ലോകമലയാളിയും ഹരിതകേരളവും
ലോകമെമ്പാടും അറിയപ്പെടുന്ന നാടാണ് നമ്മുടെ കേരളം. ലോകമെമ്പാടുമുള്ള ജനസമൂഹങ്ങള്‍ക്ക് വിശ്വസ്തമായ രീതിയില്‍ പലതരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്ന മലയാളിക്ക് ലഭിക്കുന്ന വേതനം പലപ്പോഴും ആ നാട്ടിലുള്ളവര്‍ക്കു നല്‍കുന്നതിന്റെ പകുതിയോ അതില്‍ കുറവോ ആണ്. കിട്ടുന്ന പണം വളരെ സൂക്ഷിച്ചു മാത്രം ചെലവഴിച്ച് ബാക്കി നാട്ടിലയച്ചു കൊടുക്കുന്നു. നാട്ടിലെ കുടുംബവും നാടും പച്ച പിടിക്കുന്നു. അതുപോലെ തന്നെ വിദേശങ്ങളില്‍ നല്ല വരുമാനമുള്ളവര്‍ തന്റെ കുടുംബത്തെ അവിടേക്ക് കൂട്ടുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ത്തന്നെ മലയാളി സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും ബോര്‍ണിയയിലേക്കും സിലോണിലേക്കുമൊക്കെ ജോലി തേടി പോകാന്‍ കാരണം നമ്മുടെ കടല്‍ത്തീര തുറമുഖങ്ങളാണ്. വിദേശരാജ്യങ്ങളുമായി നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്ന നമുക്ക് വിദേശയാത്ര പുത്തരിയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ തുടങ്ങി. രണ്ടായിരമാണ്ടെത്തുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലുമെല്ലാം മലയാളി കൂടുതല്‍ വ്യാപിച്ചു. വിദ്യാഭ്യാസം അതിന് ഏറെ സഹായിച്ചു. മലയാളിയുടെ സ്വീകാര്യത വര്‍ധിച്ചു. ലോകത്ത് എത്രതന്നെ ജനസമൂഹങ്ങളുണ്ട്, അവര്‍ക്കൊന്നുമില്ലാത്ത തുടര്‍ച്ചയായ സ്വീകാര്യത മലയാളിക്കങ്ങനെ കൈവന്നു. ലോകരാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യയ്ക്കകത്തും എല്ലാ സംസ്ഥാനങ്ങളിലുമായി മലയാളി വ്യാപിച്ചിട്ടുണ്ട്. ശാരീരികമായ തൊഴിലുകളെക്കാള്‍ ബൗദ്ധികമായ തൊഴിലുകളിലാണ് നമ്മള്‍ കൂടുതല്‍ ശോഭിച്ചു കാണുന്നത്.
ലോകമെമ്പാടുമായി എത്ര മലയാളികളാണ് പ്രവാസികളായുള്ളതെന്ന് നാം ഇന്നുവരെ ഒരു കണക്കെടുത്തിട്ടില്ല. യഥാര്‍ഥത്തില്‍ കേരളത്തിന്റെ സാമ്പത്തികവും അല്ലാതെയുമുള്ള ഒന്നാം സ്ഥാനങ്ങള്‍ക്കു കാരണം കേരളത്തിനു പുറത്തേക്കു പോയ മലയാളികളുടെ അധ്വാനമാണ്. ആഭ്യന്തരമായ ഉല്‍പാദനം കൊണ്ട് നമുക്കെന്തു സാമ്പത്തിക വളര്‍ച്ച ഉണ്ടാകാനാണ്. ആകെക്കെൂടി നമ്മുടെ പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ റബറും തേയിലയുമാണ് എടുത്തു പറയാനുള്ളത്. പിന്നെ തേങ്ങയാണുള്ളത്. തേങ്ങയുടെ വിലനിലവാരം നമുക്കറിയാവുന്നതേയുള്ളു. നമ്മുടെ നാട്ടുമ്പുറങ്ങളില്‍ 