കൃഷ്ണന്‍ ആയത്താര്‍ വീണ്ടും ആ ഹാജര്‍ വിളി കേട്ടു
കാഞ്ഞങ്ങാട്: 1940ലെ ഓര്‍മയാണ്...കണ്ണുകളെ പൊതിഞ്ഞ തിമിരം ഓര്‍മകള്‍ക്കു മുമ്പിലും നേരിയ മൂടുപടം തീര്‍ത്തെങ്കിലും ആ ദിനം കൃഷ്ണന്‍ ആയത്താര്‍ എന്ന 83കാരന്‍ ഓര്‍ത്തെടുത്തു. 77 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴ ഇടമുറിയാതെ പെയ്തു കൊണ്ടിരുന്ന ജൂണ്‍ മാസത്തിലെ ആദ്യ ദിനത്തില്‍ അച്ഛന്റെ കൈ പിടിച്ചു സ്‌കൂളിന്റെ പടി കയറി വന്ന ദിനം.
അഡ്മിഷന്‍ രജിസ്റ്ററില്‍ ഒന്നു മുതല്‍ അഞ്ചു വരെ നമ്പറുകാരായ ആവിക്കല്‍ ചന്ദ്രശേഖരന്‍, വേലായുധന്‍, പാര്‍വതി, കാര്‍ത്ത്യായനി, കമലാക്ഷി എന്നിവര്‍ ഇന്ന് ഒപ്പമില്ല. വെള്ള കാന്‍വാസില്‍ 1940ന്റെ കോളത്തില്‍ ആദ്യ ഒപ്പിടാന്‍ പേനയെടുത്തപ്പോള്‍ മണ്‍മറഞ്ഞു പോയ സഹപാഠികളെ ഓര്‍ത്ത് കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടറി.
അന്ന് ഒന്നാംക്ലാസ്സില്‍ 19 പേര്‍. കണ്ണൂര്‍കാരന്‍ കൃഷ്ണന്‍ മാസ്റ്റര്‍ പ്രധാനധ്യാപകന്‍. തലശ്ശേരിക്കാരന്‍ പി.പി ഗോപാലന്‍ മാസ്റ്റര്‍ ഒന്നാംക്ലാസ്സില്‍. 1967ല്‍ വിദ്യാലയം അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കൃഷ്ണന്‍ ആയത്താര്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു. നിലവില്‍ അജാനൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികനാണ്.
2017ല്‍ അവസാന നമ്പറുകാരായി ഒന്നാംക്ലാസ്സിലെ അബ്ദുള്‍ഷാനിബും രണ്ടാംക്ലാസ്സിലെ നിസാമുദ്ധീനും ഒപ്പിട്ടു. സ്‌കൂളിന് ആറായിരത്തോളം പൂര്‍വ വിദ്യാര്‍ഥികളാണ്. ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്‍ പുതിയകണ്ടം, സുരേഷ് പാലക്കുന്ന് എന്നിവരാണ് കാന്‍വാസ് രൂപകല്‍പന ചെയ്തത്. പൂര്‍വ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന്റെ മുന്നോടിയായാണ് ഹാജര്‍ പുസ്തകമൊരുക്കിയത്. സംഗമം 12ന്് ഉച്ചക്ക് 2ന്് പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ഹാജര്‍ പുസ്തകമൊരുക്കിയ ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, മെമ്പര്‍മാരായ ഷീബ, പാര്‍വതി, കുഞ്ഞാമിന, പി.ടി.എ പ്രസിഡന്റ് കെ.ജി സജീവന്‍, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പി.പി കുഞ്ഞബ്ദുല്ല, സെക്രട്ടറി കെ രാജന്‍, എ ഹമീദ്ഹാജി, പ്രസ്‌ഫോറം സെക്രട്ടറി ഇ.വി ജയകൃഷ്ണന്‍, പുത്തൂര്‍ മുഹമ്മദ്കുഞ്ഞിഹാജി, സുശീല രാജന്‍, പ്രധാനധ്യാപകന്‍ എ.ജി ശംസുദ്ധീന്‍ സ്റ്റാഫ് സെക്രട്ടറി വി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."