പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു; അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ചു
കിളിമാനൂര്‍: കുടിവെള്ള പ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും പഞ്ചായത്ത് കമ്മിറ്റിയില്‍ അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങി പോവുകയും ചെയ്തു. രാവിലെ പത്ത് മണിയോടെ മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എ.ഷിഹാബുദ്ദീന് മണ്ഡലം പ്രസിഡന്റ് നളിനന് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ ക്യാബിനില്‍ കടന്നുകയറി സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.
കടുത്ത വേനലിലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അതിനു പരിഹാരം കാണുന്നില്ലെന്നും പഞ്ചായത്തിന്റെ ഒത്താശയോടെ തൊളിക്കുഴിയിലെ സര്‍ക്കാര്‍ കുഴല്‍ കിണറില്‍ നിന്നും വെള്ളം ചോര്‍ത്തി വില്‍പ്പന നടത്തുന്നു എന്നാരോപിച്ചും കിളിമാനൂരിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാറ്റിയതില്‍ പ്രതിഷേധിച്ചുമാണ് സെക്രട്ടറിയെ ഉപരോധിച്ചത്. തുടര്‍ന്ന് പൊലിസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും വിഷയം കമ്മിറ്റിയില്‍ വെക്കാമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സമരക്കാര്‍ ഉപരോധം പിന്‍വലിച്ച് പിരിഞ്ഞു പോവുകയായിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ടി.പ്രസന്ന, താഹിറ ബീവി, എ.എസ് നിഷ എന്നിവര്‍ കമ്മിറ്റി ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി .അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ തടഞ്ഞു വെച്ചതിന് പരാതി നല്കി കേസ് എടുപ്പിക്കണമെന്ന് അംഗങ്ങളായ കെ.എസ് ഷിബു, ജി. രതീഷ്, എസ്. ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടങ്കിലും സെക്രട്ടറി കേസിനു പോകാന്‍ താല്പര്യമില്ലന്നു വ്യക്തമാക്കിയതതോടെ പരാതിനല്കുന്നില്ലന്നു തീരുമാനിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."