'തേങ്ങയാണ് 'എന്നു പറയുന്ന ഒരു ശൈലിയുണ്ട്. ഒരുപയോഗവുമില്ലാത്ത കാര്യങ്ങളെയാണ് അങ്ങനെ സൂചിപ്പിക്കുന്നത്. വ്യവസായം, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയവയൊന്നും തന്നെ ആകര്‍ഷകമായ വരുമാനം ഉണ്ടാക്കിയിട്ടില്ല. മറ്റു നാടുകളിലേക്കു പോകുന്ന ഈ മലയാളികള്‍ ആ നാടുമായി ഇണങ്ങിയും സ്വന്തം നാടുമായി പിണങ്ങാതെയും ജീവിതത്തെ രണ്ടായി പിളര്‍ന്നുപോകാതെ കരുതി ജീവിക്കുന്നു. അതിനുള്ള വഴക്കം അവര്‍ ആര്‍ജ്ജിക്കുന്നു. അവരുടെ ജോലികളില്‍ ബുദ്ധിയും ആത്മാര്‍ഥതയും കരുതലും പുലര്‍ത്തുന്നു. സ്വദേശികളോട് വിശ്വസ്തതയും സഹവാസവും നല്ല പെരുമാറ്റവും പുലര്‍ത്തുന്നു. ആകാവുന്നിടത്തോളം വിധേയത്വവും. ആകെക്കൂടി ഒരു തരം സാമര്‍ഥ്യം ഇതിനു കൂടിയേ കഴിയൂ. ഏതെങ്കിലും നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടാതിരിക്കണമെങ്കില്‍ മലയാളിക്ക് സ്വന്തമായി ചില ഗുണങ്ങള്‍ കൂടിയേ തീരൂ.
ഏതു ജനസമൂഹത്തോടും ഇണങ്ങാനുള്ള മലയാളിയുടെ മനോഭാവം ഉണ്ടായത് കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തില്‍ നിന്നാണ്. വര്‍ഗീയതയെ കേരളം പുറത്തു നിര്‍ത്തുന്നത് ഈ മനുഷ്യത്വം കൊണ്ടാണ്. കേരളത്തില്‍ നിന്ന് എല്ലാ ജാതിമതസ്ഥര്‍ക്കും വിദേശത്തു പോകാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ആ സൗഹാര്‍ദാന്തരീക്ഷത്തെ വര്‍ഗീയതകൊണ്ട് തകര്‍ക്കാന്‍ ഒരിക്കലും കഴിയുകയില്ല. അത്രമാത്രമുണ്ട് മലയാളി ലോകം കണ്ടു നേടിയ വിശാലമാനവികബോധം.
കെട്ടിടഭ്രാന്ത്-നിലനില്‍പിനുവേണ്ടി മലയാളി വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും മറ്റുള്ളവരോട് പുറത്തെടുക്കുന്ന ഈ സൗഹാര്‍ദവും പ്രായോഗികബുദ്ധിയും കേരളത്തില്‍ പലപ്പോഴും സ്വന്തം കാര്യങ്ങളില്‍ മാത്രമായി ഒതുക്കുന്നു. പ്രവാസികളുടെ സെന്‍സസ് ഇതുവരെ ഉണ്ടാക്കാന്‍ കഴിയാത്തതും അതിന്റെ ഭാഗമായി വേണം മനസിലാക്കാന്‍. മലയാളിയുടെ ഏറ്റവും വലിയ ബുദ്ധിശൂന്യത കാണാന്‍ കഴിയുന്നത് അവന്റെ കെട്ടിടഭ്രാന്തിലാണ്. നാട്ടിലെ പൊങ്ങച്ചമാണ് മലയാളിയുടെ ചെകുത്താന്‍. അക്കാര്യത്തില്‍ പ്രവാസിയും അല്ലാത്തവരും ഒരുപോലെയാണ്. സമ്പാദിച്ച പണം തികയാത്തതുകൊണ്ട് ലോണ്‍കൂടിയെടുത്ത് അഞ്ചു കിടക്കമുറികളുള്ള ഇരുനില മാളിക പണിയുന്ന മണ്ടനാണ് മലയാളി. ഹാള്‍മുറി, സ്റ്റോര്‍, ഡബിള്‍ അടുക്കള, സിറ്റൗട്ട്, ഡബിള്‍ കാര്‍പോര്‍ച്ച്, സിമന്റിട്ട വിശാലമായ മുറ്റം തുടങ്ങിയവ സാധാരണം. മതില്‍, ഗെയ്റ്റ്, നായ, പണിക്കാര്‍ വേറെയും. മക്കളായി ഒന്നോ രണ്ടോ പേര്‍. അവര്‍ വീടുവിട്ട് കുടുംബവുമായി വിദേശത്ത് ജോലിചെയ്യും. വാര്‍ധക്യത്തില്‍ വീടടച്ചിട്ട് വാര്‍ധക്യസദനത്തിലേക്ക് പോകണം, അല്ലെങ്കില്‍ മറുനാടന്‍ പണിക്കാരെ കൂലിക്കു വയ്ക്കണം. ഇങ്ങനെ പതിനായിരക്കണക്കിനു വിഡ്ഢികളായ മലയാളികളായി നാം മാറുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയധിതം മുറികളുള്ള വീടുണ്ടാക്കിയത്. എത്രലക്ഷം മുടിച്ചു. ആരാണ് തങ്ങളുടെ പൊങ്ങച്ചം കണ്ട് അസൂയപ്പെടുന്നത്. ചെറിയ വീടുകളിലുള്ളവര്‍ തക്കം കിട്ടിയാല്‍ വലിയ വീടുകളുണ്ടാക്കും. ഒരാള്‍ക്കു തന്നെ രണ്ടും അതിലധികവും വീടുകള്‍. വധൂവരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും വീടുകള്‍ വേറെ വേറെയുണ്ടാവും.
ബുദ്ധിശൂന്യമായ ഈ പ്രവണതകളെ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു. ആ കെട്ടിടങ്ങള്‍ ഉണ്ടാക്കാനെത്രമാത്രം ചുടുകല്ല്, മണല്‍, സിമന്റ്, വെള്ളം, തടിസാമഗ്രികള്‍, ലേബര്‍ ഉണ്ടാക്കണം. അതിനായി നാം പ്രകൃതിയെ തച്ചുതകര്‍ക്കണം. അടച്ചിടാനോ, ഒരാള്‍ക്കു താസിക്കാനോ വേണ്ടി ചെലവഴിക്കുന്ന പണം ഉപയോഗശൂന്യം. ഇവിടെ നാം നേരത്തെ പറഞ്ഞ മലയാളികള്‍ അവരുടെ പ്രായോഗികബുദ്ധി ആദ്യം പ്രകടിപ്പിക്കേണ്ടത് വീടുനിര്‍മിതിയുടെ കാര്യത്തിലാണ്.
ഒന്നാമതായി നാമനുഭവിക്കുന്ന ഒറ്റപ്പെടലിനെ പരിഹരിക്കാന്‍ വാര്‍ധക്യത്തിലേക്കു പോകുന്നവര്‍ക്കും പോയവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും പരസ്പരം താങ്ങാവുന്ന നിലയില്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന പൊതുപാര്‍പ്പിടങ്ങള്‍ വിഭാവന ചെയ്യണം. നൂറുപേര്‍ക്ക് ഒരിടത്ത് സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ താമസിക്കാനുള്ള പാര്‍പ്പിടം ആകാവുന്നതാണ്. ഉദാഹരണത്തിന് നൂറു മുറികളും പൊതു അടുക്കളയും പൊതുഭക്ഷണമുറിയും അതിലുണ്ടാകണം. പരസ്പരം നിത്യവും കാണാനും സാമൂഹികമായി ഇടപഴകാനുമായി ഉദ്യാനവും പൊതുമുറിയും വേണം. ഓരോ മതവിഭാഗങ്ങള്‍ക്കും പ്രാര്‍ഥിക്കാനുള്ള ഇടം വെവ്വേറെ. ജൈവപച്ചക്കറിക്കൃഷിയിടം പോലുള്ളതുമാകാം. ആയുര്‍വേദം, പ്രകൃതിജീവനം തുടങ്ങിയ ആരോഗ്യസംവിധാനങ്ങളുണ്ടാകണം. വൈദ്യുതിക്കായി സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന വിധത്തിലായിരിക്കണം കെട്ടിട നിര്‍മാണം.
