ചുമരുകളെ വീടാക്കി കാര്‍ത്തി
തരുവണ: പൊളിഞ്ഞു വീണ പഴയ വീടിന്റെ ചുവരുകളില്‍ മരക്കഷണങ്ങള്‍ വച്ച് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്. വീടെന്ന് പറയാനാകില്ലെങ്കിലും വെള്ളമുണ്ട പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പെട്ട കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ അറുപത്തിയഞ്ചുകാരിയായ കാര്‍ത്തി താമസിക്കുന്നത് ഇവിടെയാണ്. ചെറിയൊരു കാറ്റടിച്ചാല്‍ മരക്കഷണങ്ങള്‍ നിരത്തിയ മേല്‍ക്കൂര പറന്ന് നിലം പൊത്തും. എന്നാല്‍ ആദിവാസി വിഭാഗത്തില്‍ പെട്ട കാര്‍ത്തിയെ സഹായിക്കാന്‍ ബന്ധപ്പെട്ടവരാരും ഇതുവരെ ഈ വഴിയെത്തിയിട്ടില്ല.
97ല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട്ടിലായിരുന്നു കാര്‍ത്തിയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ നിര്‍മിച്ച് രണ്ടും വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഈ വീടിന്റെ ചുമരുകള്‍ അടര്‍ന്ന് വീണു. മേല്‍ക്കൂരയിലെ മരങ്ങള്‍ ചിതലെടുത്ത് നശിച്ചു. ദിവസങ്ങള്‍ പിന്നിട്ടതോടെ വീട് പൂര്‍ണമായും തകര്‍ന്നു. ഇതോടെ അവശേഷിച്ച തകര്‍ന്നു വീഴാത്ത ചുമരുകളില്‍ താല്‍ക്കാലിക മേല്‍ക്കൂരയുണ്ടാക്കിയാണ് കാര്‍ത്തി നിലവില്‍ കഴിയുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയത കാരണമാണ് വീട് പെട്ടെന്ന് പൊളിഞ്ഞ് വീഴാനുള്ള പ്രധാന കാരണം.
പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് പാലന്‍ മരിച്ചതോടെ കാര്‍ത്തി ഇവിടെ ഒറ്റക്കായി. ഇടക്കിടെ മകനും ഭാര്യയും കാര്‍ത്തിയുടെ പ്ലാസ്റ്റിക് കുടിലില്‍ വന്ന് താമസിക്കാറുണ്ട്. ഇവര്‍കൂടി പോയാല്‍ കാര്‍ത്തി വീണ്ടും പൊളിഞ്ഞുവീഴാറായ കൂരയില്‍ പട്ടിണിയിലാകും.
ആദിവാസികളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് വീടു പോലുമില്ലാതെ ഈ ആദിവാസി വൃദ്ധ ദുരിതം തിന്ന് കഴിയുന്നത്. ട്രൈബല്‍ വകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇവരെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. തന്റെ കൊച്ചു കൂര ഈ മഴക്കാലം എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് കാര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."