തോമസ്ചാണ്ടിക്കെതിരേയുള്ള കേസ് അട്ടിമറിക്കപ്പെടുകയാണോ
വലിയകുളം-സീറോജെട്ടി റോഡ് നിര്‍മാണത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ സഹിതം കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങിയിരുന്ന വിജിലന്‍സ് സംഘത്തെ സര്‍ക്കാര്‍ ഇന്നലെ പെട്ടെന്ന് മാറ്റിയത് തോമസ് ചാണ്ടിക്ക് വേണ്ടി നടത്തിയ നഗ്നമായ അട്ടിമറിയാണ്. തോമസ് ചാണ്ടി ഒന്നാം പ്രതിയായുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് പുതുതായി നിയമിക്കപ്പെട്ട സംഘമാണ് ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ കേസ് അന്വേഷിച്ച വിജിലന്‍സ് സംഘത്തിലെ ഒരാളെപ്പോലും ഉള്‍പ്പെടുത്താതെയാണ് തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലേക്ക് സര്‍ക്കാര്‍ അന്വേഷണം കൈമാറിയിരിക്കുന്നത്.
മുന്‍ മന്ത്രി കെ.എം മാണി ബാര്‍ കോഴ അഴിമതി നടത്തിയതിന് തെളിവില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന മാണി ബാര്‍ മുതലാളിമാരില്‍നിന്നു കോഴ വാങ്ങി എന്നാരോപിച്ച് സ്പീക്കറുടെ ഡയസ് തകര്‍ത്തവരാണ് ഇന്നത്തെ ഭരണപക്ഷം. ബഹളത്തിനിടയില്‍ മന്ത്രി മാണി ബജറ്റ് മേശപ്പുറത്ത് വച്ചതോടൊപ്പം തന്നെ ഡയസ് തകര്‍ക്കാന്‍ മുന്നില്‍ ഉണ്ടായിരുന്ന മുന്‍ എം.എല്‍.എ ശിവന്‍കുട്ടിയെയും തളര്‍ന്നവശനായതിനാല്‍ മേശപ്പുറത്ത് കിടത്തേണ്ടിവന്നു. ഈ കേസാണിപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ വിജിലന്‍സില്‍ ഇട്ട് അലക്കി വെളുപ്പിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നൈതികതയും ധാര്‍മികതയും അധികാരദാഹത്തിന് മുന്നില്‍ അടിയറ വയ്ക്കാന്‍ തൊഴിലാളി വര്‍ഗമേല്‍വിലാസത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന് മടിയില്ല.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പ്രതിയായ ലോട്ടറി തട്ടിപ്പ് കേസും വിജിലന്‍സ് തെളിവില്ലാത്തതിന്റെ പേരില്‍ എഴുതി തള്ളാനൊരുങ്ങിയിരിക്കുകയാണ്. ഇതിനെതിരെ അഞ്ജുബോബി ജോര്‍ജ് കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നുമുണ്ട്. അഴിമതിക്കെതിരെ യുദ്ധം നടത്തി അധികാരത്തില്‍ വന്നവര്‍ എല്ലാ അഴിമതിക്കേസുകളും തേച്ച് മായ്ച്ചുകളയാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ തിരക്കിട്ട് മാറ്റിയത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സത്യസന്ധവും പഴുതുകളടച്ചതുമായ അന്വേഷണമാണ് കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ നടന്നത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തോമസ്ചാണ്ടി ഒന്നാം പ്രതിയാണെന്നറിഞ്ഞതോടെയാണ് അന്വേഷണസംഘത്തെ മാറ്റിയിരിക്കുന്നത്.
ഇന്നലെ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് വരുന്ന ഏപ്രില്‍ 19നകം വിശദാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് കോടതി. പുതിയ അന്വേഷണ സംഘമായിരിക്കും ഇത് അന്വേഷിക്കുക. അന്വേഷണസംഘത്തെ മാറ്റിയതിലൂടെ വിജിലന്‍സിനെ തോമസ്ചാണ്ടിക്ക് അടിയറവച്ച പ്രതീതിയാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അധികാരം കിട്ടിയതിന് ശേഷം പുത്തന്‍ പണക്കാരുടെ മുന്നില്‍ നമ്രശിരസ്‌കരായി നില്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതില്‍ സ്വദേശി പ്രവാസി വ്യത്യാസമില്ല. എം.പിമാരെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് കരസ്ഥമാക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തന്റെ റിസോര്‍ട്ടിലേക്ക് പാടം നികത്തി റോഡ് നിര്‍മിക്കുകയും ചെയ്തുവെന്ന കുറ്റം തോമസ്ചാണ്ടിക്ക് മേല്‍ പതിഞ്ഞിരിക്കെ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് സര്‍ക്കാര്‍. അത് പരാജയപ്പെട്ടപ്പോള്‍ വിജിലന്‍സ് കേസ് അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം കരുതാന്‍.
2010 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ആലപ്പുഴ കലക്ടര്‍മാരായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണെന്നിരിക്കെ അവരെയും രക്ഷിച്ചെടുക്കാനുള്ള നിഗൂഢ ശ്രമവും അന്വേഷണസംഘത്തെ മാറ്റിയതിന് പിന്നിലുണ്ട് എന്ന് വേണം കരുതാന്‍. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഭീഷണിക്കുമുമ്പില്‍ പലപ്പോഴും ഈ സര്‍ക്കാര്‍ മുട്ട് മടക്കിയിട്ടുണ്ട് എന്നത് മറച്ചുവയ്ക്കാനാവില്ല.
സര്‍ക്കാരിന്റെ വഴിവിട്ട സ്വാധീനത്തിന് വഴങ്ങാത്തതിനാലാവണം പുതിയ വിജിലന്‍സ് സംഘത്തെ നിയോഗിച്ചിട്ടുണ്ടാവുക. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കീഴില്‍ തന്നെയാണ് ഇപ്പോഴും വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ഒരേ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരേ സമയം രണ്ട് പ്രധാന വകുപ്പുകളുടെ അമരത്ത് ആറ് മാസത്തിലധികം ഇരിക്കാന്‍ പാടില്ല എന്നത് അഖിലേന്ത്യാ റൂള്‍സില്‍ പെട്ടതാണ്. ലോക്‌നാഥ് ബെഹ്‌റ രണ്ട് സ്ഥാനവും വഹിക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലധികമായി. ഇഷ്ടാനുസരണം ഡി.ജി.പിമാരുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറായി പുതിയ ഒരാളെ സര്‍ക്കാര്‍ നിയമിക്കാത്തത് എന്താണ് ?
സംസ്ഥാനത്ത് ഇപ്പോള്‍ വിജിലന്‍സ് സംവിധാനം തന്നെ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം, നെല്‍വയല്‍ നികത്തല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ തോമസ്ചാണ്ടി നടത്തിയെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത്തരമൊരാളെയാണ് ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."