സഊദിയില്‍ മലയാളി യുവാവിന്റെ ജയില്‍ വാസത്തിന് മൂന്നാണ്ട്; മോചനത്തിന് വഴിതേടി നിര്‍ധന കുടുംബം
ജിദ്ദ: വാഹനാപകടക്കേസില്‍ സഊദിയിലെ അല്‍ഖുര്‍മ ജയിലില്‍ തടവില്‍ കഴിയുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരന്റെ (43) ജയില്‍ വാസത്തിന് മൂന്നാണ്ട്. കുടുംബനാഥന്റെ ജയില്‍ മോചനത്തിന് വഴിതേടുകയാണ് ബിജുവിന്റെ നിര്‍ധന കുടുംബം. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം ബിജുവിന്റെ മോചനത്തിന് സുമനസ്സുകളുടെ സഹായം തേടുകയാണ്.
ബിജു തടവിലായതോടെ കുടുംബത്തിന്റെ ഏകവരുമാനവും നിലച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ജീവിത ചിലവിനും കുടുംബം വിഷമിക്കുകയാണ്. ഏത് നിമിഷവും നിലം പൊത്താന്‍ സാധ്യതയുള്ള വളരെ പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇവര്‍ കഴിയുന്നത്. ശക്തമായ കാറ്റോ മഴയോ താങ്ങാന്‍ പറ്റാത്ത വീടുനുള്ളില്‍ വളരെ ഭയത്തോടും ആശങ്കയോടുമാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് ബത്താതീസ് ചിപ്‌സ് കയറ്റിയ ലോഡുമായി നജ്‌റാനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. യാത്രാമധ്യേ തായിഫിന് സമീപം അല്‍ഖുര്‍മ റാന്നിയ റോഡില്‍ എതിരെ ആടുകളെ കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സ്വദേശിപൗരന്‍ തല്‍ക്ഷണം മരിച്ചു.
വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും അഗ്്‌നിയില്‍ വെന്തുമരിച്ചു. തീ പടര്‍ന്ന് പിടിക്കുന്ന ട്രെയിലറില്‍ കുടുങ്ങിക്കിടന്ന ബിജുവിനെ പാകിസ്താന്‍ സ്വദേശി രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ ട്രെയിലര്‍ പൂര്‍ണമായും കത്തിനശിച്ചു. കോടതിയില്‍ ബിജുവിനെ നാല് തവണ ഹാജരാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് അപകടത്തില്‍ മരിച്ച സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക് നല്‍കിയതായി മൂന്നാം പ്രാവശ്യം ഹാജരാക്കിയപ്പോള്‍ കോടതിയില്‍ നിന്നും അറിയിച്ചിരുന്നതായി ബിജു പറഞ്ഞു. കുടുംബം ബിജുവിനെ ജയില്‍ മോചനത്തിന് അനുമതി നല്‍കിട്ടുണ്ടെന്നും സ്്‌പോണ്‍സര്‍ ജയിലിലെത്തി മറ്റ് രേഖകള്‍ കൈമാറിയാല്‍ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കത്തിനശിച്ച ട്രെയിലറിന് നഷടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്‌പോണ്‍സര്‍ കോടതിയില്‍ കേസ് നല്‍കി. ട്രെയിലറിന് ഫുള്‍ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം കിട്ടിയില്ല. വാഹനത്തിന് ഫുള്‍ഇന്‍ഷുറന്‍സ് എടുക്കാതിരുന്നത് സ്‌പോണ്‍സറുടെ വീഴ്ചയാണ്. നഷ്ടപരിഹാമായി മൂന്ന് ലക്ഷം റിയാല്‍ സ്‌പോണ്‍സര്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്.
പഴക്കം ചെന്ന ട്രെയിലര്‍ ആയതിനാല്‍ ഒരു ലക്ഷത്തിന് താഴെ മാത്രമേ വില വരുകയുള്ളുവെന്നും ഇത്രവലിയ തുക ആവശ്യപ്പെട്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബിജു പറഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും നാട്ടിലുള്ള കുടുംബം വിഷമിക്കുമ്പോള്‍ ഇത്രയും തുക സംഘടിപ്പിക്കുകയെന്നത് ബിജുവിന് സങ്കല്‍പിക്കാന്‍ പോലുമാകില്ല. വീടെന്ന സ്വപ്‌നം മോഹിച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്ത് വീട് നിര്‍മ്മിച്ചെങ്കിലും ബിജു ജയിലില്‍ ആയതോടെ ബങ്ക് അടവ് മുടങ്ങി. പലിശ ഇനത്തില്‍ വലിയൊരു തുക ആയതിനാല്‍ പണി പൂര്‍ത്തിയാകാത്ത വീടും വസ്തുവും വിറ്റ് ബാങ്കിലെ ബാക്കി അടവുകള്‍ അടച്ചെങ്കിലും പലിശ ഇനത്തില്‍ തുക അടക്കാന്‍ ബാക്കിയുണ്ട്. ഇതിന്റെ സമീപത്തുള്ള ജീര്‍ണിച്ച കെട്ടിടത്തിലാണ് ബിജുവിന്റെ കുടുംബം ഇപ്പോള്‍ കഴിയുന്നത്.
ഭാര്യയും മക്കളായ ഒമ്പതാം ക്ലാസുകാരന്‍ വിവേകും ഏഴാം ക്ലാസുകാരന്‍ പ്രണവും കണ്ണീര്‍ പൊഴിച്ച് കഴിയുകയാണ്. ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."