അറബിക്കല്ല്യാണം ഒരു എക്‌സ്‌ക്ലൂസിവ് സ്‌റ്റോറി
തൊണ്ണൂറുകളുടെ ആദ്യം. ശരീഅത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി അതിന്റെ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നു പയ്യെ പയ്യെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലം. നമ്പൂതിരിപ്പാടും ബുദ്ധിജീവികളും യുക്തിവാദികളും മോഡേണിസ്റ്റുകളുമൊക്കെ ശരീഅത്ത് വിവാദത്തിന്റെ വെടിക്കെട്ടിന്റെ ലഹരിയില്‍ ഉന്മാദം കൊണ്ട് ആര്‍ത്തട്ടഹസിക്കുന്നതിനിടയിലാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ അറബിക്കല്ല്യാണത്തിന്റെ പുതുപുത്തന്‍ അമിട്ടുകള്‍ക്ക് തിരികൊളുത്തിക്കൊണ്ടിരുന്നത്. 16 വയസായ ഒരു പെണ്‍കുട്ടിയെ ഒരറബി വിവാഹം ചെയ്ത് ഹൈദരാബാദ് വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെ അറബിക്കല്ല്യാണ വെടിക്കെട്ടുകള്‍ കിടിലം കൊള്ളിച്ചു. ഇലക്‌ട്രോണിക് മാധ്യമം ദൂരദര്‍ശനില്‍ മാത്രം ഒതുങ്ങിയിരുന്ന കാലം. നവമാധ്യമങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ പോലും ഉണ്ടായിരുന്നില്ല. കടലാസു മാധ്യമങ്ങള്‍ മാത്രം ശരണം. കടലാസു മാധ്യമങ്ങള്‍ അറബിക്കല്ല്യാണം ശരിക്കും ആഘോഷിച്ചു. ശരീഅത്ത് വിവാദത്തിനു പേറടക്കിയ നേരം കൂടിയായതിനാല്‍ അറബിക്കല്ല്യാണ പൂരം കെങ്കേമമായി നടന്നു. മലയാളത്തിലെ മുത്തശ്ശിമാരും മുത്തശ്ശന്മാരും ആഘോഷം കെങ്കേമമാക്കി. കോഴിക്കോടന്‍ തീരദേശങ്ങളില്‍ നിന്ന് ശതാബ്ദങ്ങളായി അരങ്ങേറിക്കൊണ്ടിരുന്ന അറബിക്കല്ല്യാണത്തിന്റെ കഥകള്‍ കെട്ടഴിച്ചുവിട്ടതോടൊപ്പം ബേപ്പൂരില്‍ നിന്നും മാറാട്ടുനിന്നും ചാലിയത്തു നിന്നുമെല്ലാം അറബികള്‍ പെണ്ണുകൊണ്ടുപോകുന്നതിന്റെ പുത്തന്‍ കഥകള്‍ തിരക്കി മണിയറ രഹസ്യങ്ങളുടെയും കിടപ്പുമുറികളില്‍ ഉറ്റിവീഴുന്ന കണ്ണീര്‍തുള്ളികളുടെയും ആരവത്തോടെ പത്രക്കടലാസുകളില്‍ നിറംപിടിച്ചു നിന്നു.
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറബിക്കല്ല്യാണങ്ങളുടെ കഥ പതിവായി വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇത്തരത്തിലൊരു സ്‌റ്റോറി തനിക്കും ലഭിച്ചുവെങ്കില്‍ അതു തികച്ചും എക്‌സ്‌ക്ലൂസിവായി മാറും എന്ന മോഹമുദിച്ചു. എവിടെ നിന്നെങ്കിലും അത്തരം ഒരു കെട്ടിന്റെ ചൂരടിക്കുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ പല സുഹൃത്തുക്കളെയും ഏര്‍പ്പാടാക്കി. ഇതിനിടയിലാണ് ഒരു ദിവസം നഗരത്തിന്റെ ഓരത്തുകൂടി മൂന്ന് അറബികളും രണ്ടു ചെറുപ്പക്കാരും കുശലം പറഞ്ഞു