സാമൂഹ്യശാസ്ത്രം: എ പ്ലസിന് എല്ലാം പഠിക്കേണ്ട
21 പാഠങ്ങള്‍, രണ്ടു പുസ്തകം. ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയമേഖലകള്‍ ഉള്‍പ്പെടുത്തിയുള്ള പത്താംക്ലാസ് സാമൂഹ്യശാസ്ത്ര പഠനത്തിന് തെല്ലൊരാശ്വാസം. 2017 മാര്‍ച്ചില്‍ നടക്കുന്ന എസ്്.എസ്.എല്‍.സി പരീക്ഷയില്‍ 21 പാഠങ്ങളില്‍ ആറെണ്ണം പഠിച്ചില്ലെങ്കിലും കൂട്ടുകാര്‍ക്ക് എ പ്ലസ് നേടി ജയിക്കാം.
ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ വിദ്യാഭ്യാസ വകുപ്പ് ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുള്ളത്. ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങങ്ങളാക്കി തിരിച്ചാണ് പുതിയ ക്രമീകരണം. 2 ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍നിന്ന് നിശ്ചിത എണ്ണം തെരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. കൂടാതെ ഒരോ പാഠഭാഗങ്ങളില്‍നിന്നും വരാവുന്ന ചോദ്യങ്ങളുടെ ആകെ മാര്‍ക്കും മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടു പുസ്തകങ്ങളില്‍നിന്നായി തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന പട്ടികയിലുള്ളതു പ്രകാരമാണ് എ വിഭാഗത്തില്‍നിന്നു ലഭിക്കുന്ന മാര്‍ക്കുകള്‍. എ വിഭാഗത്തിലെ മുഴുവന്‍ അധ്യായങ്ങളില്‍നിന്നും പരീക്ഷയ്ക്ക് ചോദ്യംവരും. മാര്‍ക്കിന്റെ അനുപാതം നോക്കി ഒരോപാഠങ്ങള്‍ക്കും മുന്‍ഗണാക്രമം നല്‍കിവേണം പരീക്ഷക്കൊരുങ്ങേണ്ടത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളിലായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്റ്ററുകളില്‍നിന്ന് ഒന്നുവീതം തെരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കുവാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും.
ചോദ്യങ്ങളിങ്ങനെ: പാര്‍ട്ട് എ യില്‍നിന്ന് 1 സ്‌കോര്‍, 3 സ്‌കോര്‍, 4 സ്‌കോര്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. പാര്‍ട്ട് ബി വിഭാഗത്തില്‍ ലഘു ചോദ്യങ്ങള്‍ ഉണ്ടായിരിക്കില്ല. പകരം 3, 4, 5, 6 സ്‌കോറുകള്‍ ലഭിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാവുക. ഭൂമിശാസ്ത്രത്തില്‍ മാപ്പ് ഒരു നിര്‍ബന്ധിത ചോദ്യമാണ്.
ഒരു സ്‌കോറിന്റെ ഹ്രസ്വോത്തര ചോദ്യങ്ങള്‍ പാര്‍ട്ട് എ യില്‍നിന്നും 3,4 സ്‌കോറിന്റെ ഹ്രസ്വോത്തര ചോദ്യങ്ങള്‍ എ, ബി പാര്‍ട്ടുകളിലും വരും. 5, 6 സ്‌കോറുകളുള്ള ഉപന്യാസ ചോദ്യങ്ങള്‍ പാര്‍ട്ട് ബിയില്‍ നിന്നു മാത്രമാണ് ഉണ്ടാവുക.
ഭൂമിശാസ്ത്രത്തില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അധ്യായങ്ങളില്‍ നിന്നുമാത്രമാണ് മാപ്പിനുള്ള ഉള്ളടക്കം തെരഞ്ഞെടുക്കുക. മാനദണ്ഡങ്ങള്‍ മനസിരുത്തി വായിച്ചു വേണം പരീക്ഷയ്ക്കു പഠിക്കേണ്ട പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ തീരുമാനിക്കേണ്ടത്. കൂടുതല്‍ കാര്യങ്ങളറിയാന്‍ സാമൂഹ്യശാസ്ത്ര അധ്യാപകന്റെ സഹായം തേടാം.
വിശദാംശങ്ങളും മാതൃകാ ചോദ്യപേപ്പറും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.scert.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."