തൊഗാഡിയ: വി.എച്ച്.പിയില്‍ ഭിന്നത രൂക്ഷമാകുന്നു
ലഖ്‌നൗ: പൊലിസിനെതിരേ വി.എച്ച്.പി അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംഘടനയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുന്നു. തൊഗാഡിയ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിരവധി നേതാക്കള്‍ മൗനം പാലിച്ചപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതാണ് രണ്ടു ഗ്രൂപ്പുകളായി സംഘടനയെ മാറ്റിയത്. തന്നെ വധിക്കാനായി ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനായി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം വരെ പൊലിസ് നടത്തിയേക്കാമെന്നും പ്രവീണ്‍ തൊഗാഡിയ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോപണമുന്നയിച്ചത്.
തൊഗാഡിയ വിഷയത്തില്‍ വി.എച്ച്.പി കേന്ദ്രകമ്മിറ്റിയും യു.പി സംസ്ഥാന കമ്മിറ്റിയും രണ്ടു തട്ടിലാണുള്ളത്. തൊഗാഡിയയുടെ ആരോപണത്തില്‍ കേന്ദ്ര കമ്മിറ്റി അകലം പാലിക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിനൊപ്പമാണ്. അലഹബാദില്‍ നടക്കാനിരിക്കുന്ന വി.എച്ച്.പിയുടെ ധര്‍മ സന്‍സദില്‍ തൊഗാഡിയ വിഷയം ചര്‍ച്ച ചെയ്യുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
ധര്‍മ സന്‍സദില്‍ തൊഗാഡിയ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് വി.എച്ച്.പി മുതിര്‍ന്ന മാര്‍ഗദര്‍ശക് സ്വാമി ചിന്‍മയാനന്ദ പറഞ്ഞു. ഇത്തരത്തിലുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ അലഹബാദിലെ സമ്മേളനത്തില്‍ സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് വി.എച്ച്.പി നേതാവും കേന്ദ്ര മന്ത്രിയുമായ അശോക് തിവാരിയും പ്രകടിപ്പിച്ചത്.
എന്നാല്‍ വെള്ളിയാഴ്ച നടക്കുന്ന ധര്‍മ സന്‍സദില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി. തൊഗാഡിയ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുകയാണെന്നും വി.എച്ച്.പി യു.പി നേതാവ് വിഷ്ണു ശ്രീവാസ്തവ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ധര്‍മസന്‍സദില്‍ പങ്കെടുക്കുന്നുണ്ട്. തൊഗാഡിയ ആശുപത്രിയിലായിരുന്നപ്പോള്‍ യോഗി ഉള്‍പ്പെടെയുള്ളവര്‍ ഫോണ്‍ ചെയ്ത് പിന്തുണ അറിയിച്ചിരുന്നു.
വി.എച്ച്.പിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര കലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭയ് അശ്വതി പറഞ്ഞു. തൊഗാഡിയയോട് സഹതാപമുണ്ടെന്നും വി.എച്ച്.പിക്കായി പോരാടിയ തൊഗാഡിയയെ അണികള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും അഭയ് അശ്വതി പറഞ്ഞു.
തൊഗാഡിയ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കെതിരേ ശിവസേന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്നെ വധിക്കാന്‍ ശ്രമക്കുന്നുവെന്ന തൊഗാഡിയയുടെ പരാതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മറുപടി പറയണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ഹിന്ദു മത വിശ്വാസികള്‍ പോലും ഇന്ത്യയില്‍ ഭയന്നാണ് ജീവിക്കുന്നതെന്നതിന്റെ തെളിവാണ് സംഭവം. അതിനാല്‍ തൊഗാഡിയയുടെ പരാതിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ ശബ്ദങ്ങള്‍ തടസപ്പെടുത്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് മുഖപത്രമായ സാമ്‌നയില്‍ ശിവസേന വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."