ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ഹരജിക്കാര്‍
ന്യൂഡല്‍ഹി: ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഏജന്‍സികളുടെ അടുത്ത് പൗരനെ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആധാര്‍ സംബന്ധിച്ച കേസില്‍ ഹരജിക്കാര്‍. സുപ്രിം കോടതി അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിനു മുന്‍പാകെ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ഏജന്‍സികളുമായി ആധാര്‍ അതോറിറ്റി നേരിട്ട് കരാറിലാണ്. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, ഇത്തരം സ്വകാര്യ ഏജന്‍സികളുടെ കൈകളില്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കില്ല. ആധാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൂരിപ്പിച്ച് നല്‍കുന്ന ഫോറത്തിലെ ബി പാര്‍ട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല നല്‍കാനാവില്ലെന്നും ഭരണകൂടത്തിന് മാത്രമെ അത്തരം വിവരങ്ങള്‍ കൈമാറാനാകൂവെന്നും ദിവാന്‍ വാദിച്ചു.
അടിയന്തര സാഹചര്യങ്ങളിലൊഴികെ വ്യക്തിയെ ഈട് നല്‍കാന്‍ നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍ വിവരങ്ങള്‍ രാജ്യത്തെ മൊത്തം പൗരന്‍മാരെയും നിരീക്ഷിക്കാന്‍ വേണ്ടിയുള്ള കേന്ദ്ര വിവരശേഖരവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ആധാര്‍ വിഴിയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഭരണകൂടത്തിന് പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും ഇടപാടുകള്‍ പരിശോധിക്കാനും ശീലങ്ങളെ അറിയാനും സ്വാധീനിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധാര്‍ പദ്ധതിക്കായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ സ്റ്റിങ് ഓപറേഷന്‍ നടത്തി ചാനലുകള്‍ക്ക് പണത്തിന് പകരം കൈമാറിയ വിവരങ്ങളും ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും ശ്യം ദിവാന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും സ്വകാര്യ ഇന്‍ഷൂറന്‍സ് ഏജന്‍സികള്‍ക്കും മൊബൈല്‍ സര്‍വിസ് ദാതാക്കള്‍ക്കും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ നല്‍കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് അതേ രേഖകള്‍ സര്‍ക്കാരിന് കൈമാറുന്നതിനുള്ള പ്രശ്‌നമെന്താണെന്ന് വാദത്തിനിടയില്‍ ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."