ശുദ്ധവായു ശ്വസിക്കാന്‍ പാകത്തില്‍ ആ പുതുതറവാടുകളുടെ പരിസരം മരങ്ങളാലും മറ്റു സസ്യലതാദികളാലും പൊതിയണം. ജലസംരക്ഷണത്തിന്റെ പ്രായോഗിക മാര്‍ഗങ്ങള്‍ കൈക്കൊള്ളുകയും ആവാം. തറവാടിന്റെ മുറ്റം സിമന്റിടാന്‍ പാടില്ല. നടക്കാന്‍പാകത്തില്‍ കല്ലും പുല്ലും കലര്‍ത്തി പാകാവുന്നതാണ്. ടെറസുകളുണ്ടെങ്കില്‍ അവിടെ ജൈവപച്ചക്കറിക്കൃഷി ചെയ്യാന്‍ പാകത്തില്‍ സൗകര്യമൊരുക്കാവുന്നതാണ്. മുകളില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാനും കൂടി അത് സഹായിക്കും. പാചകത്തിനായി ജൈവമാലിന്യങ്ങളില്‍ നിന്ന് പാചകവാതകം ഉല്‍പാദിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണം. വ്യായാമം, മാനസികാരോഗ്യം, ഭക്ഷണക്രമം, വായന, വിനോദം മുതലായ കാര്യങ്ങളില്‍ സംവിധാനമൊരുക്കണം. ഇത്തരത്തില്‍ ജാതി, മത, വര്‍ഗാതീതമായി ഒരു പൊതു പാര്‍പ്പിടമാതൃക പുതുതായി രൂപപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയായാല്‍ ഇന്ന് 50 വയസുകഴിയുന്ന ആണിനും പെണ്ണിനും വല്ലാതെ മാനസികമായും ശാരീരികമായും സാമൂഹ്യമായും ഒറ്റപ്പെടുന്ന സാഹചര്യത്തെ മിറകടക്കാന്‍ കഴിയും. ഒപ്പം ഒരാള്‍ക്ക് പലതരം വലിയ വീടുകള്‍ എന്ന പൊങ്ങച്ചമണ്ടത്തരത്തെ ദൂരീകരിക്കുകയും ചെയ്യാം. ഇതു വായിക്കുന്നവര്‍ക്ക് അത്തരത്തില്‍ പൊതുപാര്‍പ്പിടത്തിനായി തറവാടുകള്‍ ഉണ്ടാക്കുന്നതിന് മുന്‍കൈയെടുക്കാവുന്നതാണ്.
മണല്‍ വേണ്ടാത്ത നിര്‍മാണരീതികള്‍ ഇപ്പോള്‍ ലഭ്യമാണ്. സിമന്റിനേക്കാള്‍ ഈടുനില്‍ക്കുന്ന മണ്ണുകൊണ്ടുള്ള തേപ്പ് കേരളത്തില്‍ ഇന്ന് വ്യാപകമാണ്. ഫാനും എ.സിയും വേണ്ടാത്ത രീതിയില്‍ കാലാവസ്ഥയെ അനുകൂലമാക്കുന്ന സാങ്കേതികവിദ്യ അറിയാവുന്ന ബുദ്ധിശാലികളായ എന്‍ജിനീയര്‍മാരെ മാത്രമേ ഇനി നാം കെട്ടിടനിര്‍മാണത്തിനായി സമീപിക്കാവൂ. ഒരര്‍ഥത്തില്‍ മന്ദബുദ്ധികളായ എന്‍ജിനീയര്‍മാരാണ് നമ്മുടെ കേരളത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത്. ഒരെന്‍ജിനീയറുടെ ഉത്തരവാദിത്തമാണ് പ്രകൃതിക്ക് ഹാനി തട്ടാത്ത വിധത്തില്‍ കെട്ടിടനിര്‍മാണം വിഭാവന ചെയ്യുകയെന്നുള്ളത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം എന്‍ജിനീയര്‍മാരും ഇക്കാര്യത്തില്‍ മനുഷ്യസ്‌നേഹവും പ്രകൃതിബോധവും ബുദ്ധിയുമില്ലാത്ത പണക്കൊതിയന്മാരാണ്. ദിവംഗതനായ ലാറിബേക്കറെപ്പോലെ ശങ്കര്‍, ആനന്ദബോസ് തുടങ്ങിയ ബുദ്ധിശാലികളും പ്രകൃതിബോധമുള്ളവരും പണാര്‍ത്തിയില്ലാത്തവരുമായ എന്‍ജിനീയര്‍മാര്‍ വളരെ വര്‍ഷങ്ങളായി കേരളത്തിന്റെ കെട്ടിടനിര്‍മാണത്തെ പ്രകൃതിസൗഹൃദമാക്കി രക്ഷിക്കാന്‍ പണിയെടുത്തുകൊണ്ടിരിക്കുന്നുണ്ട്.
പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുന്ന വിധത്തില്‍ പുതിയകാലത്തില്‍ കൂട്ടുകുടുംബങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്. പൊതുഅടുക്കള, കുട്ടികളുടെ സാമൂഹ്യജീവിതത്തെ സമ്പന്നമാക്കാവുന്ന കളിയിടങ്ങള്‍, പൊതുകിണര്‍, കൂട്ടുകൃഷി എന്നിവയ്ക്ക് അവിടെ സൗകര്യമൊരുക്കാനെളുപ്പമാണ്. അണുകുടുംബത്തിന് മൂന്നുനേരവും ഭക്ഷണമുണ്ടാക്കുകയെന്നത് വളരെ പ്രയാസകരമാണ്. അതേസമയം നാലു കുടുംബങ്ങള്‍ക്കായുള്ള പൊതുഅടുക്കളയില്‍ ഭക്ഷണം ഒരുമിച്ചുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ എളുപ്പമാണ്. സാമ്പത്തികലാഭവും വിഭവലാഭവും തൊഴില്‍ലാഭവും ഉണ്ടാകുകയും ചെയ്യും. വേണ്ടി വന്നാല്‍ അതിനെല്ലാം കൂടി ഒരാളെ ഏര്‍പ്പാടു ചെയ്യാനാവും. കിണര്‍ പലതിനു പകരം ഒന്നു മതിയാവും. ജൈവപച്ചക്കറിക്കൃഷി സംവിധാനം ചെയ്യാം. ഒന്നിലധികം കുടുംബങ്ങള്‍ക്ക് പൊതുവായി ജൈവപച്ചക്കറികള്‍ കൃഷി ചെയ്യാവുന്നതാണ്. അതിന് ടെറസോ മുറ്റമോ ഉപയോഗിക്കാം. പരസ്പരസഹകരണത്തിലൂടെ നമുക്കിതെല്ലാം നിര്‍വഹിക്കാവുന്നതേയുള്ളു. സദാചാരപരമായ മൂല്യങ്ങളെ നിലനിര്‍ത്തുകയെന്നതുമാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം. മലയാളിക്ക് അതിനുളള പ്രാപ്തി കൈവരാവുന്നതേയുള്ളു. രണ്ടുപേരും ഒരു കുട്ടിയും താമസിക്കുന്ന വീട്ടില്‍ ഒരിക്കലും ഇതെല്ലാം മാനേജ് ചെയ്യാനാവില്ല. അനേകം കുടുംബങ്ങള്‍ ഒരുമിക്കുന്നിടത്ത് അതിനായുള്ള സംവിധാനവും ധാരണയുമുണ്ടാക്കാം. അതിനു മുന്‍പ് നല്ല നിലയിലുള്ള പരസ്പരധാരണയ്ക്കായി കൗണ്‍സ്‌ലിങ് വേണ്ടി വരുമെന്നു മാത്രം. ഒരു രീതി രൂപപ്പെട്ടു വന്നാല്‍ നാടു മുഴുവന്‍ അതേറ്റു വാങ്ങും.
