എ.ബി.വി.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍
കണ്ണൂര്‍: പേരാവൂരിനടുത്ത് നെടുംപൊയിലില്‍ എ.ബി.വി.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് ഐടി ഐ വിദ്യാര്‍ഥിയായ ചിറ്റാരിപ്പറമ്പ് ആലപ്പറമ്പ് സ്വദേശി ശ്യാം പ്രസാദ് (21) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്ത്താലില്നിന്നു വാഹനങ്ങളെ ഒഴിവാക്കി.
കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപം ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്തുടര്ന്നെത്തിയ മുഖംമൂടി സംഘം കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
റോഡില്‍ വീണ ശ്യാംപ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയില്‍ വച്ച് അക്രമിസംഘം വെട്ടുകയായിരുന്നു.
വീടിനു സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് അക്രമി സംഘം പിന്തിരിഞ്ഞത്.
നാട്ടുകാര്‍ ശ്യാം പ്രസാദിനെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരിട്ടി ഡിവൈ എസ്.പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ. കുട്ടികൃഷ്ണന്, കൂത്തുപറമ്പ് സിഐ ജോഷി ജോസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. സംഭവത്തിനുശേഷം മാനന്തവാടി ഭാഗത്തേക്ക് വാഹനത്തില്‍ കടക്കുകയായിരുന്ന പ്രതികളെ തലപ്പുഴ എസ്ഐയും സംഘവും ആണ് പിടികൂടിയത്.
നാലു പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."