സാമ്പത്തികവര്‍ഷം അവസാനത്തിലേക്ക്; പദ്ധതിവിഹിത നടത്തിപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കിപ്പോഴും സംശയം
കൊണ്ടോട്ടി: സാമ്പത്തികവര്‍ഷം അവസാനത്തിലെത്തുമ്പോഴും വാര്‍ഷികപദ്ധതി നടത്തിപ്പില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംശയങ്ങള്‍ തീരുന്നില്ല. ലൈഫ് മിഷന്‍ പദ്ധതി, പ്രൊജക്ട് നിര്‍വഹണത്തിലെ കാലതാമസം, ആര്‍ദ്രം, ഹരിത കേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തല്‍ തുടങ്ങി നിരവധി സംശയങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളത്.
ഇതിനേത്തുടര്‍ന്ന് നിബന്ധനകള്‍ക്ക് വിധേയമായി ഈ മാസം 31 വരെ സുലേഖ സോഫ്ട്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.
തദ്ദേശസ്ഥാപനങ്ങളുടെ 2017-2018 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, സംശയങ്ങളും ആശയക്കുഴപ്പങ്ങളുമായി മുന്നേറുകയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും. ഡിസംബര്‍ 31നകം 70 ശതമാനം വിഹിതം പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെങ്കിലും സംസ്ഥാനത്ത് 50 ശതമാനം കടന്നത് ഇതുവരെ 249 സ്ഥാപനങ്ങളാണ്. 951 തദ്ദേശ സ്ഥാപനങ്ങളിപ്പോഴും പാതി പിന്നിട്ടിട്ടില്ല.
ലൈഫ് മിഷന്‍ പദ്ധതിയിലുള്ള വീടുകളുടെ പൂര്‍ത്തീകരണത്തിന് വിഹിതം കണ്ടെത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ടുകള്‍ക്ക് മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍വഹണം നടത്തുന്നതിനും അനുമതി നല്‍കി. പ്രൊജക്ടുകള്‍ക്ക് സാങ്കേതിക അനുമതി ലഭിക്കാതിരിക്കല്‍, അനുമതി നല്‍കേണ്ട ഏജന്‍സികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വൈകല്‍ എന്നിവയുണ്ടായാല്‍ പദ്ധതിയില്‍ ഭേദഗതി വരുത്താം.
മഴക്കാല ശുചീകരണമടക്കമുള്ള പ്രൊജക്ടുകള്‍ക്ക് എസ്.എസ്.എയുടെ ഫണ്ടുകള്‍ വകയിരുത്താമെന്നും ആശ്രയ പ്രൊജക്ടുകള്‍ക്ക് മതിയായ തുക കണ്ടെത്താനും സേവിങ്‌സ് തുക ഉപയോഗിച്ച് പുതിയ പ്രൊജക്ടുകള്‍ രൂപീകരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഈ മാസം 31 വരെ മാത്രമേ ഇതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ ഉണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."