ചേരികള്‍ മായുന്ന അസ്തിത്വ പ്രതിസന്ധികള്‍
ജേണലിസ്റ്റ്, എഡിറ്റര്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റബീ ജാബിര്‍ ബഹുമുഖ വ്യക്തിത്വമുള്ള ലബനീസ് എഴുത്തുകാരനാണ്. പതിനഞ്ചോളം നോവലുകള്‍ ഇതിനകം എഴുതിയിട്ടുള്ള ജാബിറിന്റെ പല കൃതികളും ഫ്രഞ്ച്, ജര്‍മന്‍, പോളിഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്കു നേരത്തെ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷില്‍ അതു വൈകിയാണു സംഭവിച്ചത്. 2010ല്‍ അദ്ദേഹത്തിന്റെ 'അമേരിക്ക' എന്ന നോവല്‍ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരം-കജഅഎന്റെ അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചു. 2012ല്‍ ഠവല ഉൃൗ്വല ീള ആലഹഴൃമറല(ബെല്‍ഗ്രേഡിലെ ദുറൂസികള്‍) എന്ന നോവലിലൂടെ അദ്ദേഹം ആ നേട്ടം സ്വന്തമാക്കുകയും ചെയ്തു. 'അമേരിക്ക' പുരസ്‌കാര പട്ടികയില്‍ എത്തിയതിനുശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ കൂടുതല്‍ അന്താരാഷ്ട്ര വായനക്കാരില്‍ എത്തുന്നത്. കൃതിയുടെ വിവര്‍ത്തകന്‍ കരീം ജെയിംസ് അബു സൈദ് വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഏറ്റവും യോഗ്യനായ അറബ് എഴുത്തുകാരന്‍ എന്നു വിശേഷിപ്പിച്ച റബീ ജാബിറിന്റെ 2008ല്‍ പുറത്തിറങ്ങിയ ചെറു നോവല്‍ 'കണ്‍ഫഷന്‍സ് ' ആഭ്യന്തര യുദ്ധകാലത്തിലൂടെ കടന്നുവന്ന നോവലിസ്റ്റിന്റെ ഉത്കണ്ഠകള്‍ തീക്ഷണമായി ആവിഷ്‌കരിക്കുന്ന കൃതി എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
1975 മുതല്‍ 1990 വരെയുള്ള ആഭ്യന്തര യുദ്ധകാലമാണ് നോവലിന്റെ കഥാകാലം. എന്നാല്‍ ഏലിയാസ് ഖൗറി, അമീന്‍ മഅ്‌ലൂഫ്, റബീഹ് അലാമെദ്ദീന്‍, ഹുദാ ബറകാത്, ഹനാന്‍ അല്‍ ഷേഖ്, റാവി ഹാഗി തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരിലൂടെ മധ്യപൂര്‍വ ദേശ സംഘര്‍ഷങ്ങളില്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ലബനീസ് ആഭ്യന്തരയുദ്ധം ആഖ്യാതാവായ മറൂനിനു സ്വന്തം കഥ ആവിഷ്‌കരിക്കാനുള്ള പശ്ചാത്തലം ആകുന്നതേയുള്ളൂ 'കുമ്പസാരങ്ങ'ളില്‍. കൊച്ചുകുഞ്ഞായിരിക്കെ ഒരു വെടിവയ്പ്പില്‍ മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെടുകയും കൊലയാളി തന്നെ ഏക അതിജീവനക്കാരനായ കുഞ്ഞിനെ സമാനമായ ഒരു ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്വന്തം മകന്റെ പേരു നല്‍കി എടുത്തുവളര്‍ത്തുകയും ചെയ്തതാണ് മറൂനിന്റെ പുരാവൃത്തം. നോവലിന്റെ ആദ്യ വാചകം തന്നെ ഇക്കാര്യം നേരെ ചൊവ്വേ വിവരിച്ചുകൊണ്ടാണ്-''എന്റെ പിതാവ് ആളുകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി വന്നു. എന്റെ സഹോദരന്‍ പറയുന്നത് യുദ്ധകാലത്ത് അദ്ദേഹം അവനറിയാവുന്ന ഒരാളില്‍നിന്ന് അറിയാത്ത ഒരാളായി മാറുന്നത് അവന്‍ കണ്ടു എന്നാണ്. എന്ന് പറഞ്ഞാല്‍ എന്റെ മൂത്ത സഹോദരനെ- എന്റെ ഇളയ സഹോദരനെ ഞാനൊരിക്കലും കണ്ടിട്ടില്ല- ഞാന്‍ ഇളയ സഹോദരന്‍ എന്നു വിളിക്കുന്നു, അവനെന്റെ ഇളയ സഹോദരന്‍ അല്ലെങ്കിലും. അവനെ ഞാന്‍ ഇളയവന്‍ എന്നു വിളിക്കുന്നു, കാരണം അവനെന്നും അതേ പോലെ നിലക്കൊണ്ടു, ഒരിക്കലും വളര്‍ന്നില്ല, കാരണം ഒരു കുട്ടിയായിരിക്കുമ്പോഴേ അവരവനെ കൊന്നുകളഞ്ഞു.''
