സ്ഥലത്തിന്റെ രേഖകള്‍ നശിപ്പിക്കപ്പെട്ടു: രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍
കൊച്ചി: ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത് കൈയേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍.
റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന് വ്യക്തമാക്കി പഞ്ചായത്ത് നല്‍കിയ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
സ്ഥലത്തിന്റെ രേഖകള്‍ നശിപ്പിക്കപ്പെട്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കായല്‍, തോട്, പുറമ്പോക്ക് ഭൂമി എന്നിവ റിസോര്‍ട്ട് അധികൃതര്‍ കൈയേറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുമരകത്തെ ജനസമ്പര്‍ക്ക സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക കര്‍മസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 2016 സെപ്റ്റംബറില്‍ പ്ലാന്‍ തയാറാക്കി.
ഈ സര്‍വേയിലാണ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ സെന്റ് ഭൂമി കൈയേറിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ ഭൂമി തിരിച്ചു പിടിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, കൃത്യമായ കൈയേറ്റത്തിന്റെ തോത് അറിയാത്തതിനാല്‍ ഈ ഭാഗം വേര്‍തിരിച്ച് കാണിച്ചുതരണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ, പഞ്ചായത്ത് അധികൃതര്‍ നവംബര്‍ 24ന് സംയുക്തമായി പരിശോധന നടത്തി.
കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് വൈകിട്ടോടെ പഞ്ചായത്ത് കമ്പനിക്ക് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കി. കാരണംകാണിക്കല്‍ നോട്ടിസും നല്‍കി.
നിയമപരമായി അധികാരമുള്ളവര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസ് കോടതിക്ക് റദ്ദാക്കാനാവില്ല. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. ഹരജിയില്‍ തിരുത്തല്‍ വരുത്താതെ പുതിയ ആരോപണങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല.
റിസോര്‍ട്ട് നിലനില്‍ക്കുന്ന ഭാഗത്തെ ഒന്നര സെന്റ് സ്ഥലം തോട്, കായല്‍ കൈയേറ്റ ഭൂമിയാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതായും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കോട്ടയം തഹസില്‍ദാര്‍ പി.എസ് ഗീതാകുമാരിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."