പുസ്തകോത്സവം;ഉത്സവ പ്രതീതിയില്‍ മാനവീയം വീഥി
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ മാനവീയം വീഥിയില്‍ നടക്കുന്ന പുസ്തകോത്സവം കാണാന്‍ വന്‍ജനത്തിരക്ക്. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് മേള സന്ദര്‍ശിക്കാനെത്തുന്നത്. രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഒമ്പത് മുതല്‍ പുസ്തക സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ ആരംഭിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കഫേ, തത്സമയ പുസ്തക പ്രകാശന സ്റ്റാള്‍, സൈക്കിള്‍ പരിശീലന പരിപാടി എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. മേളയിലെത്തിയ നിരവധി വനിതകള്‍ക്ക് സൈക്കിള്‍ പരിശീലനം നല്‍കി.
മേളയിലെ തത്സമയ പുസ്തകപ്രകാശന കൗണ്ടറിലിരുന്ന് ആര്‍ക്കുവേണമെങ്കിലും സൃഷ്ടികള്‍ രചിക്കാം. കവിതകള്‍, കഥകള്‍, ചിത്രങ്ങള്‍ തുടങ്ങിയ തത്സമയം സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകം മേളയുടെ സമാപനദിനത്തില്‍ പ്രകാശനം ചെയ്യും. പ്രിന്റിങ് ഒഴികെ പുസ്തകം തയാറാക്കുന്ന പ്രവര്‍ത്തികളെല്ലാം ഈ കൗണ്ടറില്‍ തന്നെയാണ് നിര്‍വഹിക്കുക. ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ വൈകുന്നേരം നാലുവരെ ചുമര്‍ ചിത്രരചന, മാജിക് ഷോ, കാരിക്കേച്ചര്‍ എന്നിവ വീഥിയിലെ വിവിധ വേദികളില്‍ അരങ്ങേറി. ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.
വൈകുന്നേരം ആറിന് പ്രധാന വേദിയില്‍ 'കലയും സംസ്‌കാരവും മാധ്യമങ്ങളില്‍' എന്ന വിഷയത്തില്‍ നടന്ന സംവാദം മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗൗരീദാസന്‍ നായര്‍, ഉണ്ണി ബാലകൃഷ്ണന്‍, പി.എം മനോജ്, മാര്‍ക്കോസ് എബ്രഹാം, കെ.പി മോഹനന്‍, രാജീവ് ദേവരാജ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം തിയറ്റര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച 'കാക്ക' എന്ന നാടകവും തിരുവനന്തപുരം സ്വരാഞ്ജലി അവതരിപ്പിച്ച 'ഈണം മലയാളം' എന്ന സംഗീത പരിപാടിയും അരങ്ങേറി. തെരുവു പുസ്തകോത്സവവും സാംസ്‌കാരികോത്സവവും ബുധനാഴ്ച പ്രശസ്ത കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."