യുദ്ധമേഖലയില്‍ നഗരത്തെ കിഴക്കന്‍ ബൈറൂത്ത് എന്നും പടിഞ്ഞാറന്‍ ബൈറൂത്ത് എന്നും രണ്ടായിപ്പകുത്തുകൊണ്ട് കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്ന അതിര്‍ത്തിരേഖയ്ക്കു തൊട്ടടുത്ത് കൗമാരം കഴിയേണ്ടി വന്ന അപഹരിക്കപ്പെട്ട കുട്ടിയുടെ ഓര്‍മത്തെറ്റുകളുള്ള ഏറ്റുപറച്ചിലുകള്‍ തീക്ഷണമായി ആവിഷ്‌കരിക്കുന്ന കൃതിയാണ് 'കുമ്പസാരങ്ങള്‍'. പൊതുസ്ഥലങ്ങളെയും വീടുകളെയും ഉള്‍പ്പടെ സാമാന്യ ജനജീവിതത്തെ മുഴുവന്‍ രക്ഷാമാര്‍ഗങ്ങള്‍ അടഞ്ഞുപോയ ഹിംസയുടെ ചാക്രികതയില്‍ കുരുക്കിയിട്ട യുദ്ധാന്തരീക്ഷം അടിയൊഴുക്കായി നോവലില്‍ ഉടനീളം അനുഭവവേദ്യമാണ്. എന്നാല്‍ മിഡിലീസ്റ്റില്‍നിന്നും ആഫ്രിക്കയില്‍നിന്നും എത്തുന്ന സമാന സാഹചര്യങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലുകളില്‍നിന്നു ഭിന്നമായി പ്രകടമായ രാഷ്ട്രീയപരതയോ ഹിംസാത്മകതയുടെ ചിത്രീകരണമോ നോവലില്‍ അധികമില്ല. ഇതിവൃത്ത ഭാഗങ്ങള്‍ എന്നു പറയാവുന്നതത്രയും നോവലിന്റെ തുടക്കത്തിലെ ഇരുപതോളം പേജുകളില്‍ അവതരിപ്പിക്കുന്നുണ്ട് എന്നതു മുഖ്യ കഥാപാത്രത്തിന്റെ സ്വത്വാന്വേഷണമെന്ന മനോവ്യാപാരത്തിലാണ് നോവലിന്റെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.
ഔദ്യോഗികമായി സെക്കുലര്‍ ആണെങ്കിലും മാരോനൈറ്റ് കത്തോലിക്കാ വിഭാഗത്തിനു ശക്തമായ മേല്‍ക്കൈയുള്ള ഫലാംഗിസ്റ്റ് പാര്‍ട്ടിയുടെ സജീവപോരാളിയാണ് മറൂനിന്റെ വളര്‍ത്തുപിതാവ്. ലബനീസ് ആഭ്യന്തരയുദ്ധത്തില്‍ ഫലാംഗിസ്റ്റ് അര്‍ധസൈനിക വിഭാഗം ഒരു പ്രധാന ചേരിയാണ്. നഗരത്തിന്റെ മറുഭാഗത്തുനിന്നുള്ള മറൂനിന്റെ യഥാര്‍ഥ കുടുംബം മുസ്‌ലിംകളാണ് എന്നതു വ്യക്തവുമാണ്. എന്നാല്‍ നോവലിന്റെ ഏറ്റവും ഹൃദ്യമായ ഒരു വശം ഈ മതസംഘര്‍ഷങ്ങളോ അതിന്റെ രാഷ്ട്രീയമോ നോവലിന്റെ വിഷയമേയല്ല എന്നതാണ്. തന്റെ ദുരന്ത ചരിത്രം മനസിലാക്കി വരുമ്പോള്‍ മറൂന്‍ നേരിടുന്ന അസ്ഥിത്വപരമായ സംത്രാസം മുതിര്‍ന്നുവരുമ്പോള്‍ അവനോടൊപ്പം വളരുന്നുണ്ട്. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത്, പിതാവിന്റെ മരണത്തലേന്നാണ് സഹോദരനില്‍നിന്നു തന്റെ യഥാര്‍ഥ കുടുംബത്തിന് എന്താണു സംഭവിച്ചത് എന്ന് മറൂന്‍ അറിയുന്നത്. അവന്‍ ഓര്‍ക്കുന്നതും വിഷമിക്കുന്നതും ഓര്‍മകളുടെ അനിശ്ചിതത്വത്തെ കുറിച്ചാണ്: തന്റെ യഥാര്‍ഥ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല എന്നതാണ് അവനെ വിഷമിപ്പിക്കുന്നത്. ഒരു എന്‍ജിനീയറിങ് സ്ഥാപത്തില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോടടുത്ത പ്രായത്തിലെത്തിയ അവസ്ഥയിലാണ് തന്നെ വീര്‍പ്പുമുട്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെ കഥ മറൂന്‍ എഴുത്തുകാരനായ റബീ എന്നയാളോട് വിവരിക്കുന്നത്.
