നിരാഹാരം അവസാനിപ്പിക്കില്ല, സമരം കഠിനമാക്കും - ശ്രീജിത്ത്
തിരുവനന്തപുരം: സഹോദരന്റെ മരണത്തെ കുറിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോഴും വിജ്ഞാപനം ഇറങ്ങിയതു കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയതു കൊണ്ട് സമരം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട ആദ്യഘട്ട നടപടികള്‍ ആരംഭിച്ച ശേഷമാണ് സമരം അവസാനിപ്പിക്കുകയെന്ന് ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ സമരവിജയം വലിയ നേട്ടമായി കാണുന്നില്ലെന്ന് ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് സര്‍ക്കാറിന് നേരത്തെ ചെയ്യാമായിരുന്നു. നേരത്തെയും വിജ്ഞാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതും അതുപോലെയാവുമോ എന്നറിയില്ല. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വ്യക്തത നല്‍കിയിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നതാണ് സര്‍ക്കാറിന്റെ ആവശ്യമെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
ഇത്രയും കാലം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരം ശക്തമാക്കി മുന്നോട്ടു പോവുമെന്ന സൂചനയും ശ്രീജിത്ത് നല്കി. ഇത്രയും വെള്ളം കുടിച്ച നിരാഹാരമാണ് നടത്തിയിരുന്നതെന്നും ഇനി ജലപാനം പോലുമില്ലാത്ത സമരത്തിലേക്കു തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നേക്ക് 771 ദിവസമാവുകയാണ് സഹോദന്റെ നീതിക്കായുള്ള ശ്രീജിത്തിന്റെ സമരം തുടങ്ങിയിട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."