വാവ്‌റിങ്ക, മുഗുരുസ പുറത്ത്; ഫെഡറര്‍, ദ്യോക്കോ മുന്നോട്ട്
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണിലെ അട്ടിമറികള്‍ തുടരുന്നു. മുന്‍ ചാംപ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി.
വനിതാ സിംഗിള്‍സില്‍ നിലവിലെ മൂന്നാം റാങ്കുകാരി സ്‌പെയിനിന്റെ ഗര്‍ബിനെ മുഗുരുസയും അട്ടിമറി തോല്‍വിയോടെ പുറത്തായി. മറ്റ് മത്സരങ്ങളില്‍ സ്വിസ് ഇതിഹാസവും ലോക രണ്ടാം നമ്പറും നിലവിലെ ചാംപ്യനുമായ റോജര്‍ ഫെഡറര്‍, മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്, വനിതാ ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണെ ഹാലെപ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്‌ഗ്രെനാണ് വാവ്‌റിങ്കയെ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 6-1, 6-4 എന്ന സ്‌കോറിന് അനായാസമായാണ് സാന്‍ഡ്‌ഗ്രെന്‍ വിജയിച്ചത്. ഫെഡറര്‍ ജര്‍മന്‍ താരം യാന്‍ സ്റ്റ്രഫിനെ കീഴടക്കി. സ്‌കോര്‍: 6-4, 6-4, 7-6 (7-4). ദ്യോക്കോവിച് ഫ്രഞ്ച് താരം ഗെയല്‍ മോണ്‍ഫില്‍സിനെ കടുത്ത പോരാട്ടത്തിലാണ് വീഴ്ത്തിയത്. സ്‌കോര്‍: 4-6, 6-3, 6-1, 6-3. ഡൊമനിക് തീം, യുവാന്‍ മാര്‍ടിന്‍ ഡെല്‍പോട്രോ, സ്വരേവ്, തോമസ് ബെര്‍ഡിച് എന്നിവരും പുരുഷ വിഭാഗം സിംഗിള്‍സ് മൂന്നാം റൗണ്ടിലേക്ക് കടന്നു.
മുഗുരുസയെ തായ്‌വന്‍ താരം ഹെസി സു വിയാണ് അട്ടിമറിച്ചത്. സ്‌കോര്‍: 7-6 (7-1), 6-4. സിമോണെ ഹാലെപ് കനേഡിയന്‍ താരം എഗ്യുനെ ബുചാര്‍ഡിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 6-2, 6-2. മരിയ ഷറപ്പോവ, അഞ്ജലീക്ക് കെര്‍ബര്‍, റാഡ്വന്‍സ്‌ക, സ്‌ട്രൈക്കോവ, പ്ലിസ്‌കോവ, സഫരോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ഡബിള്‍സില്‍
ഇന്ത്യന്‍ മുന്നേറ്റം
മെല്‍ബണ്‍: പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യന്‍ മുന്നേറ്റം. ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്- പുരവ് രാജ സഖ്യവും ദിവിജ് ശരണ്‍- അമേരിക്കയുടെ രാജീവ് രാം സഖ്യവും രോഹന്‍ ബൊപ്പണ്ണ- ഫ്രഞ്ച് താരം റോജര്‍ വസ്സെലിന്‍ സഖ്യവും വിജയം സ്വന്തമാക്കി. ബാസിലാഷ്‌വിലി- ഹെയ്ദര്‍ മുറര്‍ സഖ്യത്തെയാണ് പെയ്‌സ് സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 6-2, 6-3. ട്രോയിക്കി- കോപില്‍ സഖ്യത്തെ 7-6 (7-5), 6-4 എന്ന സ്‌കോറിനാണ് ദിവിജ് ശരണ്‍ സഖ്യം പരാജയപ്പെടുത്തിയത്. പോസ്പിസില്‍- ഹാരിസണ്‍ സഖ്യത്തെയാണ് ബൊപ്പണ്ണ കൂട്ടുകെട്ട് കീഴടക്കിയത്. സ്‌കോര്‍: 6-2, 7-6 (7-5).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."