ധൈഷണിക സമ്മേളനം ഇന്ന്; സമസ്ത പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും
ഫൈസാബാദ് (പട്ടിക്കാട്): ബൗദ്ധിക വിചാരങ്ങളും നവസൈദ്ധാന്തിക രീതികളും വിശകലന വിധേയമാക്കുന്ന ധൈഷണികം സെഷന്‍ ഇന്നു വൈകിട്ട് ഏഴിനു ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. നിര്‍മിത ബുദ്ധിയും (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) നവലോക ക്രമവും, ഖിയാമത്ത്: ശാസ്ത്രീയ നിരീക്ഷണങ്ങള്‍, യുക്തി ചിന്തകളുടെ ഇസ്‌ലാമിക മാനം എന്നീ വിഷയങ്ങള്‍ യഥാക്രമം റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍, സി.ഹംസ അവതരിപ്പിക്കും.
ഇന്ന് രാവിലെ പത്തിനു എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. കവി പി.കെ ഗോപി മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് നാലിനു ദേശീയ സെമിനാര്‍ മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഫാസിസവും ജനാധിപത്യവും എന്ന വിഷയത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുല്‍ ലത്തീഫ് നഹ, സത്താര്‍ പന്തല്ലൂര്‍, അഡ്വ. ഫൈസല്‍ ബാബു, ഡോ.സുബൈര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ, എ. സജീവന്‍ പ്രസംഗിക്കും.
നാളെ വിദ്യാഭ്യാസ സമ്മേളനം, മോട്ടിവേഷന്‍ സെഷന്‍, ജാമിഅ ഗ്രാന്റ് സെല്യൂട്ട്, ദഅ്‌വാ സമ്മേളനം എന്നിവ നടക്കും. സമ്മേളനം ഞായറാഴ്ച വൈകിട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."