വയനാടിന്റെ മാനവസംഗമം
കാവുകള്‍ പലപ്പോഴും മനോഹരവും വിശുദ്ധവുമാണ്. ബലിയിടുന്നസ്ഥലം എന്നാണ് കാവ് എന്ന പദത്തിന്റെ അര്‍ഥം. കാടിനെയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നവര്‍ കാടിന്റെ ചെറു രൂപമായാണ് കാവുകളെ കാണുന്നത്. അതുകൊണ്ടുതന്നെ കാടിന്റെ മക്കളായ ഗോത്ര വിഭാഗക്കാര്‍ക്ക് കാവുകള്‍ വളരെ പ്രധാനപ്പെട്ടതാണ്; അതുമായി ബന്ധപ്പെട്ട ഉത്സവങ്ങളും. അത്തരത്തില്‍ വയനാട്ടിലെ ഒരുപാട് ഗോത്രവിഭാഗക്കാരുടെ ഒരുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിന്റെ ദിനമാണ് വള്ളിയൂര്‍കാവ് ഉത്സവം. അവര്‍ക്ക് ഈ ഉത്സവം സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും ദിനം കൂടിയാണ്.
പണിയര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, കുറിച്യര്‍, കുറുമര്‍ എന്നീ ഗോത്രവിഭാഗക്കാരാണ് വയനാട്ടിലുള്ളവരില്‍ പ്രധാനപ്പെട്ടവര്‍. പണിയ വിഭാഗക്കാരാണ് അവരില്‍ ഭൂരിഭാഗവും. ഇത്തരക്കാര്‍ക്ക് ഒരിക്കലും മറ്റുവിഭാഗക്കാര്‍ പോയിരുന്ന ക്ഷേത്രങ്ങളിലോ സമൂഹത്തിന്റെ മുന്‍നിരയിലോ പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വള്ളിയൂര്‍ക്കാവ് ക്ഷേത്രം എല്ലാ ജാതിമത വിഭാഗക്കാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നു.
'വാള്‍ ഊരി വീണ സ്ഥലം' എന്നതില്‍ നിന്നാണ് വള്ളിയൂര്‍ക്കാവ് എന്ന പേരുണ്ടായത്. മാനന്തവാടി പുഴയുടെ തീരത്താണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനു പിന്നില്‍ ഒരുപാട് ഐതിഹ്യങ്ങളുണ്ട്. ഏകദേശം പതിമൂന്നാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടും സുഹൃത്തും ഭരണി ഉത്സവത്തിനുള്ള വഴിപാടുകള്‍ സ്വീകരിക്കുന്നതിനിടെ പള്ളിവാള്‍ കാണാതായി. പിന്നീട് ഒരു ആദിവാസി മൂപ്പന്‍ വാള്‍ ആല്‍മരത്തിന്റെ കൊമ്പില്‍ തൂങ്ങി കിടക്കുന്നത് കാണിച്ചു കൊടുക്കുകയും വെളിച്ചപ്പാട് പ്രാര്‍ഥിച്ച ശേഷം വാള്‍ നിലത്തു വീഴുകയും ചെയ്തു. പിന്നീട് ജലദുര്‍ഗയായും വനദുര്‍ഗയയും ഭദ്രകാളിയായും ദേവിയെ പ്രതിഷ്ഠിച്ചു. ദേവിപ്രതിഷ്ഠ മഴയും വെയിലും കൊള്ളണമെന്നതിനാല്‍ മേല്‍ക്കൂരയില്ലാത്ത ക്ഷേത്രമാണ് പണികഴിപ്പിച്ചത്. ഇതാണ് പൊതുവെ പറയപ്പെടുന്ന ഐതിഹ്യമെങ്കിലും പണിയര്‍ക്കും അടിയര്‍ക്കും അവരുടെതായ ഐതിഹ്യങ്ങള്‍ പറയാനുണ്ട്.
പണ്ട് ഇവിടെ അടിമക്കച്ചവടം നടന്നിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. കെ. പാനൂരിന്റെ 'കേരളത്തിന്റെ ആഫ്രിക്ക'യില്‍ അതേകുറിച്ച് പറയുന്നുണ്ട്. കാര്‍ഷികോപകരണങ്ങളൊടൊപ്പം ആദിവാസികളെയും ഉത്സവദിനത്തില്‍ കച്ചവടത്തിനു വച്ചിരുന്നുവെന്നും ജന്മിമാര്‍ അവരെ അടിമകളാക്കാന്‍ വാങ്ങിയിരുന്നുവെന്നുമാണ് വാദം.
