അനധികൃത മുന്‍ഗണനാ റേഷന്‍കാര്‍ഡ്: വെട്ടിലായത് ലക്ഷംപേര്‍
തിരുവനന്തപുരം: അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശപ്പെടുത്തിയ ഒരുലക്ഷംപേര്‍ കുടുങ്ങി. തദ്ദേശവകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കുരുക്ക് വീണത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,000 ചതുരശ്രയടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല. ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കിയവരെയാണ് പിടികൂടിയത്. കൊല്ലം, തിരുവനന്തപുരം, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍മാത്രം 1,000 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ള 23,319 കാര്‍ഡ് ഉടമകളെയാണ് കണ്ടെത്തിയത്. ഇതില്‍ 20,252 പേര്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരും (പിങ്ക് കാര്‍ഡ്) 3,067 പേര്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ) കാര്‍ഡുകാരുമാണ്. ഇവരെ പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് ആരംഭിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വന്തമായി കാറുള്ളവര്‍, ആയിരം ചതുരശ്രയടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല.
എന്നാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കി ലക്ഷക്കണക്കിനാളുകള്‍ മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ പരിശോധന കര്‍ശനമാക്കിയത്. നാലുചക്ര വാഹനമുള്ള 37,429 പേര്‍ മുന്‍ഗണനാപട്ടികയില്‍ കയറിക്കൂടിയതായി നേരത്തേ കണ്ടെത്തിയിരുന്നു.
ഇതില്‍ 4,342 പേര്‍ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിനെത്തുടര്‍ന്ന് 43,396 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണനാപട്ടികയില്‍നിന്ന് ഒഴിഞ്ഞുപോയിരുന്നു. സംസ്ഥാനത്ത് ആകെ 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."