നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചുകൊന്നു
സിന്‍സിനാറ്റി: ഗോറില്ലയ്ക്കുമുന്നില് വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചുകൊന്നു. യുഎസിലെ ഒഹിയൊവിലെ സിന്‍സിനാറ്റി മൃഗശാലയിലാണ് സംഭവം.
മൃഗശാലയില്‍ ഗോറില്ലയുടെ കൂടിനുമുന്നിലുള്ള കിടങ്ങിലേക്ക് പിഞ്ചുകുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞ് വീണ ഉടനെ കുട്ടിയെ ചാടിപ്പിടിച്ച ഗോറില്ല കൂട്ടിനുള്ളിലേക്ക് എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. അപകടം മണത്ത മൃഗശാലാ അധികൃതര്‍ ഉടന്‍ ഗോറില്ലയെ വെടിവച്ചു വീഴ്ത്തി.
പത്തടിയോളം താഴ്ചയുള്ള കിടങ്ങിലേക്കാണ് കുഞ്ഞ് വീണത്. നിസാര പരുക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
17 വയസുള്ള ഹറാം ബേ എന്നുപേരുള്ള ഗോറില്ല പത്തു മിനുട്ടോളം കുഞ്ഞിനെ കൈകൊണ്ടു പിടിച്ചുനിന്നു. ഗോറില്ലയ്ക്ക് 180 കിലോഗ്രാം ഭാരമുണ്ട്.
സംഭവത്തിനു ശേഷം മൃഗശാലയില്‍ ഗോറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഗോറില്ലയെ മയക്കുവെടി വയ്ക്കുന്നത് പന്തിയല്ലെന്ന തോന്നലിലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൃഗശാലാ ഡയറക്ടര്‍ താനെ മയ്നാഡ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. മൃഗശാലയ്ക്കും ഗോറില്ലകളുടെ നിലനില്‍പ്പിനും വലിയ നഷ്ടമാണ് ഈ സംഭവം. പക്ഷേ അതിനേക്കാള്‍ വലുതാണ് കുഞ്ഞിന്റെ ജീവന്- മയ്നാഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ചിലിയിലെ ഒരു മൃഗശാലയില്‍ സിംഹക്കൂട്ടില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചയാളെ രക്ഷിക്കാന്‍ രണ്ടു സിംഹങ്ങളെ വെടിവച്ചുകൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."