ആണവ ദാതാക്കളുടെ പട്ടികയിലേക്ക് ഇന്ത്യയും
ന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ സംഘത്തില്‍(എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നേറ്റം. ഏറെക്കാലമായി ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകരമാകുക ഓസ്‌ട്രേലിയ ഗ്രൂപ്പി(എ.ജി)ലെ അംഗത്വമാണ്. ഇത് ലഭിച്ചതോടെ ആണവ ദാതാക്കളുടെ സംഘത്തിലേക്കുള്ള പ്രവേശനം എളുപ്പത്തില്‍ സാധ്യമാകും.
ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ 43ാമത്തെ അംഗമായാണ് ഇന്ത്യ ചേര്‍ന്നത്. അടുത്തിടെയാണ് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം അംഗത്വം ഇന്ത്യ നേടിയത്. രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്.
ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള രാജ്യാന്തര കൂട്ടായ്മയായ വാസനേര്‍ അറേഞ്ച്‌മെന്റിലും ഇന്ത്യ അംഗമാണ്. ഇതിനു പിന്നാലെയാണ് എ.ജിയിലും ഇന്ത്യ പങ്കാളിത്തം സ്വന്തമാക്കിയത്.
ജൈവ-രാസ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഭരണകൂടമോ ഭീകരരോ കൈകാര്യം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന സന്നദ്ധ-സഹകരണ രാഷ്ട്രങ്ങളുടെ സംഘമാണ് എ.ജി. ഈ കൂട്ടായ്മകളിലെ അംഗത്വം എന്‍.എസ്.ജി അംഗത്വത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടയില്‍ എന്‍.എസ്.ജിയില്‍ പുതുതായി ആരേയും ചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ചൈന. സമാധാന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ എന്‍.എസ്.ജി അനുമതിയോടെ സ്വന്തമാക്കിയ ആണവ സാമഗ്രികള്‍, ഇന്ത്യ ആയുധ രൂപത്തിലേക്ക് മാറ്റുകയാണെന്ന ആരോപണം പാകിസ്താനും മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇന്നലെയാണ് ഇന്ത്യ ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ അംഗമായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയെ എ.ജിയില്‍ പ്രവേശിപ്പിക്കാന്‍ അനുകൂല നിലപാടെടുത്ത എല്ലാ അംഗരാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ എ.ജിയിലുള്ള പ്രവേശനം അന്താരാഷ്ട്ര സുരക്ഷിതത്വത്തിനും ആണവ നിരായുധീകരണത്തിനും സഹായകമാകുമെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ സ്ഥാനപതി ജെയ്ന്‍ ഹാര്‍ഡി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."