മാണിക്ക് പിന്നാലെ ബാബുവിനെയും വിശുദ്ധനാക്കുന്നു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ വിശുദ്ധനാക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ മുന്‍ മന്ത്രി കെ. ബാബുവിനെയും രക്ഷിക്കാന്‍ നീക്കം. അസാധാരണ നടപടികളിലൂടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ബാബുവിനെ രക്ഷിക്കാന്‍ നീക്കം നടത്തുന്നത്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് 2016 സെപ്റ്റംബര്‍ മൂന്നിനാണ് ബാബുവിനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തുകയും സ്വര്‍ണവും പണവും മറ്റു രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ബാബു വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തുകയും കുറ്റപത്രത്തിന് മുന്നോടിയായുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് അന്വേഷണസംഘം വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു.
മകളുടെ വിവാഹം, വാഹനം വാങ്ങിയത്, വീടിന്റെ അറ്റകുറ്റപ്പണി എന്നിവക്ക് ഉപയോഗിച്ച തുക വരവില്‍ കവിഞ്ഞതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
തെളിവുകള്‍ സഹിതമാണ് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് അയച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് എത്തിയതിന് തൊട്ടുപിന്നാലെ ബാബു തന്റെ മൊഴി വീണ്ടും എടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും നിവേദനം നല്‍കി. അന്നത്തെ സാഹചര്യത്തില്‍ അന്വേഷണസംഘത്തോട് കൂടുതല്‍കാര്യം പറയാന്‍ കഴിഞ്ഞില്ലെന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ച് ചില പുതിയ കാര്യങ്ങള്‍ പറയാനുണ്ടെന്നും ബാബു നിവേദനത്തില്‍ പറഞ്ഞിരുന്നു.
നിവേദനം ലഭിച്ചയുടന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു. കൂടാതെ സ്ഥിതിവിവര റിപ്പോര്‍ട്ട് ബെഹ്‌റ അന്വേഷണസംഘത്തിന് മടക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനുശേഷം പ്രതിയാക്കപ്പെട്ട ആളുടെ ആവശ്യപ്രകാരം വീണ്ടും മൊഴിയെടുക്കുന്നത് വിജിലന്‍സില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതിപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ കുറ്റവിമുക്തനാക്കാന്‍ ഉന്നതങ്ങളിലുള്ളവരുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."