ആഫ്രിക്കയിലെ പുതിയ പ്രതാപം
ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊംബസ്സ. ശാഫിഈ മദ്ഹബുകാരായ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ഖാദിരീ ത്വരീഖത്ത് സൂഫീ ലൈനില്‍ ഹദ്ദാദ് തങ്ങള്‍ കാണിച്ച മാതൃകയില്‍ ഉറച്ചുനില്‍ക്കുന്ന സുന്നിവിഭാഗം. വിശ്വാസപരമായും വിദ്യാഭ്യാസപരമായും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന നാട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1331ല്‍ ഇവിടെയെത്തിയ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത എഴുതിവച്ചിട്ടുണ്ട്: ''നീതിമാന്മാരും വിശ്വസിക്കാന്‍ പറ്റിയവരുമാണ് മൊംബസ്സയിലെ ജനങ്ങള്‍. വൈദഗ്ധ്യത്തോടെ മരം കൊണ്ടാണ് അവര്‍ പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്.''നിരവധി പള്ളികളും മതസ്ഥാപനങ്ങളും ഈ പ്രദേശങ്ങളില്‍ പ്രതാപത്തോടെ ഉയര്‍ന്നുനില്‍ക്കുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെമ്മാട് ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി, കോഴിക്കോട് ഖാസിമാരായ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മുഹമ്മദ് പുല്ലാര എന്നിവരോടൊപ്പമായിരുന്നു യാത്ര. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ദുബൈ വഴിയാണ് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞങ്ങള്‍ എത്തുന്നത്. ഞങ്ങളെ സ്വീകരിക്കാന്‍ പ്രമുഖ പണ്ഡിതന്‍മാരായ ഉമര്‍ മുഹമ്മദ് ശൈഖ്, ശൈഖ് താഹാ ഹബീബുല്‍ ഹദ്ദാദ്, ശൈഖ് അബ്ദുന്നൂര്‍ അബ്ദുല്ലാഹി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം വന്നിരുന്നു.
മൂന്നു ദിവസം ഞങ്ങള്‍ നെയ്‌റോബിയില്‍ തന്നെയാണ് താമസിച്ചത്. ആദ്യദിവസം ഒരു പള്ളിയുടെ ഉദ്ഘാടനത്തില്‍ സംബന്ധിച്ചു. പ്രമുഖ യമനിപണ്ഡിതനായ ഹബീബ് സൈനുല്‍ ആബിദീന്‍ അലി ജിഫ്‌രിയാണ് പള്ളി ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം ഒരു മൗലിദ് സദസില്‍ പങ്കെടുത്തു. അന്നേദിവസം മറ്റൊരു പ്രധാന പരിപാടിയുണ്ടായിരുന്നു. കെനിയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്റലക്ച്വല്‍ കോണ്‍ഫറന്‍സ്. അതില്‍ പങ്കെടുത്ത് അഭിസംബോധന ചെയ്തു. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കെനിയന്‍ ഇന്ത്യന്‍ അംബാസിഡറും ചടങ്ങിലുണ്ടായിരുന്നു.
മൂന്നാം ദിവസം നെയ്‌റോബി നഗരത്തിലെ മസ്ജിദുല്‍ ഹുദാ ഉദ്ഘാടന പരിപാടിയായിരുന്നു. അലി ജിഫ്‌രി തന്നെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെപ്പോലെ ദഫ് മുട്ടിയും ബുര്‍ദ ആലപിച്ചുമാണ് ഞങ്ങളെ വേദിയിലേക്കാനയിച്ചത്. നിരവധി സാദാത്തീങ്ങളും പണ്ഡിതന്മാരും പങ്കെടുത്ത സദസില്‍ ജനബാഹുല്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ നാട്ടിലുള്ളവരുടെ ദീനീ സ്‌നേഹവും താല്‍പര്യവും പ്രകടിപ്പിക്കുന്നതായിരുന്നു അത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പള്ളികളില്‍ നടന്ന തസവ്വുഫിന്റെ ക്ലാസുകള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന അതേ ശൈലിയില്‍ തന്നെയാണ്. മതാചാരങ്ങളില്‍ കേരളത്തോട് ഏറെ സാമ്യതകളുണ്ട് കെനിയയ്ക്ക്. നിസ്‌കാരത്തിലെ ഖുനൂത്ത്, ദീര്‍ഘമായുള്ള ദുആയും കാര്യങ്ങളും എല്ലാം അവിടെ അനുഭവിക്കാനാകും.