മരിച്ചുപോയ മകന്റെ പേരിട്ട് തന്നെ വളര്‍ത്തുന്ന കുടുംബത്തില്‍ ഒരര്‍ഥത്തില്‍ താനൊരു അപരസ്വത്വമാണെന്ന് അവനു തോന്നുന്നുണ്ട്; അതും ഒരു പരേതാത്മാവിന്റെ സ്വഭാവമുള്ള ഒന്ന്. ഈ ചിന്തയാണ് തന്റെ ജനകരായ മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും കൊലയാളി നല്‍കിയ സ്വത്വം ഉപേക്ഷിക്കണമെന്ന ചിന്തയായി അവനെ മഥിക്കുന്നത്. വളര്‍ത്തച്ഛനും അമ്മയും മകനായിത്തന്നെയാണു വളര്‍ത്തിയതെങ്കിലും ജൈവധാരയുടെ വിളി അവനെ വിട്ടുപോകുന്നില്ല. ''രണ്ടു പേര്‍ എന്റെ നെഞ്ചില്‍ പോരാടുകയായിരുന്നു, അവരാരെന്ന് എനിക്കറിയില്ലായിരുന്നു, അതെങ്ങനെ അവസാനിക്കുമെന്നും അറിയില്ലായിരുന്നു''- അഞ്ചോ ആറോ വയസുള്ളപ്പോള്‍ പൊയ്‌പ്പോയ സ്വത്വം ഇടറിപ്പോകുന്ന ഓര്‍മകളിലൂടെ കൂട്ടിത്തുന്നിയെടുത്തു പുനരുജ്ജീവിപ്പിക്കുക എന്ന ദുസാധ്യതയുടെ ദുരന്തമാണ് ഇടയ്ക്കിടെ തല വെട്ടിപ്പൊളിക്കുന്ന തലവേദനയായി അവന് അനുഭവപ്പെടുന്നത്.
ഓര്‍മകളിലേക്കും പുരാവൃത്തങ്ങളിലേക്കും ഉള്ളോട്ടുള്ളോട്ടു ചുഴിഞ്ഞിറങ്ങുന്നതിലൂടെ നോവലിലെ പ്രമേയധാരകള്‍ സൂചിതമാകുന്നുണ്ട്: യുദ്ധവും രാഷ്ട്രീയവും; പ്രണയവും രതിയും; കുടുംബബന്ധങ്ങളും നഷ്ടവേദനകളും; ഓര്‍മയും ഭാവനയും; സ്വത്വവും അന്വേഷണവും തുടങ്ങി വലിപ്പം കൊണ്ട് ചെറുതായ നോവലിന്റെ മാനങ്ങള്‍ പക്ഷെ വിസ്തൃതമാണ്. സംഘര്‍ഷ ഭൂമിയിലെ ഒരു നിശ്ചിതത്വവുമില്ലാത്ത അതിരുകള്‍ പോലെ മറൂനിനെ സംബന്ധിച്ച ഒരു കാര്യത്തിലും അയാള്‍ക്കും തീര്‍ച്ചകളില്ല. കുട്ടിക്കാലത്തെ കുറിച്ചുള്ള തന്റെ ഭാവനയില്‍നിന്നു യാഥാര്‍ഥ്യം കണ്ടെടുക്കാനുള്ള തീവ്രശ്രമത്തില്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ട്: ''ഞാനത് ഓര്‍ക്കുകയാണോ അതോ സങ്കല്‍പിക്കുകയോ? എങ്ങനെയാണു വ്യത്യാസം അറിയുക? ഓര്‍മയെന്നത് ഒരു വന്‍ സംഭരണിയാണ്, അതൊരു ആഴമുള്ള കിണറാണ്, അതിന് അടരുകള്‍ക്കുമേല്‍ അടരുകളുണ്ട് - അത് എന്തൊക്കെയാണ് കുഴിച്ചുമൂടുന്നത്, എന്തൊക്കെയാണു ബാക്കിവയ്ക്കുന്നത്?'' വര്‍ത്തുളവും ആവര്‍ത്തനരൂപത്തിലുള്ളതുമായ മറൂനിന്റെ ചിന്തകളെയും അനിശ്ചിതത്വങ്ങളെയും സന്ദേഹങ്ങളെയുമാണ് നോവല്‍ പിന്തുടരുന്നത്. എങ്കിലും 'കഴിവതും ഒരു യുക്തിസഹമായ ചിട്ട പിന്തുടരാനാണ് ' താന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ വിശദീകരിക്കുന്നു. 'കാര്യങ്ങളുടെ ചിട്ടയില്‍ ഒരു കൈയടക്കം ഉണ്ടാവേണ്ടതു പ്രധാനമാണ്.
