ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് 23 മില്യന്‍ ഡോളര്‍ വാഗ്ദാനവുമായി ബെല്‍ജിയം
ബ്രസല്‍സ്: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ)ക്ക് 23 മില്യന്‍ ഡോളര്‍ സഹായവാഗ്ദാനവുമായി ബെല്‍ജിയം.
ഏജന്‍സിക്ക് അമേരിക്ക നല്‍കിയിരുന്ന വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് സഹായവുമായി ബെല്‍ജിയം രംഗത്തെത്തിയത്. യു.എന്‍.ആര്‍.ഡബ്ല്യു.എ നല്‍കിയിരുന്ന 125 മില്യന്‍ ഡോളര്‍ 65 മില്യനായി വെട്ടിക്കുറക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് യു.എസ് ഭരണകൂടം അറിയിച്ചത്.
യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് മൂന്ന് വര്‍ഷത്തേക്കുള്ള ഫണ്ട് നീക്കിവച്ചതായും സംഘടനയുടെ നിലവിലെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആദ്യഘട്ട ഫണ്ട് വിതരണം ഉടന്‍ നടത്തുമെന്നും ബെല്‍ജിയം ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ പറഞ്ഞു.
ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആശ്രയമാകുന്ന യു.എന്‍.ആര്‍.ഡബ്ല്യു.എ സഹായം അഭ്യര്‍ഥിച്ചതിനാല്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കും.
നിരവധി പ്രയാസങ്ങള്‍ സഹിച്ചും അപകടകരമായ സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഈ സംഘടനയോട് ഏറെ ബഹുമാനമുണ്ട്. ഗസ്സ, സിറിയ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്.
ഒട്ടനവധി അഭയാര്‍ഥികളുടെ അവസാന അത്താണിയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഈ സംഘടനയെ സഹായിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തോളം ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കും.
തീവ്രവാദത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നത് തടയാനും യു.എന്‍.ആര്‍.ഡബ്ല്യു.എയെ സഹായിക്കുന്നതിലൂടെ സാധിക്കുമെന്ന് അലക്‌സാണ്ടര്‍ ഡി ക്രൂ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."