മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള യു.ഡി.എഫ് നീക്കം സജീവം
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കം മുന്നണി നേതൃത്വത്തില്‍ സജീവം. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുകയും ബാര്‍കോഴക്കേസില്‍ മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കുമെന്ന വാര്‍ത്ത പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് മാണിയുമായി ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ യു.ഡി.എഫ് നീക്കമാരംഭിച്ചത്. മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരാനുള്ള സി.പി.എം നീക്കത്തിനെതിരേ സി.പി.ഐ നിലപാടു കടുപ്പിച്ചത് യു.ഡി.എഫ് നീക്കത്തിന് ആക്കംകൂട്ടുന്നുമുണ്ട്.
മാണിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെയുമാണ് ചര്‍ച്ചയ്ക്കായി മുന്നണി ചുമതലപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മാണിയുമായി അദ്യഘട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ യു.ഡി.എഫ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. ഒട്ടുംവൈകാതെ ഉമ്മന്‍ചാണ്ടി മാണിയുമായി നേരിട്ട് ചര്‍ച്ച നടത്തും. മാണിക്കു തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്‍പ് കൊണ്ടുവരണമെന്ന അഭിപ്രായമാണ് യു.ഡി.എഫ് നേതാക്കള്‍ക്കുള്ളത്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യു.ഡി.എഫിനു നിര്‍ണായകമാണ്.
കുഞ്ഞാലിക്കുട്ടിയുമായുള്ള സംസാരത്തില്‍ മാണി വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ലെങ്കിലും തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്ന് അറിയുന്നു. ചില ഉപാധികള്‍ മാണി മുന്നോട്ടുവച്ചതായും സൂചനയുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിനുപകരം വയനാട് നല്‍കണമെന്നാണ് അതിലൊന്ന്. കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് പാര്‍ട്ടിയും കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും തമ്മില്‍ അകല്‍ച്ചയുണ്ടായിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മണ്ഡലം മാറ്റം ആവശ്യപ്പെടുന്നത്. എന്നാല്‍, അതു മുന്നണിയില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ മാണിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
സി.പി.ഐ നിലപാടു കടുപ്പിച്ചതിനാല്‍ ഇടതുമുന്നണി പ്രവേശനം എളുപ്പമല്ലാത്ത സാഹചര്യത്തില്‍ യു.ഡി.എഫിലേക്കു മടങ്ങുന്നതാണ് നല്ലതെന്ന അഭിപ്രായം മാണിയുടെ ക്യാംപിലും സജീവമായിട്ടുണ്ട്. യു.ഡി.എഫിനെന്നപോലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസിനും നിര്‍ണായകമാണ്. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വ്യക്തമായൊരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അതിനെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയുടെ മുന്നണി സംബന്ധിച്ച ഭാവി തീരുമാനിക്കപ്പെടുക.
ഇതിനിടയില്‍ മാണിയെ യു.ഡി.എഫിലേക്കു സ്വാഗതംചെയ്ത് ഉമ്മന്‍ചാണ്ടി രംഗത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്നലെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ചയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മാണി യു.ഡി.എഫിലേക്കു തിരിച്ചുവരണമെന്നാണ് കോണ്‍ഗ്രസും മുന്നണിയും ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."