മന്‍മോഹനെതിരേ മോദിയുടെ പരിഹാസം; ഇരുസഭകളും ബഹളത്തില്‍ മുങ്ങി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ പാര്‍ലമെന്റിന്റെ ഇരുസഭയും ബഹളത്തില്‍ മുങ്ങി. മോദിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യസഭയില്‍ ബുധനാഴ്ച നന്ദിപ്രമേയ പ്രസംഗത്തിലാണ് മന്‍മോഹനെ മോദി പരിഹസിച്ചത്. സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നല്‍കിയില്ല.
രാജ്യസഭയിലെ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനാകില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനാകില്ലെന്നു വ്യക്തമാക്കി. മോദിയുടെ വാക്കുകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനു നിരക്കാത്തതാണെന്നു ഖാര്‍ഗെ പറഞ്ഞു. മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ടു പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതോടെ പ്രതിപക്ഷം ശൂന്യവേളയിലെ മറ്റംഗങ്ങള്‍ക്ക് അവകാശപ്പെട്ട സമയം തട്ടിയെടുക്കുകയാണെന്ന് സ്പീക്കര്‍ ആരോപിച്ചു. സ്പീക്കര്‍ ശൂന്യവേള തുടര്‍ന്നു കൊണ്ടു പോയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ തന്റെ മുന്‍ഗാമിയെ അധിക്ഷേപിക്കുന്നത് കേട്ടു കേള്‍വിയില്ലാത്തതാണെന്ന് ശശി തരൂര്‍ പറഞ്ഞു. റെയിന്‍ കോട്ട് പരാമര്‍ശത്തിലൂടെ മന്‍മോഹനെ അഭിനന്ദിക്കുകയായിരുന്നെന്നാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്.
രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനൊപ്പം ഇടതുകക്ഷികളും ജെ.ഡി.യുവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെഷന്‍ ഇന്നലെ സമാപിച്ചു. വിവിധ ഘട്ടങ്ങളിലായി അഞ്ചുസംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാര്‍ച്ച് ഒമ്പതിനാണ് ഇനി രണ്ടാംസെഷന്‍ തുടങ്ങുക. ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കും.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ അസ്ഥിരത
പാര്‍ലമെന്റിലും
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയില്‍ ഉടലെടുത്ത അധികാരത്തര്‍ക്കം പാര്‍ലമെന്റിലും പ്രകടമായി. ഇന്നലെ ലോക്‌സഭയില്‍ ശശികലയെ അനുകൂലിച്ച് ഒരുവിഭാഗം അണ്ണാ ഡി.എം.കെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.
കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രസംഗത്തിനിടെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവയ്ക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലെ വിഷയം അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചത്.
ചോദ്യോത്തരവേളയില്‍ 'ഞങ്ങളുടെ ജനാധിപത്യം സംരക്ഷിക്കൂ' എന്ന് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയുംചെയ്തു. രാജ്യസഭയിലും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ തമിഴ്‌നാട് വിഷയം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."