നടന്നുനീങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. ഒരു ചാരന്റെ ജിജ്ഞാസയോടെ ഇവരെ കണ്ടും കാണാതെയും ഞാന്‍ പിന്തുടര്‍ന്നു. ഉദ്ദേശം 70 വയസ് തോന്നിക്കുന്ന ഒരറബി. മറ്റൊരാള്‍ അന്‍പതിലധികം പ്രായം. അല്‍പം മുതുകൊടിഞ്ഞ രൂപത്തിലുള്ള നടത്തം. മൂന്നാമത്തെയാള്‍ തടിച്ചു വൃത്താകൃതിയില്‍ ഒരു രൂപം. നല്ല പൊക്കം. തല മുണ്ഡനം ചെയ്തു ഒരു മന്ദബുദ്ധിയുടെ ചേഷ്ടകളുമായി നടക്കുന്നു. മൂന്നു പേര്‍ക്കുമൊപ്പമുള്ള യുവാക്കള്‍ നാട്ടുകാര്‍ തന്നെയാണെന്ന് ബോധ്യമാവുന്ന രൂപത്തിലുള്ള വസ്ത്രധാരണം. എല്ലാവരും നഗരത്തിലെ ഒരു ടൂറിസ്റ്റ്‌ഹോമില്‍ കയറി. അതിന്റെ ലോബിയിലെ സെറ്റിയിലിരുന്ന് കളിതമാശകള്‍ പറയുന്നു. കൂടെയുള്ള യുവാക്കള്‍ അറബികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു. ഞാന്‍ പതുക്കെ സോഫയില്‍ അല്‍പം മാറിയിരുന്നു. ഇവരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു. പിന്നെ എല്ലാവരോടും പതുക്കെ അടുത്തു. യുവാക്കളോട് സ്വന്തം ഭാഷയിലും അറബികളോട് ശൂയ് ശൂയ് അറബിയിലും കുശലം പറഞ്ഞു. ഏറെനേരം അവര്‍ക്കൊപ്പം ചെലവഴിച്ചു. കാര്യങ്ങളെല്ലാം പതുക്കെ മനസിന്റെ ചിപ്പില്‍ കയറ്റി. എന്റെ ഊഹം ശരിയായിരുന്നു. മൂന്നുപേരും കല്യാണം കഴിക്കാനായി വന്നവര്‍ തന്നെ. യുവാക്കള്‍ ഇവരെ മസ്‌ക്കറ്റില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതാണ്. ടൂറിസ്റ്റ് ഹോമിലെ റിസപ്ഷനിസ്റ്റിനോട് കൂടി യാത്രപറഞ്ഞ് ഞാനും പടിയിറങ്ങി. നേരെ ഓഫിസിലേക്ക് തിരിച്ചു. അറബിക്കല്ല്യാണത്തിന്റെ കളര്‍ഫുള്‍ സ്‌റ്റോറി തയാറാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. കഥ രണ്ടുമൂന്ന് ആംഗിളില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടു. പക്ഷേ, കല്യാണം നടന്നിട്ടില്ലെന്നത് എന്നെ അസ്വസ്ഥനാക്കി. അടുത്ത ദിവസമേ കല്യാണം നടക്കൂ എന്ന് ഇവരുടെ സംഭാഷണങ്ങളില്‍ നിന്നു ഞാന്‍ മനസിലാക്കിയിരുന്നു. കൂടെയുണ്ടായിരുന്ന യുവാക്കളോട് അവരുടെ വീടും നാടും അന്വേഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രദേശത്ത് ഒന്നു സന്ദര്‍ശിക്കണം എന്നു എന്നോടാരോ മന്ത്രിക്കുന്നതുപോലെ തോന്നി. ഏതായാലും അടുത്ത ദിവസം കല്യാണം കഴിയട്ടെ. എന്നിട്ടാവാം ആ സന്ദര്‍ശനമൊക്കെ. അറബിക്കല്യാണ സ്‌റ്റോറി അന്നേക്ക് തരപ്പെട്ടില്ല. പതിവുപോലെ അന്നത്തെ റിലീസുകളും ഒന്നുരണ്ടു ചെറിയ സംഭവങ്ങളും കടലാസില്‍ പകര്‍ത്തി ഒരു ചായ കുടിക്കാന്‍ നഗരത്തിന്റെ ഓരത്തെ കാപ്പിക്കടയിലേക്കു കയറി.
