സമഗ്രകുടിവെള്ള പദ്ധതി അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം: ഭരണസമിതി
തൃശൂര്‍: അരിമ്പൂര്‍ പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി അട്ടിമിറിച്ചെന്നെ ആരോപണം നിഷേധിച്ച് ഭരണസമിതി. പദ്ധതിക്കെന്ന പേരില്‍ പെരുമ്പുഴ പാടശേഖരത്തില്‍ കുഴിച്ച കുളത്തിലെ വെള്ളം വിഷാംശം കലര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാണെന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസും വൈസ് പ്രസിഡന്റ് എന്‍.സി സതീഷും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
20 ലക്ഷം രൂപ ചിലവിട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി പാടശേഖരത്തില്‍ കൂറ്റന്‍ കുളം സ്ഥാപിച്ചത്. മഴ പടിവാതിലിലത്തെി നില്‍ക്കേ ആരംഭിച്ച നിര്‍മാണത്തിനെതിരെ അന്നേ ആക്ഷേപങ്ങളുണ്ടായിരുന്നു. നിര്‍മാണം പാതിയിലിരിക്കെ പെയ്ത മഴയില്‍ കുളം വെള്ളത്തിനടിയിലായി. തൃശൂര്‍ കാഞ്ഞാണി വാടാനപ്പള്ളി സംസ്ഥാന പാതക്ക് ഭീഷണിയാവും വിധം റോഡരികില്‍ കുളം നിര്‍മ്മിച്ചത് അന്ന് മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം മാറിയതോടെയാണ് ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമായിരുന്ന കുടിവെള്ള പദ്ധതിയുടെ കുളം വീണ്ടും ചര്‍ച്ചയായത്.
തങ്ങള്‍ കൊണ്ടുവന്ന പദ്ധതി അട്ടിമറിക്കുന്നതാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നടപടിയെന്ന് ആരോപിച്ച് അരിമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധമുള്‍പ്പടെ നടന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന യാതൊരു നടപടിയും ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാവില്ല. പാടശേഖരത്തില്‍ നിന്ന് അടിഞ്ഞുകൂടുന്ന വിഷാംശം കലര്‍ന്ന വെള്ളം നാട്ടുകാരെ കുടിപ്പിക്കുന്ന പദ്ധതിക്കും തങ്ങളില്ല. എന്നാല്‍, 2017 ല്‍ തന്നെ അരിമ്പൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."