നടിക്കെതിരായ അതിക്രമം: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമില്ല, ഉദ്യോഗസ്ഥന് താക്കീത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗുരുതര സംഭവമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം ചോര്‍ന്നതില്‍ ദിലീപിന്റെ ആശങ്ക ന്യായമാണ്. ഇനി മുതല്‍ കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ നവംബര്‍ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കോടതി അത് ഡിസംബറില്‍ മാത്രമാണ് സ്വീകരിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോര്‍ത്തി നല്‍കിയതാണെന്നാണ് ദിലീപിന്റെ ആരോപണം.
പൊലിസ് നല്‍കിയ കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും ഇത്തരമൊരു കുറ്റപത്രത്തിന് സാധുതയില്ലെന്നും ദിലീപ് വാദിച്ചു. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞതിനാല്‍ ഇനി റദ്ദാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."