തൊഗാഡിയയുടെ വെളിപ്പെടുത്തല്‍: മോദി-അമിത്ഷാ കൂട്ടുകെട്ട് പ്രതിരോധത്തില്‍
ന്യൂഡല്‍ഹി: തന്നെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നതര്‍ നീക്കം നടത്തിയെന്ന വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ ആശങ്കയിലാക്കുന്നു. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ തൊഗാഡിയ വെളിപ്പെടുത്തുമോയെന്ന ആശങ്ക ശക്തമായതോടെ പ്രധാനമന്ത്രി മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
വിവാദങ്ങള്‍ ഒഴിവാക്കാനും മുഖം രക്ഷിക്കാനും നേതാക്കളുടെ ഭാഗത്തു നിന്ന് തൊഗാഡിയക്കെതിരേ പരസ്യവിമര്‍ശനങ്ങളുണ്ടാകാന്‍ പാടില്ലെന്ന് അമിത് ഷാ ദേശീയ ഭാരവാഹികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ തൊഗാഡിയയുടെ ആരോപണം തിരിച്ചടിച്ചേക്കുമോയെന്ന ആശങ്കയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും.
തൊഗാഡിയയുമായി അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യയെ നിയോഗിച്ചിട്ടുണ്ട്. അതിനിടയില്‍ അമിത്ഷായുടെയും മോദിയുടെയും നിര്‍ദേശം അവഗണിച്ച് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ തൊഗാഡിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തൊഗാഡിയയുമായി കൂടുതല്‍ അടുക്കേണ്ടതില്ലെന്ന ബി.ജെ.പിയുടെ നിര്‍ദേശം അവഗണിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അദ്ദേഹത്തെ വിളിച്ചതും പാര്‍ട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. തൊഗാഡിയക്കെതിരായ രാജസ്ഥാന്‍ പൊലിസിന്റെ നടപടിയില്‍ സര്‍ക്കാരിന്റെ അറിവോ പങ്കോ ഇല്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയും തൊഗാഡിയയെ ഫോണില്‍ അറിയിച്ചിട്ടുണ്ട്.
തൊഗാഡിയ വിഷയത്തില്‍ ബി.ജെ.പിയില്‍ മോദി-അമിത് ഷാ വിരുദ്ധ ലോബി ശക്തിപ്രാപിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ പുറത്താക്കപ്പെട്ട സഞ്ജയ് ജോഷിയുടെ പങ്ക് വളരെ വലുതാണ്. ലൈംഗിക സി.ഡി വിവാദത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട സഞ്ജയ് ജോഷിയെ സംരക്ഷിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു.
സി.ഡിയുടെ ഫോറന്‍സിക് പരിശോധനയിലൂടെ ജോഷിക്ക് മധ്യപ്രദേശ് പൊലിസ് ശുദ്ധിപത്രവും നല്‍കി. ഇതിനുശേഷം സഞ്ജയ് ജോഷിയെ ബി.ജെ.പിയില്‍ തിരിച്ചെടുത്തെങ്കിലും മോദിയുടെ എതിര്‍പ്പു കാരണം വീണ്ടും പുറത്താക്കി. ഇതാണ് ബി.ജെ.പിയില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരായ പുതിയ ചേരി രൂപംകൊള്ളാന്‍ കാരണമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."