മൂന്നു ദിവസത്തെ പരിപാടികള്‍ കഴിഞ്ഞാണ് ഞങ്ങള്‍ മൊംബസ്സയിലേക്കു തിരിക്കുന്നത്. നെയ്‌റോബിയില്‍ നിന്ന് നേരെ മോയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നിറങ്ങി. അവിടെ കെനിയന്‍ പ്രസിഡന്റിന്റെ പ്രതിനിധി ബെഞ്ചമിനും എം.പി ഉമര്‍ മൊസംബികോയും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. പൂര്‍ണമായും ഔദ്യോഗിക സുരക്ഷയോടെ ഞങ്ങളെ താമസസ്ഥലത്തെത്തിച്ചു. മകിനോന്‍ റോഡിലാണ് ജാമിഅയുടെ സ്ഥാപനത്തിനുള്ള സ്ഥലമുള്ളത്. മോയ് വിമാനത്താവളത്തില്‍ നിന്ന് ഇവിടേക്ക് 80 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം.
കെനിയയുടെ പ്രൗഢിയെല്ലാം മൊംബസ്സയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മനസിലാക്കാനാവും. അലൂമിനിയം കൊണ്ട് കൂറ്റന്‍ ഇരട്ട ആനക്കൊമ്പുകളിലാണ് മോയ് അവന്യൂവിലെ പ്രവേശന കവാടം പണിതിരിക്കുന്നത്. ആനക്കൊമ്പ് വ്യാപാരത്തിലും വിപണിയിലും ലോകത്തുതന്നെ പ്രസിദ്ധമായൊരു രാജ്യമാണല്ലോ കെനിയ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പണ്ടുമുതലേ കച്ചവട ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് കെനിയ. മൊംബസ്സയിലെ തുറമുഖം വഴിയാണ് രാജ്യാന്തര കച്ചവടങ്ങള്‍ നടന്നിരുന്നത്. ഈ തുറമുഖം ഇന്നും കെനിയയുടെ സാമ്പത്തിക മേഖലയിലെ വലിയൊരു സ്രോതസാണ്. ഞങ്ങള്‍ കെനിയയിലുള്ള സമയത്താണ് വിവാദമായ ആനക്കൊമ്പ് കത്തിക്കല്‍ സംഭവം നടക്കുന്നത്.
105 ടണ്‍ ആനക്കൊമ്പാണ് കെനിയന്‍ ഭരണകൂടം കത്തിച്ചുകളഞ്ഞത്. വേട്ടക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകളാണ് നശിപ്പിച്ചത്. ആനവേട്ടയ്‌ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ആനക്കൊമ്പുകള്‍ കത്തിച്ചത്. നെയ്‌റോബി ദേശീയ പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ 11 ചിതകളിലായാണ് ഇവ നശിപ്പിച്ചത്. നമ്മുടെ നാട്ടിലുള്ളതു പോലെതന്നെ ആനക്കൊമ്പു വ്യാപാരത്തിന് കെനിയയില്‍ ആര്‍ക്കും അനുമതിയില്ല. കെനിയയില്‍ മുന്‍പും ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും അധികം ആനക്കൊമ്പുകള്‍ നശിപ്പിക്കുന്നത് ആദ്യമായാണ്. ആഫ്രിക്കയില്‍ വര്‍ഷം തോറും 30,000 ആനകളെ കൊമ്പിനായി വേട്ടയാടുന്നതായാണ് കണക്കുകള്‍. വ്യാപകമായ തോതില്‍ ആനവേട്ടയും കാണ്ടാമൃഗവേട്ടയും നടക്കുന്ന മൊംബസ്സയില്‍ നിന്ന് മകിനോന്‍ റോഡിലേക്കുള്ള യാത്രക്കിടെ ഞങ്ങള്‍ക്ക് ദൂരേനിന്ന് ചിതയില്‍ നിന്നുയരുന്ന പുകച്ചുരുള്‍ കാണാമായിരുന്നു.
