നാളികേര കര്‍ഷകരെ സഹായിക്കാന്‍ തറവില ഉയര്‍ത്തണം: അനില്‍ അക്കര
വടക്കാഞ്ചേരി: സംസ്ഥാനത്ത് നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. മാര്‍ക്കറ്റുകളില്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. നാളികേരത്തിന് കിലോക്ക് 35 രൂപയും വെളിച്ചെണ്ണക്ക് 150 രൂപയുമാണ് വില. എന്നാല്‍ കേരഫെഡിന്റെ നേതൃത്വത്തില്‍ നാളികേരം സംഭരിക്കുന്നത് 25 രൂപക്കാണ്. സംഭരണ വില വര്‍ദ്ധിപ്പിക്കുമെന്ന് പലതവണ കൃഷി വകുപ്പു മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും കേരഫെഡ് ഇതേവരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. നേരത്തേ കര്‍ഷകരില്‍ നിന്നും സംഭരിച്ചിട്ടുള്ള നാളികേരത്തിനുള്ള തുക ഇതേവരെ കൊടുത്തു തീര്‍ത്തിട്ടുമില്ല. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വരള്‍ച്ചയും മൂലം സംസ്ഥാനത്തെ ഭൂരിഭാഗം തെങ്ങുകള്‍ക്കും പലതരത്തിലുള്ള കേടുകള്‍ പിടിപ്പെട്ട അവസ്ഥയാണ്. ഇതുമൂലം നാളികേരത്തിന്റെ ഉല്പാദനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ പരിശോധന നടത്തി രോഗം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും സംഭരണവില കിലോക്ക് 40 രൂപയായി വര്‍ധിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."