിഷേധത്തില്‍ അന്ന് 900പേര്‍ മരിക്കുകയും പതിനായിരകണക്കിന് ആളുകളെ സുരക്ഷ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയെ കുറിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ബ്രിസല്‍സില്‍ നിന്ന് തിരിച്ചു വരുന്ന വഴി 2016 ഡിസംബറിലാണ് മേരേരയെ അറസ്റ്റ് ചെയ്യുന്നത്. കലാപങ്ങളെ പ്രാത്സാഹിപ്പിച്ചു, പല ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയെന്ന കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."