പ്രതിപക്ഷ നേതാവിനെ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമകക്ഷിയോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കും. യോഗത്തില്‍ പ്രതിപക്ഷ നേതാവാരാകണം എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവും. നിലവില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനാണ് നേതൃതലത്തില്‍ ധാരണയായിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ആകും എന്നാണ് സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് ചെയര്മാന് സ്ഥാനത്തേക്കും ശുപാര്‍ശ ചെയ്തേക്കും.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ജയിച്ച എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണ് എന്നതിനാലും ചെന്നിത്തല പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യത വര്‍ധിക്കുകയായിരുന്നു.
സാധാരണ നിയമസഭാകക്ഷി നേതാവ് തന്നെയാണ് യു.ഡി.എഫ് ചെയര്മാനാകാറുള്ളത്.എന്നാല്‍ ഇത്തവണ ആ പതിവ് ഉണ്ടാവാന്‍ സാധ്യതയില്ല. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുകുള്‍ വാസ്നിക് തുടങ്ങിയവരാണ് ഹൈക്കമാന്റിനെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുക്കുക. രാവിലെ 11 നാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."