ലോയയുടെ മരണം: പുനരന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
ന്യൂഡല്‍ഹി : സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെയും വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പ്രധാന മന്ത്രി മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെട്ട കേസുകളില്‍ പുനരന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. ലോയയുടെ മരണത്തെ തുടര്‍ന്ന് അമിത് ഷായെ സി. ബി. ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിയില്‍ അപ്പീല്‍ നല്‍കാത്തതും ദുരൂഹമാണ്. ബി.ജെ.പി നേതാവും, ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന ഹിരണ്‍ പാണ്ഡെ കൊല്ലപ്പെട്ടതിനു പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപമാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹരജി, മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. ഇസ്രത്ത് ജഹാന്‍, സൊഹ്‌റാബുദീന്‍ ഷെയ്ഖ്, തുള്‍സിറാം പ്രജാപതി, സുനില്‍ ജോഷി തുടങ്ങിയവരുടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും സത്യമറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി എതിരാളികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്ന രീതി സംഘ് പരിവാറിനുണ്ട് എന്ന തുറന്ന സമ്മതമാണ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി. കെ സുബൈര്‍ എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."