കേരളത്തിലെപ്പോലെ നഗരമധ്യത്തിലും മറ്റും പഴയ പള്ളികള്‍ ഒരുപാടുണ്ട്. നിര്‍മാണത്തിലും വാസ്തുവിദ്യയിലും കേരളത്തിലെ പള്ളികളോട് സാമ്യതയുള്ള പള്ളികള്‍. അധികവും നിര്‍മിച്ചിരിക്കുന്നത് മരങ്ങള്‍ കൊണ്ടാണ്. മനോഹരമായ കൊത്തുപണികളും ഖുര്‍ആന്‍ വാക്യങ്ങള്‍ കൊത്തിവച്ച മരങ്ങളും നമ്മുടെ നാട്ടിലെ പള്ളികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെ എന്നാണ് ആദ്യമായി പള്ളി നിര്‍മിക്കപ്പെട്ടതെന്നു ചരിത്ര രേഖകളില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പള്ളികളും മുസ്‌ലിം ആരാധനാലയങ്ങളും ഉയര്‍ന്നിരിക്കാനാണ് സാധ്യത.
ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവിടെ റെയില്‍വേ വരുന്നത്. ഇതിന്റെ നിര്‍മാണത്തിനായി ഇന്ത്യയില്‍ നിന്ന് നിരവധിയാളുകളെ കൊണ്ടുപോവുകയും ഗുജറാത്തികളുടെ നേതൃത്വത്തില്‍ അവിടെ ഒരു പള്ളി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഭാഗങ്ങളില്‍ ഇന്നും ഗുജറാത്തികള്‍ താമസമുണ്ട്. വിദേശികളില്‍ അധികവും ഗുജറാത്തികളായ മുസ്‌ലിംകളാണെന്നും പറയാം. ഗുജറാത്തികള്‍ കഴിഞ്ഞാല്‍ പിന്നെ മേമന്‍ വിഭാഗക്കാരാണ്. തലസ്ഥാന നഗരിയായ നെയ്‌റോബിയിലും കെനിയയുടെ മറ്റു ഭാഗങ്ങളിലും ഗുജറാത്തികള്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.
മൊംബസ്സയുടെ ഒത്തനടുക്കുള്ള ശ്രീകൃഷ്ണ ക്ഷേത്രം ഞങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടു. കെനിയയിലാകെ 60,000 ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. കിഴക്കന്‍ ആഫ്രിക്കയും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മിലുള്ള കച്ചവട ബന്ധത്തിലൂടെയാണ് ഇവിടെ ഹിന്ദുക്കളെത്തിയത്. ഇതില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യക്കാരും സൂറത്ത്, കച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരുമാണ് ഒട്ടുമിക്കവരും. കച്ചവടത്തിനായി എത്തിയതിനു പുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയവരാണ് ഭൂരിഭാഗവും. 1963ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് കെനിയയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് രണ്ടുലക്ഷം ഹിന്ദുക്കള്‍ ഇവിടെയുണ്ടായിരുന്നു. പിന്നീട് നടന്ന രാഷ്ട്രീയ കലഹത്തെത്തുടര്‍ന്ന് പല ഹിന്ദുക്കളും യൂറോപ്പിലേക്കും മറ്റു കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കും കുടിയേറുകയായിരുന്നു. 1969ല്‍ മൊംബസ്സയിലാണ് ആദ്യ ക്ഷേത്രം പണിയുന്നത്. ഇതേ കാലത്ത് നെയ്‌റോബിയിലും കിസിമുവിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു. ഇവിടുത്തെ മുസ്‌ലിംകള്‍ ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു.
