ബ്ലാസ്റ്റേഴ്‌സ് പൊട്ടിയത് ഇഷ്ഫാഖിന്റെ തന്ത്രങ്ങളില്‍
കൊച്ചി: എതിരാളികളെയെല്ലാം കണ്ടം വഴി ഓടിയ്ക്കാനിറങ്ങിയ ഫാന്‍സിന്റെ പിന്‍ബലത്തില്‍ കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ ഈ ടീമിനെ കൊണ്ടു കഴിയുമോ. ഒരു ഇയാന്‍ ഹ്യൂമും കെസിറോണ്‍ കിസിറ്റോയും ഒഴിച്ചു നിര്‍ത്തിയാല്‍ ആര്‍ക്കാണ് സ്ഥിരതയുള്ളത്. മധ്യനിരയുടെ താളപിഴയില്‍ അമിതഭാരം പേറേണ്ടി വരുന്ന പ്രതിരോധം.
എതിര്‍ ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ മോഹിച്ചു കളം നിറഞ്ഞോടി തളരേണ്ടി വരുന്ന മുന്നേറ്റം. പ്രത്യേകിച്ചും ഇയാന്‍ ഹ്യൂം. മധ്യനിര നിഷ്‌ക്രിയമായപ്പോള്‍ പന്തിനായി വട്ടത്തിലും നീളത്തിലും ഓടേണ്ടി വരുന്ന ഹ്യൂം. കളിയുടെ താളം വീണ്ടെടുക്കാതെ ടീം സ്പിരിറ്റ് നിലനിര്‍ത്താതെ ടോട്ടല്‍ ഫുട്‌ബോളിലേക്ക് മടങ്ങാതെ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയുണ്ടാകില്ല.
തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ ഏതൊരു ടീമിനും ഉത്തേജനമാണ്. ആ ഉത്തേജനം മുംബൈ ഫുട്‌ബോള്‍ അരീനയില്‍ തീര്‍ന്നു. കിക്കോഫ് വിസില്‍ മുതല്‍ ജയിക്കാനായി കളിക്കണം. അതാണ് കോപ്പലാശാന്റെ ശിഷ്യര്‍ കാട്ടിത്തന്നത്. പഴയ ശിഷ്യര്‍ അത് മറന്നു പോയി. എതിരാളികളെ ബാനറുകള്‍ ഉയര്‍ത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെയും 'കണ്ടം വഴി ഓടി'ക്കുന്ന ആരാധകരുടെ ഇടനെഞ്ചിലേക്കായിരുന്നു ആശാന്റെ ശിഷ്യര്‍ നിറയൊഴിച്ചത്.
അതിനായി അവരെ തന്ത്രങ്ങളോതി തയ്യാറാക്കിയത് പഴയൊരു ബ്ലാസ്റ്റേഴ്‌സുകാരനായ ഇഷ്ഫാഖ് അഹമ്മദ്. തന്റെ പഴയ ടീമിന്റെയും കളിക്കാരുടെയും നീക്കങ്ങളും തന്ത്രങ്ങളും നന്നായി അറിയാവുന്ന ഇഷ്ഫാഖ് അഹമ്മദ്. പ്രതിരോധ ഫുട്‌ബോളിന്റെ വക്താവായ സ്റ്റീവ് കോപ്പലിന്റെ ടീമില്‍ നിന്ന് ആക്രമണം ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ നിമിഷങ്ങളില്‍ തന്നെ ഗോള്‍ വീഴ്ത്തുക. കളി വരുതിയിലാക്കുക. ആത്മവിശ്വാസം നഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്താന്‍ സമയമെടുക്കുമെന്ന് ഇഷ്ഫാഖിന് അറിയാം. കോപ്പലാശാനെ കൂടുതല്‍ പറഞ്ഞു മനസിലാക്കേണ്ട കാര്യവുമില്ല. ഇരുവരുമായിരുന്നല്ലോ മൂന്നാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ കലാശപ്പോര് വരെ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്.
