ചൈനീസ് നിര്‍മിത സ്പിരിറ്റ് മലപ്പുറത്തേക്ക് പാര്‍സല്‍ വഴി കടത്തുന്നു
മലപ്പുറം: ചൈനയില്‍ നിന്നെത്തിക്കുന്ന സ്പിരിറ്റ് മലപ്പുറത്തേക്ക് പാര്‍സല്‍ വഴി കൊണ്ടുവന്ന സംഭവത്തില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറത്തെ മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മെഡ്‌വിന്‍ ഡയഗ്നോസ്റ്റിക്‌സ് എന്ന സ്ഥാപന ഉടമ മലപ്പുറം മുണ്ടുപറമ്പ് കാവില്‍പുരയിടത്ത് കെ.ജെ ഷാജുവിനെയാണ് അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ കോളജ് ലബോറട്ടറികളിലേക്ക് ലാബ് ഉപകരണങ്ങളും കെമിക്കലുകളും മറ്റും വിതരണം ചെയ്യുന്ന ഇയാളുടെ സ്ഥാപനത്തിലേക്കായി എത്തിച്ച വീര്യം കൂടിയ 60.5 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.
ഉത്തര മേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി. ജയരാജനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ആണ് സ്പിരിറ്റ് പിടികൂടിയത്. സ്ഥാപനത്തിലേക്കായി സ്പിരിറ്റ് പാര്‍സല്‍ വഴി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കിഴക്കേത്തലയിലെ സ്വകാര്യ പാര്‍സല്‍ സര്‍വിസ് ഓഫിസില്‍ നിന്ന് പാര്‍സലായി എത്തിച്ച സ്പിരിറ്റും എക്‌സൈസ് സംഘം പിടിച്ചെടുക്കുകയായിരുന്നു.
സ്പിരിറ്റ് അഥവാ എഥനോള്‍ വില്‍ക്കുന്നതിനായി എക്‌സൈസ് വകുപ്പില്‍ നിന്നു ലൈസന്‍സ് എടുത്ത് ആവശ്യമുള്ള സ്പിരിറ്റ് നിയമാനുസരണം ഫാക്ടറികളില്‍ നിന്നും പ്രത്യേക പെര്‍മിറ്റ് ഫീസ് അടച്ച് എത്തിക്കണമെന്നാണ് നിയമം. ഇതുലംഘിച്ചാണ് മൈലപ്പുറത്തെ സ്ഥാപനം ചൈനയില്‍ ഉല്‍പാദിപ്പിച്ച സ്പിരിറ്റ് മുംബൈയിലെ ഏജന്‍സിയില്‍ നിന്ന് പാര്‍സല്‍ സര്‍വിസ് വഴി എത്തിച്ച് വില്‍പന നടത്തിയിരുന്നത്. മുംബൈയിലെ ഏജന്‍സിക്കും സ്പിരിറ്റ് വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പാര്‍സല്‍ സര്‍വിസ് വഴി കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി അനധികൃതമായി സ്പിരിറ്റ് വരുത്തുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. 500 മില്ലിലിറ്ററിന്റെ ബോട്ടിലുകള്‍ ആണ് പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു ബോക്‌സില്‍ 20 ബോട്ടില്‍ വീതം 10 ലിറ്റര്‍ സ്പിരിറ്റായിരുന്നു ഉണ്ടായിരുന്നത്. ആകെ 121 ബോട്ടിലില്‍ ആയി 60.5 ലിറ്റര്‍ സ്പിരിറ്റ് ആണ് പിടികൂടിയത്.
റെയ്ഡില്‍ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി. ബാലകൃഷ്ണന്‍, റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സുധീര്‍, പ്രിവന്റീവ് ഓഫീസര്‍ വി. കുഞ്ഞിമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്, സതീഷ് കുമാര്‍, എസ്. സുനില്‍ കുമാര്‍, കെ.എ അനീഷ്, എന്‍. രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. രോഹിണി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."