ബ്രെക്സിറ്റ് ബില്ല്: അധോസഭയില്‍ തെരേസാ മേക്ക് ജയം
ലണ്ടന്‍: ബ്രെക്സിറ്റ് നടപടികള്‍ ആരംഭിക്കാനുള്ള നിര്‍ണായക വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വിജയം. യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്താകുന്ന ബില്ലില്‍ കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയില്‍ അന്തിമ സംവാദവും വോട്ടെടുപ്പും നടന്നത്.
122നെതിരേ 494 വോട്ടിനാണ് 'യൂറോപ്യന്‍ യൂനിയന്‍ നോട്ടിഫിക്കേഷന്‍ ഓഫ് വിത്ത്ഡ്രോവല്‍ ബില്‍' യു.കെ പാര്‍ലമെന്റില്‍ പാസായത്. ഇനി പ്രഭുസഭ കൂടി ബില്ല് അംഗീകരിച്ചാലാണ് പ്രധാനമന്ത്രിക്ക് അന്തിമ നടപടിക്രമങ്ങള്‍ ആരംഭിക്കാനാകുക.
ലിസ്ബണ്‍ കരാര്‍ ആര്‍ട്ടിക്ള്‍ 50 പ്രകാരം യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്താകുന്ന നടപടികള്‍ ആരംഭിക്കാന്‍ അനുവാദം തേടിയുള്ള ബില്ലാണു കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രഭുസഭ കൂടി ബില്ല് അംഗീകരിച്ചാല്‍ ആദ്യപടിയായി യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളുമായി രണ്ടുവര്‍ഷത്തെ ഉടമ്പടി കാലയളവ് നിശ്ചയിച്ചായിരിക്കും ബ്രിട്ടന് പ്രവര്‍ത്തിക്കുക.
ബില്ലില്‍ ഭേദഗതി വന്നാലും ഇല്ലെങ്കിലും അനുകൂലമായി വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് തങ്ങളുടെ എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടി വിപ്പ് മറികടന്ന് 52 ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ബില്ലിനെതിരേ വോട്ട് ചെയ്തു.
ബിസിനസ് സെക്രട്ടറി ക്ലൈവ് ലെവിസും ബില്ലിനെതിരേ വോട്ട് ചെയ്ത കൂട്ടത്തിലുണ്ട്. പ്രധാനമന്ത്രി തെരേസാ മേയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റിവിന്റെ പത്തിലേറെ എം.പിമാരും പാര്‍ട്ടി വിപ്പ് ലംഘിച്ച് ബില്ലിനെതിരേ വോട്ട് ചെയ്തു.
ബില്ല് അവതരിപ്പിച്ച് സംവാദം പൂര്‍ത്തിയായ ശേഷം 20നാണ് പ്രഭുസഭയില്‍ അന്തിമ വോട്ടെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."