സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: സി.ബി.ഐക്കെതിരേ ഹരജി
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ കുറ്റവിമുക്തനാക്കിയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാതിരുന്ന സി.ബി.ഐ നടപടി ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി. അമിത്ഷായെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരേ പരാതിനല്കാന് സി.ബി.ഐക്കു നിര്‍ദേശം കൊടുക്കണമെന്നാണ് ബോംബെ ലോയേഴ്സ് അസോസിയേഷനുവേണ്ടി അഹമ്മദ് ആബിദി നല്കിയ ഹരജിയിലെ ആവശ്യം.
ഇന്റലിജന്റ്സ് ബ്യൂറോ മുന്‍ മേധാവി നരേന്ദ്രകുമാര്‍ അമിന്‍, രാജസ്ഥാന് പൊലിസ് ഉദ്യോഗസ്ഥരായ ഹിമാന്‍ഷു സിങ്, ശ്യാം സിങ് ചരണ്‍ എന്നിവരെയും കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ ഇവരെ കുറ്റവിമുക്തരാക്കിയ നടപടി മാത്രമാണ് സി.ബി.ഐ ചോദ്യംചെയ്തത്. കേസ് ഈ മാസം 25ന് ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരിയും ഭാരതി ഡാഗ്രെയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിക്കും.
സൊഹ്റാബുദ്ദീന്‍ കേസ് പരിഗണിച്ച സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് ബോംബെ ലോയേഴ്സ് അസോസിയേഷന്റെ ഹരജി.
2005 നവംബറിലാണ് ലഷ്കറെ ത്വയ്ബ അംഗമെന്നാരോപിച്ച് സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവരെ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഗുജറാത്ത് പൊലിസ് വെടിവച്ച് കൊന്നത്. ഇവരെ കൊലപ്പെടുത്തുന്നത് നേരിട്ടുകണ്ട പ്രജാപതിയെന്ന ആളെയും പിന്നീട് വെടിവച്ചു കൊന്നിരുന്നു. സംഭവം നടക്കുമ്പോള്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ ഉള്‍പ്പെടെ 18 പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."