മുന്നണിമാറ്റത്തില്‍ പ്രതിഷേധം യഥാര്‍ഥ ജനതാദള്‍ ചേരി രൂപീകരിക്കുമെന്ന് വിമതവിഭാഗം
തിരുവനന്തപുരം: മുന്നണിമാറ്റത്തില്‍ പ്രതിഷേധിച്ച് യഥാര്‍ഥ ജനതാദള്‍ ചേരി രൂപീകരിക്കുമെന്ന് ജെ.ഡി.യു വിമതവിഭാഗം. എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളില്‍ കമ്മിറ്റി രൂപീകരിക്കും. തുടര്‍ന്ന് 26ന് എറണാകുളത്ത് നേതാക്കളുടെ യോഗവും നടക്കും. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ചാണ് വീരേന്ദ്രകുമാര്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചതെന്ന് വിമതവിഭാഗം നേതാക്കള്‍ പറഞ്ഞു. മുന്നണിമാറ്റം പോലെ സുപ്രധാന തീരുമാനം എടുക്കുന്നതിനു മുന്‍പ് ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്ത് അഭിപ്രായം തേടണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും വീരേന്ദ്രകുമാര്‍ ഈ ആവശ്യം തള്ളുകയായിരുന്നു. ഈ മാസം വിളിച്ചുചേര്‍ത്ത സ്റ്റേറ്റ് കൗണ്‍സിലിലും സ്റ്റേറ്റ് കമ്മിറ്റിയിലും മുന്നണിമാറ്റം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചു കൊണ്ട് വീരേന്ദ്രകുമാര്‍ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയായിരുന്നു. വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വവും, മകന്‍ ശ്രേയാംസ്‌കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടിയെടുക്കാനുള്ള തന്ത്രമാണിതെന്ന് വിമത വിഭാഗം ആരോപിച്ചു.
സംസ്ഥാനത്തെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണ്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും മുന്നണിമാറ്റത്തിലെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ അംഗത്വം സംരക്ഷിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് വീരേന്ദ്രകുമാര്‍. വിപ്പ് കൊടുക്കാനുള്ള അധികാരവുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു അഖിലേന്ത്യാ പ്രസിഡന്റായ നിതീഷ്‌കുമാറിന്റെ നിര്‍ദേശം പാലിക്കുക മാത്രമാണ് വീരേന്ദ്രകുമാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ആ അധികാരം തുടര്‍ന്നും പ്രയോഗിക്കാന്‍ അവകാശമില്ല. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാര്‍ പരിഹാസ്യനാകുമെന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും നിലവിലെ സാഹചര്യം യു.ഡി.എഫ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വിമതവിഭാഗം പ്രതിനിധികളായ ജോണ്‍ ജോണ്‍, അഡ്വ. വി.എസ് സന്തോഷ്, അഡ്വ. ഷഹീദ് അഹമ്മദ്, പ്രൊഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."