സമരവിജയം; ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം: സഹോദരന്റെ സമരത്തിന്റെ കരുത്തില്‍ ശ്രീജിവിന് ഒടുവില്‍ നീതി ലഭിക്കുന്നു. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. കരട് വിജ്ഞാപനമാണ് ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര പേഴ്സനല്‍ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവിന്റെ പകര്‍പ്പ് ശ്രീജിത്തിന് കൈമാറി. എം.വി ജയരാജനാണ് സമരപ്പന്തലില്‍ നേരിട്ടെത്തി പകര്‍പ്പ് കൈമാറിയത്.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 ദിവസമാവുകയാണ്. ആരും അറിയാതെ ഒതുങ്ങുമായിരുന്ന സമരം ഫേസ് ബുക്ക് കൂട്ടായ്മ ഏറ്റെടുത്തതോടെയാണ് ശ്രദ്ധേയമായത്. പിന്നീട് നടന് ടോവിനോ തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്, മുനവ്വറലി തങ്ങള്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയ നിരവധി പ്രമുഖര്‍ പിന്തുണയുമായി സമരപ്പന്തലിലെത്തി.
നേരത്തേ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചിരുന്നു. സമരം സജീവമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സി.ബി.ഐ കേസ് എടുക്കാന്‍ തീരുമാനിച്ചത്.
കുറ്റാരോപിതരായ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2014 ലാണ് ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കുന്നത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ ഭാഷ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."