നെയ്‌റോബി സമുദ്രനിരപ്പില്‍ നിന്ന് 5,000 ചതുരശ്ര അടി ഉയരത്തിലായതിനാല്‍ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. എന്നാല്‍ മൊംബസ്സയിലെ കാലാവസ്ഥ അല്‍പ്പം വ്യത്യസ്തമായിക്കിടക്കുന്നു. സീസണില്‍ പെയ്യുന്ന മഴയെ ആശ്രയിച്ചാണ് ഇവിടെ കൃഷിയും ജീവിതവും. ചോളം, ഗോതമ്പ്, അരി, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എല്ലാം ആധുനിക രീതിയില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.
നഗരത്തില്‍ നിന്നു മാറിയാണ് ജാമിഅ നൂരിയ്യയുടെ കീഴില്‍ സ്ഥാപനം തുടങ്ങാന്‍വേണ്ടി 30 ഏക്കര്‍ സ്ഥലം ലഭ്യമായിരിക്കുന്നത്. ഈ സ്ഥലത്തിനുമുണ്ട് ഒരുപാട് കഥകള്‍ പറയാന്‍. വിശാലമായ, സുലഭമായി വെള്ളം ലഭിക്കുന്ന സ്ഥലമാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ അവരുടെ ആസ്ഥാനം നിര്‍മിക്കാന്‍ പദ്ധതിയിടുകയും പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. അതിന്റെ അടയാളങ്ങള്‍ ഇന്നും കാണാം. ഈ സ്ഥലത്തോട് ചേര്‍ന്ന് ഒരു മഹാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. മൂന്നരയേക്കറോളം വരുന്ന ഈ സ്ഥലവും അവര്‍ സ്ഥാപനത്തിനായി നല്‍കാന്‍ തയാറായിരിക്കുകയാണ്. യാദൃച്ഛികമെന്നോണം, പട്ടിക്കാടിനു സമാനമായി സ്ഥലത്തോട് ചേര്‍ന്ന് റെയില്‍വേ ലൈനും പോകുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 29നാണ് 'ജാമിഅ' തുടങ്ങാനുള്ള കരാര്‍ ഉണ്ടാക്കുന്നത്. ജാമിഅയുടെ പ്രതിനിധികളായി സാദിഖലി ശിഹാബ് തങ്ങളും ഞാനും കരാറില്‍ ഒപ്പുവച്ചു. ഇമാം ഹദ്ദാദ് ഇസ്‌ലാമിക് സ്‌കൂള്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുന്നൂര്‍ അബ്ദുല്ല മുഹമ്മദ്, സ്‌കൂള്‍ രക്ഷാധികാരി ഉമര്‍ ശൈഖ് മുഹമ്മദ്, ഇഹ്‌സാന്‍ എജ്യുക്കേഷനല്‍ ഡെവലപ്‌മെന്റ് മാനേജിങ് ട്രസ്റ്റി ദാവൂദ് എസ് അബ്ദുറഹ്മാന്‍ എന്നിവരുമായാണ് കരാര്‍ ഉണ്ടാക്കിയത്. അബ്ദുന്നൂര്‍ അബ്ദുല്ല മുഹമ്മദാണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളാവുക. സ്ഥാപനത്തിനുവേണ്ട കെട്ടിട നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അവിടെയുള്ളവരില്‍ നിന്നു തന്നെ സംഭാവനകള്‍ സ്വീകരിച്ചാണ് കെട്ടിടം നിര്‍മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നത്.
ജാമിഅ നൂരിയ്യയുടെ കീഴില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഒരു സ്ഥാപനം ഉണ്ടാക്കണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സുഡാനിലാണ് ആഗ്രഹിച്ചതെങ്കിലും ഇപ്പോള്‍ തുടങ്ങാനായത് കെനിയയിലാണ്. ജാമിഅ നൂരിയ്യയുടെ സമ്മേളനങ്ങളില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി അവിടുത്തെ പണ്ഡിതന്മാര്‍ വന്നുകൊണ്ടിരിക്കുകയാണ്. ജാമിഅ പോലൊരു സ്ഥാപനം അവിടെയും സ്ഥാപിക്കണമെന്ന് അവര്‍ അതിയായ ആഗ്രഹവും പ്രകടിപ്പിച്ചു. കഴിഞ്ഞ ജാമിഅ സമ്മേളനത്തിലും അതിനു മുന്‍പത്തെ സമ്മേളനത്തിലും സജീവമായ ചര്‍ച്ച ഈ വിഷയത്തില്‍ നടന്നിരുന്നു. ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലിയുടെ നേതൃത്വത്തില്‍ അവിടെ സ്ഥാപനം തുടങ്ങാനുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് നെയ്‌റോബി, മൊംബസ്സ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ നമ്മെ സമീപിക്കുകയും നമ്മുടെ പ്രവര്‍ത്തന രീതികള്‍ കാണുകയും വിലയിരുത്തുകയും ചെയ്തു. സമ്മേളനത്തിനും 13 ദിവസം മുന്‍പേ അവര്‍ ഇവിടെ വരികയും ജാമിഅ അടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അതേപ്പറ്റി പഠിക്കുകയും ചെയ്തു.
ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 'സമസ്ത'യുടെ പ്രവര്‍ത്തനം വിപുലമാക്കുക എന്നതാണ് അവരുടെ വലിയ ആഗ്രഹം. ഇവിടെ വരികയും നമ്മുടെ പ്രവര്‍ത്തനം കാണുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആഗ്രഹം രൂപപ്പെടുന്നത്. പതിനായിരത്തോളം വരുന്ന നമ്മുടെ മദ്‌റസാ സംവിധാനത്തെയും പള്ളി ദര്‍സുകളെയും അവര്‍ നിരീക്ഷിക്കുകയും ഈ മാതൃക അവിടെ കൊണ്ടുവരാന്‍ പദ്ധതിയിടുകയും ചെയ്തു. സുന്നത്ത് ജമാഅത്തിന്റെ ശരിയായ പ്രവര്‍ത്തനം മദ്ഹബ് അനുസരിച്ച് സൂഫികള്‍ കാണിച്ചുതന്ന ശൈലിയില്‍ കൊണ്ടുപോകുന്ന കേരളത്തിലെ സംവിധാനം അവരെ ആകര്‍ഷിച്ചിട്ടുണ്ട്. സ്വഹാബിമാരുടെ കാലത്ത്, അല്ലെങ്കില്‍ സ്വഹാബിമാര്‍ക്ക് നബി പഠിപ്പിച്ച അതേരീതിയില്‍ നടന്നുപോകുന്നതു കണ്ടപ്പോള്‍ ഈ കേരളത്തെയാണ് മാതൃകയാക്കേണ്ടതെന്ന് അവര്‍ ആഗ്രഹിച്ചു.
'ജാമിഅ'യുടെ സ്ഥാപനം മാത്രമല്ല, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സമാനമായൊരു സംഘടന കെനിയയില്‍ രൂപീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അത് 'സമസ്ത'യുടെ സംഘടനാ രൂപത്തിലായിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ നേതൃത്വം നല്‍കേണ്ടവരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീടൊരിക്കല്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.
മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം ഈ മാസം മൂന്നിന് നടത്തിയ വിപുലമായ പരിപാടിയില്‍ സ്ഥാപനത്തിന് തറക്കല്ലിടുകയും അവിടെ 'സമസ്ത'യുടെ കൊടി നാട്ടുകയും ചെയ്തു. ബുര്‍കിനഫാസോ, നൈജീരിയ, ഇന്തൊനീഷ്യ, താന്‍സാനിയ, സൊമാലിയ എന്നീ രാജ്യങ്ങളിലെ പണ്ഡിതന്‍മാരും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഈ രാജ്യങ്ങളിലെയെല്ലാം കുട്ടികള്‍ നമ്മുടെ പുതിയ സ്ഥാപനത്തില്‍ പഠിക്കാനെത്തും. നിലവില്‍ ക്ലാസുകള്‍ തുടങ്ങാനാവശ്യമായ കെട്ടിടം തയാറായിട്ടില്ലെങ്കിലും പള്ളിയില്‍ വച്ച് ഈ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കാനാണ് തീരുമാനം. കെട്ടിടം തയാറായാല്‍ ഇത് 'ജാമിഅ' പോലെ ഒരു വലിയ സ്ഥാപനമായി ലോകം അറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."