വികസിതരാജ്യങ്ങളെപ്പോലെ അണുകുടുംബങ്ങളുടെ വീടുകള്‍ നിയമനിര്‍മാണം കൊണ്ട് അടിയന്തരമായി നിയന്ത്രിക്കണം. സമ്പൂര്‍ണമായും ഹരിതവീടുകള്‍(ഹരിതവാര്‍ഡുകള്‍) വരണം. പ്രകൃതി പൊതു സ്വത്താണ്. അതിനെ നശിപ്പിക്കുന്ന നിലയില്‍ അധികവിഭവവിനിയോഗവും പ്രതിവിരുദ്ധമായ വിഭവോപയോഗവും അനുവദിക്കരുത്. ഒറ്റപ്പെട്ട വീടുകള്‍ക്കു പകരം അനേകം വീടുകള്‍ ഒരിടത്ത് കേന്ദ്രീകരിക്കുമ്പോള്‍ത്തന്നെ ഭൂമിയും വിഭവലാഭവും മാനുഷികോര്‍ജവും ലാഭിക്കാം. പെരുമാറ്റച്ചട്ടങ്ങളോടെയുള്ള ആവാസ ഹരിതമണ്ഡലങ്ങളുണ്ടാക്കണം. പരസ്പരസഹകരണത്തിനായുള്ള കൗണ്‍സ്‌ലിങിലൂടെ ഹരിതബോധം ജനങ്ങളിലുണ്ടാക്കണം. മാലിന്യസംസ്‌കരണത്തിനും ബയോഗ്യാസിനും സൗരോര്‍ജത്തിനുമുള്ള സൗകര്യം നിയമബദ്ധമാക്കണം. മതിലുകള്‍ നിരോധിക്കണം. ജൈവവേലികള്‍ പ്രചാരത്തില്‍ കൊണ്ടു വരണം. പൊതുസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും കെട്ടിടങ്ങള്‍ പ്രകൃതി നിയമങ്ങള്‍ പാലിക്കണം.
അമ്പലങ്ങളും പള്ളികളും തങ്ങളുടെ പറമ്പുകള്‍ വെട്ടി വെളുപ്പിക്കുന്ന പ്രവണതയാണിപ്പോള്‍ കാണുന്നത്. പറമ്പുകള്‍ മുഴുവന്‍ വെളുപ്പിച്ച് സിമന്റിടുന്നിടത്ത് ദൈവം പ്രസാദിക്കുകയില്ല. എല്ലാവരും ഭൂമിയുടെ പച്ചയെയാണ് ആഗ്രഹിക്കുന്നത്. പ്രകൃതിയെയും പ്രകൃതിശക്തികളെയും മനുഷ്യന്‍ ആദ്യകാലങ്ങളില്‍ ആരാധിച്ചിരുന്നു. എല്ലാ മതങ്ങളിലെയും യഥാര്‍ഥ വിശ്വാസികള്‍ പ്രകൃതിയെ സ്‌നേഹിക്കുന്നത് അത് തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായി കണ്ടിട്ടു കൂടിയാണ്. മരങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കും കാടിനും വെള്ളത്തിനും മതഗ്രന്ഥങ്ങള്‍ നല്‍കുന്ന
പ്രാധാന്യം സ്വന്തം പൊങ്ങച്ചത്തിനായി വീടുണ്ടാക്കുമ്പോള്‍ നാം മറന്നു പോകുന്നു.
ഏതാനും വര്‍ഷം ഈ ലോകത്ത് ജീവിക്കുമ്പോള്‍, എപ്പോഴാണ് മരണം നമ്മെ വീണ്ടെടുക്കുന്നതെന്നറിയാന്‍ കഴിയാത്ത നാം ഇവിടെ ജീവിക്കുമ്പോള്‍ വരുന്ന തലമുറകള്‍ക്കു വേണ്ടിക്കൂടിയുള്ള പ്രകൃതി വിഭവങ്ങളെ പൊങ്ങച്ചത്തിനായി ധൂര്‍ത്തടിക്കുന്നത് ശരിയാണോ എന്ന് നാമോരോരുത്തരും ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിനും ഈ അവസ്ഥ വരില്ലായിരുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന മലയാളിയെന്ന നിലയില്‍ നിങ്ങളും ഞാനും ഇന്നു മുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മലയാളി ഹരിതമലയാളിയായി ലോകത്തിനു മാതൃകയാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."