കാട്ടുതീക്കെതിരേ പ്രചാരണവും ബോധവല്‍ക്കരണവും
കല്‍പ്പറ്റ: ജലം സംരക്ഷിക്കാന്‍ വനം സംരക്ഷിക്കൂ എന്ന സന്ദേശവുമായി വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടുതീക്കെതിരേ പ്രചാരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നാളെ രാവിലെ എട്ടിന് ബത്തേരി കല്ലൂരില്‍ ഇതിനു തുടക്കമാകും. ബത്തേരി സെന്റ് മേരീസ് കോളജ്, ഡോണ്‍ ബോസ്‌കോ കോളജ്, ഡയറ്റ്, അല്‍ഫോന്‍സ കോളജ്, മാര്‍ ബസേലിയോസ് കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്എസ് വളണ്ടിയര്‍മാരും നേച്ചര്‍ ക്ലബ് അംഗങ്ങളും സഞ്ചാരി ട്രാവലേഴ്‌സ് ഗ്രൂപ്പിലെ യുവാക്കളുമടക്കം 500ലധികം പേര്‍ പങ്കെടുക്കും.
വന്യജീവി കേന്ദ്രത്തിലും പരിസരത്തുമുള്ള വീടുകളിലാണ് വിദ്യാര്‍ഥികള്‍ ലഘുലേഖ, നോട്ടീസ്, പോസ്റ്റര്‍ എന്നിവയുമായി പ്രചാരണവും ബോധവല്‍ക്കരണവും നടത്തുന്നത്. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജനം ഉപയോഗപ്പെടുത്തുന്ന ജലം കാടിന്റെ വരദാനമാണെന്നും കാടുകളെ എന്തു ത്യാഗം ചെയ്തും സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് വിദ്യാര്‍ഥികള്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് വീടുകള്‍തോറും പ്രചരിപ്പിക്കുകയെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പറഞ്ഞു. വൈകുന്നേരം മുത്തങ്ങയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."