ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
കാട്ടിക്കുളം: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍പ്പെട്ട കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി തോട്ടത്തില്‍ നോട്ടിസ് പതിച്ചു. 2014 ല്‍ ആരംഭിച്ച സര്‍ക്കാര്‍ അന്വേഷണത്തിന്റെ പൂര്‍ത്തികരണം എന്ന നിലയിലാണ് നടപടി. വയനാട് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ജനുവരി 27ന് ഒപ്പുവച്ച നോട്ടിസാണ് തൃശിലേരി വില്ലേജ് ഓഫിസ് മുഖേന പതിച്ചത്.
1964ലെ കേരള അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമത്തിലെ വകുപ്പ് 10 പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ഇതിനെതിരേ അവകാശവാദം ഉണ്ടെങ്കില്‍ ആറു മാസത്തിനകം രേഖകള്‍ സഹിതം കലക്ടറെ ബോധിപ്പിക്കണമെന്നും നോട്ടിസില്‍ പറയുന്നു. നോട്ടിസിന്റെ പകര്‍പ്പ് മാനന്തവാടി സബ്കലക്ടര്‍, തഹസില്‍ദാര്‍, മുനിസിപ്പല്‍ സെക്രട്ടറി, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
തൃശിലേരി വില്ലേജില്‍ 3481 ബി, 3482 ബി, 4543, 4544 എ 2, 335, 3341, 349, 4545 എ എന്നീ സര്‍വേ നമ്പറുകളിലായി 211.76 ഏക്കര്‍ വരുന്നതാണ് ആലത്തൂര്‍ എസ്‌റ്റേറ്റ്. വിദേശ പൗരനായ എഡ്വേര്‍ഡ് ജൂബര്‍ട്ട് വാന്‍ ഇംഗന്റെ കൈവശത്തിലായിരുന്നു ഈ ഭൂമി.
2013 മാര്‍ച്ച് 12ന് മരിച്ച വാന്‍ ഇംഗന് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഈ ഭൂമി മൈസൂരുവില്‍ താമസക്കാരനായ മൈക്കിള്‍ ഫ്രോയിഡ് ഈശ്വറിനു നേരത്തേ കൈമാറ്റം ചെയ്തത് നിയമാനുസൃതമല്ലെന്നും കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഭൂമി 1964ലെ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം അവകാശികളില്ലാത്തതായി പരിഗണിച്ച് സര്‍ക്കാരിനു ഏറ്റെടുക്കാവുന്നതാണെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതിനു പിന്നാലെ മാനന്തവാടി തഹസില്‍ദാര്‍ ഇതേ നിയമത്തിലെ വകുപ്പ് നാല് പ്രകാരം പ്രാരംഭ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നോട്ടിസ്.
ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച കര്‍മ്മ സമിതിക്ക് വേണ്ടി പൊതുപ്രവര്‍ത്തകനായ ബെന്നി പുത്തറയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്‍കി. വിഷയം മന്ത്രിസഭായോഗത്തിലും അവതരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കാനുള്ള സാധ്യതയെ കുറിച്ചുള്ള പഠനം ആരംഭിച്ചത്.
ആലത്തൂര്‍ എസ്‌റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒന്‍പതിനു കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഭൂമിയുടെ രേഖകള്‍ പരിശോധിച്ചും ഇംഗന്റെ സഹോദരന്റെ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്‌റ്റേറ്റ് ഉടമയുമായ മൈക്കിള്‍ വാന്‍ ഇംഗന്‍, മൈക്കിള്‍ ഫ്രോയിഡ് ഈശ്വര്‍ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കത്ത് തയാറാക്കിയത്. റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും മറ്റൊരു വിഭാഗം സജീവമായി വിഷയത്തില്‍ ഇടപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."