കേന്ദ്ര അവഗണനക്കെതിരേ ദക്ഷിണേന്ത്യന്‍ കൂട്ടായ്മ വേണം: കമല്‍ ഹാസന്‍
ചെന്നൈ: പാര്‍ട്ടി പ്രഖ്യാപിക്കും മുന്‍പ് തന്റെ രാഷ്ട്രീയ നിലപാടും ലക്ഷ്യവും വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍. കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞകളെ പ്രതിരോധിക്കാന്‍ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അണിനിരക്കണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.
അടുത്തമാസം 21 ന് ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന സംസ്ഥാന പര്യടനത്തില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് കമല്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയത്. തമിഴ് വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ വലിയ പങ്കു വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇവിടെ നിന്ന് നികുതി പിരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഇതൊരു കൂട്ടുകുടുംബത്തിന്റെ അവസ്ഥയാണ്. മുതിര്‍ന്ന ആള്‍ കുടുംബാംഗങ്ങളെയെല്ലാം സംരക്ഷിക്കണമെന്നാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍ ഇളയവര്‍ മൂത്തവരെ പറ്റിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യാറില്ല. തമിഴ്‌നാടിന്റെ സംഭാവനയും പിന്നോക്കാവസ്ഥയും ചൂണ്ടിക്കാട്ടി അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്രത്തിന്റെ അവഗണനക്കെതിരേ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാകണം. ആന്ധ്ര, തെലങ്കാന, കര്‍ണാടക, കേരള മുഖ്യമന്ത്രിമാരെല്ലാം ദ്രാവിഡരാണ്. ഈ ദ്രാവിഡ സ്വത്വം ദക്ഷിണേന്ത്യയാകെ ഉള്‍കൊണ്ടാല്‍ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പരാതി ഇല്ലാതാക്കാനാകും. ഒരുമിച്ചു നിന്നാല്‍ ഡല്‍ഹിയോട് ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള കരുത്ത് നമുക്കുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.
തന്റെ സംസ്ഥാന പര്യടനം മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വസതിയില്‍ നിന്നായിരിക്കും തുടങ്ങുക. കലാമിന് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെപോലെയാണ് ഞാനും, ഒരുപാട് സ്വപ്‌നങ്ങളുമായാണ് ജീവിക്കുന്നത്. എന്റെ യാത്ര സ്വപ്‌നത്തിലേക്കാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."