പുകയുന്ന തമിഴ് രാഷ്ട്രീയം
തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നലെ ചെന്നൈയില്‍ എത്തിയതോടെ തമിഴകരാഷ്ട്രീയം തുറന്ന പോരിലേക്കെത്തിയിരിക്കുകയാണ്. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും ശശികലയ്ക്കും തന്നെ കാണാനുള്ള അനുമതിയും അദ്ദേഹം നല്‍കി. പനീര്‍ശെല്‍വവും ജയലളിതയുടെ തോഴിയും ഇപ്പോള്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികലയും തമ്മിലുള്ള തുറന്നപോരിനായിരിക്കും ഇനി തമിഴകം വേദിയാകുക. കഴിഞ്ഞദിവസം ജയലളിതയുടെ സമാധിയില്‍ ധ്യാനനിരതനായി 45 മിനിറ്റ് ചെലവഴിച്ച ശേഷമാണ് പനീര്‍ശെല്‍വം ശശികലയുമായിട്ടുള്ള തുറന്ന യുദ്ധത്തിന് കാഹളം മുഴക്കിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോള്‍ തമിഴക ദ്രാവിഡ രാഷ്ട്രീയത്തില്‍ താന്‍ ഏകനാണെന്ന ബോധ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍, രാജി വച്ചതിനു ശേഷം പല ഭാഗങ്ങളില്‍നിന്നു വന്ന പിന്തുണയില്‍ പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നു കിട്ടിയ പിന്തുണയില്‍ ഉത്തേജിതനായി അദ്ദേഹം ശശികലയുമായി പോരാട്ടത്തിനിറങ്ങുകയായിരുന്നു.
രാജിവയ്ക്കുന്നതിന് മുമ്പായിരുന്നു ബി.ജെ.പി പിന്തുണ കിട്ടിയിരുന്നതെങ്കില്‍ രാജിവയ്ക്കുകയില്ലായിരുന്നു. ഒ. പനീര്‍ശെല്‍വത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുടെ നാന്ദിയായിട്ടാണ് ചെന്നൈയിലേക്കുള്ള ഗവര്‍ണറുടെ യാത്ര വൈകിച്ചത്. ഇന്നലെ എത്തിയ ഗവര്‍ണറെ കണ്ട് ഒ. പനീര്‍ശെല്‍വം താന്‍ സഭയില്‍ വിശ്വാസ വോട്ടു തേടാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. 130 എം.എല്‍.എമാരുടെ പിന്തുണ ശശികലയ്ക്കാണ്. ഒരു വര്‍ഷം മാത്രം പ്രായമായ ഭരണകൂടത്തില്‍നിന്നു തെറ്റിപ്പിരിഞ്ഞു പനീര്‍ശെല്‍വത്തോടൊപ്പം പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ ശശികലയ്‌ക്കൊപ്പം കൂടിയത്. ശശികലയ്ക്കും തന്റെ ഒപ്പമുള്ള എം.എല്‍.എമാരെ വിശ്വാസമില്ല. ഏതുസമയവും അവര്‍ കൂറുമാറിയേക്കാം എന്ന സന്ദേഹത്തെ തുടര്‍ന്നാണ് അവരെ രഹസ്യസങ്കേതത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധവുമാണ്.
എം.എല്‍.എമാരെ പൂട്ടിവച്ചതു കൊണ്ടു മാത്രം ശശികലയ്ക്ക് സഭയില്‍ ഭൂരിപക്ഷം കിട്ടിക്കൊള്ളണമെന്നില്ല. ജനപിന്തുണയും പാര്‍ട്ടി പിന്തുണയും പനീര്‍ശെല്‍വത്തിനോടൊപ്പമാണെന്ന് തടഞ്ഞുവയ്ക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് ബോധ്യമായാല്‍ അവര്‍ മറുകണ്ടം ചാടുകയും ചെയ്യും. മറീന ബീച്ചിലെ ധ്യാന പ്രകടനത്തിനു ശേഷം വിനീതവിധേയന്‍ എന്ന പരിവേഷത്തില്‍ നിന്നു നീതിക്കുവേണ്ടി പൊരുതുന്ന നേതാവ് എന്ന തലത്തിലേക്ക് ഒ. പനീര്‍ശെല്‍വം ഉയര്‍ന്നിരിക്കുന്നു. അതിനാല്‍ തന്നെ അവസരം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയിരിക്കുകയാണദ്ദേഹം. ഇതിന്റെ ഭാഗമായിട്ടാണ് ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതി വേദനിലയം അവരുടെ സ്മാരകമാക്കാന്‍ തീരുമാനമെടുത്തതും. ഇതിന്റെ നിയമസാധുത പരിശോധിക്കേണ്ടി വരും. വേദനിലയം സര്‍ക്കാരിന്റേതല്ല.
സ്മാരകമാക്കണമെങ്കില്‍ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. എം.ജി.ആറിന്റെ വസതി സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമായിരുന്നു അത് സ്മാരകമാക്കിയത്. രാജി പിന്‍വലിക്കാനുള്ള തീരുമാനം പനീര്‍ശെല്‍വം ഗവര്‍ണറെ അറിയിച്ച സ്ഥിതിക്ക് ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് അതനുവദിച്ചാല്‍ വേദനിലയം പനീര്‍ശെല്‍വത്തിന് സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് ജയലളിതയുടെ സ്മാരകമാക്കാം. അതുവഴി ശശികലയെ അവിടെ നിന്ന് ഇറക്കാനും തമിഴ്ജനതയുടെ പ്രീതി നേടാനും പനീര്‍ശെല്‍വത്തിന് കഴിയും. ശശികലയെ സംബന്ധിച്ചുള്ള അഴിമതിക്കേസില്‍ സുപ്രിംകോടതി വിധി ഒരാഴ്ചയ്ക്കുള്ളില്‍ വരാനിരിക്കെ ഗവര്‍ണര്‍ തിരക്കിട്ടൊരു തീരുമാനമെടുക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് കരുക്കള്‍ നീക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ദൗത്യം. ഭരണഘടനയനുസരിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്താം.
ഈ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തമിഴകത്തില്‍ ഇതുവരെ സൂചികുത്താനുള്ള ഇടം ബി.ജെ.പിക്ക് കിട്ടിയിട്ടില്ല. ഒ. പനീര്‍ശെല്‍വത്തിന് നല്‍കുന്ന പിന്തുണയിലൂടെ ദ്രാവിഡ രാഷ്ട്രീയത്തെ ദുര്‍ബലമാക്കാമെന്ന് ബി.ജെ.പി കരുതുന്നു. അതുവഴി തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാമെന്ന് കണക്കു കൂട്ടുന്നു. എന്നാല്‍, തമിഴ്ജനത അവരുടെ ഉപദേശീയതയായി ദ്രാവിഡ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും കാണുന്നുവെന്നതാണ് യാഥാര്‍ഥ്യം. അവിടെ കാമരാജിനുശേഷം മറ്റാര്‍ക്കും വേരുപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."