കേരളവുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് ബഹ്‌റൈന്‍
മനാമ: കേരളവുമായി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയും മുഖ്യമന്ത്രിയെ അറിയിച്ചു.
വ്യാഴാഴ്ച ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ഡെപ്യൂട്ടി കിംഗും കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി വ്യഴാഴ്ച കൂടിക്കാഴ്ച നടത്തി.
കേരളവുമായി എല്ലാ അര്‍ഥത്തിലും സഹകരിക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സാംസ്‌കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെല്ലാം കേരളവുമായി ഉഭയകകക്ഷി ബന്ധം ശക്തമാക്കും.
മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണ്. മലയാളികള്‍ സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരും ഈ നാടിന്റെ പുരോഗതിയില്‍ പങ്കുവഹിക്കുന്നവരുമാണ്. കേരളത്തിന്റെ മാനവ വിഭവശേഷി പ്രധാനപ്പെട്ടതാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളികളുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ പിതാമഹന്മാർ മുതല്‍ കേരളവുമായും മലയാളികളുമായും ഊഷ്മളമായ ബന്ധമാണുള്ളത്. പിതാമഹന്‍റെ ഡ്രൈവര്‍ മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് ബഹ്‌റൈനികളാണ്. തനിക്കു കീഴില്‍ 2000 ല്‍ അധികം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
കേരളത്തിന്റെ സമ്മാനമായി ചുണ്ടന്‍ വളളം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്വീകരിച്ചു.
തുടര്‍ന്ന് കിരീടവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ ജനസംഖ്യയുടെ 20 ശതമാനം മലയാളികള്‍ ആണെന്ന് കിരീടവകാശി പറഞ്ഞു. അവര്‍ ഈ രാജ്യത്തിനു നല്‍കിയ സംഭാവന മഹത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊച്ചിയില്‍ കഴിഞ്ഞ തവണ സന്ദര്‍ശനം നടത്തിയതും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തിന്റെ വികസനത്തിനായി ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവരുമായി ചര്‍ച്ച ചെയ്തു. ബഹ്‌റൈനില്‍ മലയാളികള്‍ക്കായി വിദ്യാഭ്യാസ സമുച്ചയം, ആരോഗ്യ പദ്ധതി എന്നിവയുടെ സാധ്യതയും അദ്ദേഹം ആരാഞ്ഞു. ഇസ്‌ലാമിക് ഫണ്ട്, വാണിജ്യ, വ്യാപാര രംഗത്തെ ഉഭയകക്ഷി സഹകരണം എന്നിവയും ചര്‍ച്ച ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ നല്‍കുന്ന പരിഗണനയ്ക്ക് മുഖ്യമന്ത്രി ഇരുവരോടും നന്ദി അറിയിച്ചു.
ബഹ്‌റൈന്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിനു വെള്ളിയാഴ്ച വൈകീട്ട് വന്‍ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ എത്തിയത്. രാഷ്ട്രതലവന്‍മാര്‍ക്കു ലഭിക്കുന്ന വിധം ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.
തിരുവനന്തപുരത്തുനിന്നു രാത്രി 12.10നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈന്‍ കിരീടവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫയുടെയും ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."