22ാം സെക്കന്‍ഡിലെ ചരിത്രമെഴുതിയ ജെറിയുടെ മിന്നല്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ഞെട്ടിത്തരിച്ചു. ആ ഞെട്ടല്‍ മാറിയത് രണ്ടാം പകുതി തുടങ്ങി ഏറെ സമയത്തിന് ശേഷം. വണ്‍ ടച്ച് പാസുകളിലൂടെ ജെ.എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഇരമ്പി കയറുമ്പോള്‍ പന്ത് മോഹിക്കാന്‍ മാത്രമേ സന്തോഷ് ജിങ്കനും കൂട്ടര്‍ക്കുമായുള്ളു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മത്സരം മിസ് പാസുകളുടെ കാര്യത്തിലായിരുന്നു. ഗോള്‍ വീഴ്ത്താന്‍ പാകത്തിന് പന്ത് എത്തിച്ച് നല്‍കൂ ഞാന്‍ ഗോള്‍ അടിക്കാമെന്നതായിരുന്നു സി.കെ വിനീതിന്റെ പ്രകടനം കണ്ടാല്‍ തോന്നുക. സൂപ്പര്‍ താരങ്ങള്‍ പരുക്കിന്റെ പിടിയിലായാല്‍ പകരക്കാരുടെ നിര ശൂന്യമെന്ന് ജെ.എഫ്.സിയ്‌ക്കെതിരായ പോരാട്ടം തെളിയിച്ചു. വിങുകളിലൂടെ കളി നിയന്ത്രിക്കല്‍ മധ്യനിര ഇനിയും പഠിക്കാത്ത പാഠം. മധ്യനിരയില്‍ കളി മെനയുകയും ഇടത് വലത് വിങുകളിലൂടെ എതിരാളികളെ പരീക്ഷിക്കുകയും ചെയ്താല്‍ മാത്രമേ ശക്തമായ പ്രതിരോധത്തെ ഉലച്ച് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കന്‍ കഴിയൂ.
ഏറെ പ്രതീക്ഷ നല്‍കിയ കെസിറോണ്‍ കിസിറ്റോ പരുക്കേറ്റ് പുറത്ത് പോയതോടെ മധ്യനിര തന്നെ ഇല്ലാതായി. പണികൂടിയതോടെ വെസ് ബ്രൗണിന്റെയും സന്തോഷ് ജിങ്കന്റെയും താളവും തെറ്റി. സാമുവല്‍ ഷദാബ് അമ്പേ പരാജിതനായി. മധ്യനിരയുടെ ദൗര്‍ബല്യം അറിയാവുന്നതിനാല്‍ സന്ദേശ് ജിങ്കന്‍ പ്രതിരോധ നിരയെ മറന്ന് പന്തുമായും അല്ലാതെയും എതിര്‍വശത്തേക്ക് കുതിക്കുന്നു. പ്രതിരോധ നിര ചിതറി കളിക്കുന്നത് പലപ്പേഴും എതിരാളികള്‍ക്ക് ഗുണമാകുന്നു. ബോക്‌സ് വരെയെത്തുന്ന പന്തില്‍ കളിക്കാരനോട് നടത്തുന്ന ഏതൊരു ഇടപെടലും തടയലും അപകടമാണെന്ന കാര്യം ജിങ്കന്‍ ഉള്‍പ്പെടെ മറക്കുന്നു. സംഘടിത ആക്രമണവും പ്രതിരോധവും ജെ.എഫ്.സിയുടെ കുത്തകയായതോടെ ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് തലകുനിക്കാന്‍ മാത്രമായിരുന്നു വിധി. മികച്ച കളി ഓര്‍മകള്‍ സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. നാലാം പതിപ്പിലെ ഏറ്റവും മോശം പ്രകടനം.
ഞായറാഴ്ച ഗോവയ്‌ക്കെതിരേയാണ് പോരാട്ടം. അഞ്ചടിയില്‍ ഫട്ടോര്‍ദയില്‍ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയവരാണ് ഗോവക്കാര്‍. പ്രതികാരം വീട്ടാന്‍ കിട്ടുന്ന അവസരം. ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ഗോവയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കൈയില്‍ ഇനി എന്ത് മാജിക്കാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."