ഒടുവില്‍ ആസിയ ഉമ്മയ്ക്ക് നീതികിട്ടി: 13 വര്‍ഷത്തെ വേതനം നല്‍കാന്‍ കോടതി ഉത്തരവ്
ദമ്മാം: നീണ്ട പതിമൂന്ന് വര്‍ഷം ശമ്പളം കിട്ടാതെ ജോലി ചെയ്ത ആസിയ ഉമ്മയ്ക്ക് അവസാനം കോടതിയുടെ കാരുണ്യഹസ്തം. യാദൃശ്ചികമായി എംബസിയുടെ ശ്രദ്ധയില്‍പെട്ടതോടെ പുറംലോകമറിഞ്ഞ ഈ ശ്രീലങ്കക്കാരി വീട്ടുജോലിക്കാരിക്ക് തന്റെ പതിമൂന്ന് വര്‍ഷത്തെ വേതനമായ 66 ,800 റിയാല്‍ (ഏകദേശം 11 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ സ്‌പോണ്‍സറോട് കോടതി കല്‍പിക്കുകയായിരുന്നു.
ഹായില്‍ കോടതിക്കു കീഴിലാണ് സംഭവം നടന്നത്. 2014 ല്‍ സ്വന്തം സ്‌പോണ്‍സര്‍ മുബാറക് അല്‍ ഖഹ്താനി ഇവരുടെ പാസ്‌പോര്‍ട്ട് പുതുക്കാനായി സഊദിയിലെ ശ്രീലങ്കന്‍ എംബസിയെ സമീപിച്ചതോടെയാണ് ഇവരടെ ദുരിത പുറംലോകമറിയുന്നത്. ഇവരുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടിക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പോണ്‍സറുടെ വീട്ടില്‍ 400 റിയാല്‍ ശമ്പളത്തിന് ജോലിക്ക് ചേര്‍ന്ന ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറില്ലായിരുന്നു. തുടര്‍ന്നാണ് എംബസി കോടതിയെ സമീപിച്ചത്.
അന്വേഷണത്തില്‍ സത്യം ബോധ്യപ്പെട്ട കോടതി അതുവരെയുള്ള 13 വര്‍ഷത്തെ ശമ്പളമായ 66,800 റിയാലും വീട്ടിലേക്കുള്ള ടിക്കറ്റും നല്‍കാന്‍ സ്‌പോണ്‍സര്‍ക്കെതിരെ വിധിക്കുകയായിരുന്നു. ജയിലിലായ സ്‌പോണ്‍സറുടെ കുടുംബങ്ങള്‍ തുക കോടതിയില്‍ എത്തിക്കുകയും ഹായില്‍ ഹൈകോടതി തുക എംബസിക്ക് കൈമാറുകയും ചെയ്തു.
നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്കിടെ യുവതി സ്വന്തം ഭാഷ പോലും മറന്ന് പോയെന്നും അറബി മാത്രമേ ഇപ്പോള്‍ സംസാരിക്കാന്‍ അറിയുന്നുള്ളൂവെന്നും എംബസി അധികൃതര്‍ പറഞ്ഞു. സ്‌പോണ്‍സറുടെ കിരാത കരങ്ങളില്‍നിന്നു രക്ഷപ്പെട്ട ഇവര്‍ എംബസിക്ക് നന്ദിയര്‍പ്പിച്ചു. ലഭിച്ച പണം നേരിട്ട് ശ്രീലങ്കയിലെ ഇവരുടെ വീട്ടിലേക്ക് എത്തുന്ന രീതിയില്‍ അയച്ചുകൊടുക്കമെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."