തിരിച്ചുവരുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി നടന്നുവരുന്നതിനിടയില്‍ മറുവശത്തെ ഒരു ബുക്‌സ്റ്റാളില്‍ നിന്ന് എന്നെ ഒരു യുവാവ് വിളിക്കുന്നു. ഞാന്‍ തെല്ലൊന്നമ്പരന്നു. മറുപുറത്ത് കടയില്‍ നില്‍ക്കുന്നത് നേരത്തേ അറബികള്‍ക്കൊപ്പം കണ്ട ചെറുപ്പക്കാര്‍. അറബികള്‍ കൂടെയില്ല. ഞാന്‍ ധൈര്യം കൈവിടാതെ ആ കടയിലേക്കു ചെന്നു. യുവാക്കളില്‍ ഒരാള്‍ അലറിച്ചാടി. എന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ചു. പരിസരബോധം അയാള്‍ക്കു പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. അയാള്‍ വിറക്കുന്നു. കൂടെയുള്ളയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് കലിയടങ്ങുന്നില്ല. എന്റെ ഷര്‍ട്ട് വലിച്ചികീറി അയാള്‍ ആക്രോശിച്ചു. ''എടാ, നിനക്ക് മുടക്കണമല്ലെ, എന്റെ കുട്ടികളുടെ കല്യാണം?'' ഞാന്‍ ധൈര്യം കൈവിടാതെ, എന്താണു കാര്യം എന്നു തിരക്കി. യുവാവ് ആക്രോശം തുടരുകയാണ്. ആളുകള്‍ തടിച്ചുകൂടി. കൂടിയവരോടായി യുവാവ് അലറിക്കൊണ്ടിരുന്നു. ഞാന്‍ പത്തുകൊല്ലമായി മസ്‌ക്കറ്റില്‍ അറബിയുടെ വീട്ടിലെ ഡ്രൈവറാണ്. എന്റെ മൂന്നു പെങ്ങന്മാരെ കെട്ടിക്കാനുണ്ട്. മൂത്തവള്‍ക്ക് 37 വയസ്. രണ്ടാമത്തവള്‍ക്ക് 33. ഇളയവള്‍ക്ക് 29. എങ്ങനെയെങ്കിലും ഇവരെയൊന്നു കെട്ടിച്ചുവിടാന്‍ ഞാന്‍ 10 കൊല്ലമായി പാടുപെടുന്നു. ഇതുവരെ നാട്ടില്‍ വന്നിട്ടില്ല. ഏറെ പണിപെട്ടാണ് മൂന്നു അറബികളെ ഇവര്‍ക്ക് മാപ്പിളമാരായി കണ്ടെത്തി അവരെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അവര്‍ തയാറുമാണ്. പക്ഷേ, ഈ മനുഷ്യന് ആ കല്യാണം മുടക്കണം. പത്രത്തില്‍ വാര്‍ത്ത കൊടുത്തുകൊണ്ട്. അതിനായി അയാള്‍ ഞങ്ങള്‍ താമസിക്കുന്ന ടൂറിസ്റ്റ് ഹോമില്‍ വന്നു. ഇയാള്‍ ചതിയനാണ്. കൊടും ചതിയന്‍. ഒന്നുകില്‍ ഇയാള്‍ അല്ലെങ്കില്‍...രണ്ടാലൊന്നു തീര്‍ച്ച. നീണ്ട എട്ടുകൊല്ലം ഞാന്‍ നാട്ടില്‍ വരാന്‍ കഴിയാതെ മസ്‌ക്കറ്റില്‍ നിന്നത് എന്റെ പെങ്ങന്മാര്‍ക്ക് വേണ്ടിയായിരുന്നു. അവരെ കെട്ടിക്കാന്‍ കഴിയാത്തതിന്റെ ദു:ഖത്തില്‍ ബാപ്പ എന്നോ മരിച്ചു പോയി. ഇനിയും പെങ്ങന്മാരെ കെട്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചുറ്റും കൂടിയവര്‍ ക്രൂരമായ നോട്ടം എന്റെ നേരെ എറിഞ്ഞു. പലരും എന്തൊക്കെയോ കമന്റുകള്‍. യുവാവിന്റെ കണ്ണില്‍ നിന്ന് അടര്‍ന്നുവീണ കണ്ണുനീര്‍ ചാലിട്ടൊഴുകിയത് എന്റെ കണ്ണുകളിലൂടെയായിരുന്നു. ഞാന്‍ സ്തബ്ധനായി. എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നു. ഏറെ പാടുപെട്ട് ഞാന്‍ യുവാവിന്റെ തോളില്‍ കൈവച്ച് സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ കൈകള്‍ തട്ടിമാറ്റി എന്റെ നേരെ വീണ്ടും ശകാരവാക്കുകള്‍ എറിഞ്ഞു. ഞാന്‍ നിങ്ങള്‍ക്കെതിരേ ഒന്നും ചെയ്യില്ല സുഹൃത്തേ. നിങ്ങളുടെ വേദന ഞാന്‍ മനസിലാക്കുന്നു. ഇങ്ങനെ ഒരു കഥ ഇതിനു പിന്നിലുണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്ന് വരുമായിരുന്നില്ല. നിങ്ങള്‍ എന്നോടു ക്ഷമിക്കണം. അയാള്‍ ശാന്തനായി കണ്ണീര്‍ തുടച്ച് എന്നെ ആലിംഗനം ചെയ്തു. ഈ അറബിക്കല്യാണം ഒരു എക്‌സ്‌ക്ലൂസിവ് ആയിരിക്കട്ടെ എന്നു ഞാനും മനസില്‍ കരുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."