പ്രകൃതിയോടിണങ്ങിയുള്ള പ്രവേശന കവാടം
കാസര്‍കോട്: കുരുത്തോലയും പച്ചോലയും ചിരട്ടയും ഓലമടലും കൊണ്ട് അലങ്കാരമൊരുക്കി ആരേയും ആകര്‍ഷിക്കും വിധം പ്രവേശന കവാടം. ടൗണ്‍ഹാളില്‍ ആരംഭിച്ച ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ കവാടമാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി സുധാകരന്‍ കരിങ്ങനായിയുടെ കരവിരുതിലാണു തെങ്ങിന്‍ ഉല്‍പന്നങ്ങളില്‍ ശില്‍പങ്ങള്‍ വിരിഞ്ഞത്. വടക്കന്‍ കേരളത്തിലെ കലാരൂപമായ തെയ്യവും ചെണ്ടമേളവും ശില്‍പത്തിലുണ്ട്.
മുറിച്ചെടുത്ത കുരുത്തോല ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച് തിളപ്പിച്ചെടുക്കും. അതിനുശേഷം അവയെ ഓരോ രൂപമുണ്ടാക്കിയെടുക്കും. ആവശ്യമെങ്കില്‍ പെയിന്റോ വാര്‍ണിഷോ അടിക്കും.
രണ്ടുദിവസം കൊണ്ടാണ് പ്രവേശനകവാടത്തിലെ അലങ്കാരമൊരുക്കിയതെന്നു സുധാകരന്‍ പറയുന്നു. കാസര്‍കോട്ട് നടന്ന മലബാര്‍ മഹോത്സവം, കുമരകം അഖിലേന്ത്യാ എക്‌സിബിഷന്‍, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന 'ഫാം ഷോ തുടങ്ങി ഒട്ടെറെ പ്രദര്‍ശനങ്ങളില്‍ സുധാകരന്റെ ശില്‍പങ്ങള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്താഴ്ച എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ യൂനിയന്‍ കലോത്സവത്തിന്റെ കവാടത്തിന് അലങ്കാരമൊരുക്കുന്നതും സുധാകരനാണ്.
ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന സുധാകരന്റെ കുടുംബത്തിനു ചിരട്ടയില്‍ നിര്‍മിക്കുന്ന ശില്‍പങ്ങള്‍ ജീവിതോപാധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."