എന്നാല്‍ അത് അടിമക്കച്ചവടമല്ലെന്നും തങ്ങളുടെ ജീവിത സാഹചര്യം മൂലം ആദിവാസികള്‍ ജന്മിമാരുടെ കീഴില്‍ പണിയെടുക്കാന്‍ കരാറെടുത്തിരുന്നത് ഉത്സവദിവസം ദേവിയുടെ മുന്‍പില്‍ വച്ചായിരുന്നുവെന്നുമാണ് മറുവാദം. എത്ര കഷ്ടപ്പെട്ടാലും വര്‍ഷം തീരും മുമ്പ് ആദിവാസികളാരും കരാര്‍ ലംഘിക്കാറില്ലായിരുന്നു. ദേവിയുടെ മുമ്പില്‍ വച്ച് കരാറെടുത്തതു കൊണ്ട് ദേവീകോപം ഉണ്ടാകുമോ എന്ന് അവര്‍ ഭയപ്പെട്ടുവത്രെ. ഏതായാലും, ഇതൊരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നു.
മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഒരുപാട് സവിശേഷതകളും വ്യത്യസ്തകളും വള്ളിയൂര്‍ക്കാവിനുണ്ട്. ഏതു മനുഷ്യനും ജാതിമത ഭേദമന്യേ ഇവിടെ പ്രവേശിക്കാം. മീനം ഒന്നു മുതല്‍ പതിനാലു വരെയാണ് ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട പല ചടങ്ങുകളും നിറവേറ്റുന്നത് വിവിധ വിഭാഗക്കാരാണ്. ഓരോ വര്‍ഷവും വാള്‍ കൊണ്ട് വരുന്നത് തരകന്‍ എന്ന ജൈനന്റെ വീട്ടില്‍ നിന്നാണ്. ഉത്സവത്തിന്റെ ഏഴാം ദിവസമാണ് കൊടിമരം ഉയര്‍ത്തുന്നത്. പണിയ വിഭാഗത്തിലെ ഗോത്ര തലവനാണ് മുളകൊണ്ടുണ്ടാക്കിയ ഈ കൊടിമരം ഉയര്‍ത്തുന്നത്.
ഉത്സവം കഴിഞ്ഞു ഏഴു ദിവസത്തിന് ശേഷമാണ് കൊടിയിറങ്ങുന്നതും. നിവേദ്യത്തിനുള്ള നെല്ലുകുത്തുന്നതും പണിയരാണ്. ഉത്സവത്തിന് കദീന പൊട്ടിക്കുന്നതും പന്തം പിടിക്കുന്നതും കുറിച്യരാണ്. എന്നാല്‍ പൂജകള്‍ ചെയ്യുന്നത് ബ്രാഹ്മണരും. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്നുണ്ടാകുന്ന അസഹിഷ്ണുതകള്‍ക്കും അക്രമങ്ങള്‍കുമെതിരെ നിലപാടിന്റെ സന്ദേശം തീര്‍ക്കുകയാണ് ഈ ഉത്സവം.
കാര്യസിദ്ധിക്കുവേണ്ടി മീനൂട്ടു നടത്തുന്നവരും വള്ളിയൂര്‍ക്കാവിലുണ്ട്. എന്നാല്‍ മണിപ്പുറ്റില്‍ വീടുകളിലെ ഉറുമ്പ് ശല്യം കുറയുന്നതിനു വേണ്ടി അരിയും പൊരിയും എറിയുന്നതും മുട്ടയും പാലും പഴവും കൊണ്ടുവയ്ക്കുന്നതുമെല്ലാം ഈയടുത്ത് തുടങ്ങിയ രീതികളാണ്. ഗോത്ര വിഭാഗത്തില്‍ പെട്ട ഓരോരുത്തരും അങ്ങനെ ഓരോ വര്‍ഷത്തെ സമ്പാദ്യം മിച്ചം പിടിച്ചു ഉത്സവത്തിന് പോകാന്‍ കരുതിവയ്ക്കുന്നു.
പല ആചാരാനുഷ്ഠാനങ്ങളും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അത് മനുഷ്യരുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകവുമാകാം. അത്തരത്തില്‍ വയനാടന്‍ ജനത നെഞ്ചോടു ചേര്‍ത്ത വയനാടിന്റെ ദേശീയ ഉത്സവമാണ് വള്ളിയൂര്‍ക്കാവിലെ ഉത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."