ജീവിതകഥ പകര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന അതേ ചഞ്ചലചിത്തത തന്നെയാണു പ്രണയത്തിലും അയാള്‍ അഭിമുഖീകരിക്കുക: ''ഞങ്ങള്‍ പ്രണയത്തിലായി, എന്റെ മനസ് വന്യമായി ഓടുകയായിരുന്നു, പദ്ധതികള്‍ തയാറാക്കുകയായിരുന്നു, വീണ്ടും കുറെയേറെ വന്യമായി ഓടുകയായിരുന്നപ്പോഴാണ് അവള്‍ എന്നോടു പറഞ്ഞത്... അവള്‍ക്കിനിയും എന്നെ കാണാനാവില്ല എന്ന്.'' തന്റെ യഥാര്‍ഥ കുടുംബത്തെ ഇല്ലാതാക്കിയ പിതാവിനോട് അയാള്‍ക്കു ദേഷ്യമില്ല, എന്നാല്‍ അനുതാപവുമില്ല. ഓര്‍മകള്‍ അയാളെ എവിടെയും എത്തിക്കുന്നില്ല, എന്നാല്‍ ഓര്‍മകളിലല്ലാതെ അയാള്‍ക്കു മുങ്ങിത്തപ്പാനുമില്ല. മറൂനിന്റെ സ്വരത്തില്‍ ഉടനീളം ദീര്‍ഘകാലം നിശബ്ദനായി ഇരുന്നതിന്റെ കടം വീട്ടാനെന്നോണമുള്ള, ഇനിയേതായാലും പറയാതെ വയ്യെന്ന മട്ടിലുള്ള ഒരു ധൃതിയുണ്ടെന്നു കാണാം. അയാള്‍ വിദ്യാസമ്പന്നനും വാചാലനും ശ്വാസം വിടാനാകാത്ത വിധം ധൃതിയുള്ളവനുമാണ് എന്നത് നോവലിന്റെ ആന്തരികമായ ഐറണിയെ സൂചിപ്പിക്കുന്നുണ്ട്: ഒരു വശത്ത് അതിവാചാലനായ ആഖ്യാതാവിന്റെ ചടുലതയ്ക്കു മുന്നില്‍ പ്രധാനമായ ചില ചോദ്യങ്ങള്‍ മുങ്ങിപ്പോവുന്നു: അയാള്‍ ശരിക്കും തന്റെ വളര്‍ത്തു പിതാവിനെ കുറ്റപ്പെടുത്തുന്നുണ്ടോ? തന്റെ സഹോദരങ്ങളെ? തന്റെ അമ്മയെ? ആ നിലക്ക് നോവലിന്റെ പ്രക്ഷേപിതമാനങ്ങള്‍ ആഖ്യാനത്തിന് ഉള്‍കൊള്ളാന്‍ കഴിയാതെ പോയതാവാം എന്നു വരാം. എന്നാല്‍ ഒരു പക്ഷെ അതു തന്നെയാണ് നോവലിന്റെ ശക്തിയും: കുറ്റപ്പെടുത്തലുകള്‍ക്ക്, വിധികല്‍പ്പിക്കലിന് എന്തു പ്രസക്തിയാണുള്ളത് എന്നുമാവാം നോവല്‍ മുന്നോട്ടുവയ്ക്കുന്ന തുറന്ന അറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."